ഇരിട്ടി പുതിയ ബസ് സ്റ്റാൻഡ് വികസനം വഴിമുട്ടി
ഇരിട്ടി : ഗ്രാമഭരണത്തിൽനിന്നും ഇരിട്ടി നഗരസഭയുടെ ഭരണത്തിക്ക് മാറിയെങ്കിലും നഗരത്തിലെ പുതിയ ബസ് സ്റ്റാൻഡ് ഇന്നും ശൈശവാവസ്ഥയിലാണ്. മലയോരത്തെ പ്രധാന നഗരമെന്ന നിലയിലുള്ള ഒരു മാറ്റവും രൂപത്തിലും ഭാവത്തിലും ഇരിട്ടി ബസ് സ്റ്റാൻഡിനില്ല. അടിസ്ഥാനസൗകര്യങ്ങളില്ലാതെ വീർപ്പുമുട്ടുകയാണ് സ്റ്റാൻഡും പരിസരവും. സ്റ്റാൻഡിന് ഉൾക്കൊള്ളാൻ കഴിയാത്ത എണ്ണം ബസുകളാണ് സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്നത്. സ്റ്റാൻഡിൽ ദിവസേന 160-ലധികം ബസുകളാണ് എത്തുന്നത്. ദീർഘദൂര സർവീസുകൾ മുതൽ ഗ്രാമീണമേഖലയ്ക്ക് സർവീസ് നടത്തുന്ന ബസുകൾവരെ പുതിയ സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്നതിനാൽ ബസുകളെ ഉൾക്കൊള്ളാൻ പ്രയാസം നേരിടുകയാണ്.
നേരത്തെ സ്റ്റാൻഡിൽനിന്ന് പുറപ്പെടുന്നതിന് 15 മിനിട്ടിൽ കൂടുതൽ ഇടവേളയുള്ള സർവീസുകൾ നടത്തുന്ന ബസുകൾ മറ്റ് സ്ഥലങ്ങളിൽ പാർക്ക് ചെയ്ത് സമയമാകുമ്പോൾ മാത്രമാണ് ബസ് സ്റ്റാൻഡിലേക്ക് എത്തിയിരുന്നത്. ഇപ്പോൾ ചില ബസുകൾ മണിക്കൂറുകളോളം സ്റ്റാൻഡിൽ തന്നെ നിർത്തിയിടുന്നതും വലിയ പ്രയാസം ഉണ്ടാക്കുന്നു. ഇതുമൂലം ദീർഘദൂര സർവീസുകൾ ഉൾപ്പെടെയുള്ള ബസുകൾക്ക് സ്റ്റാൻഡിൽ പ്രവേശിക്കാനും പുറത്തുകടക്കാനും ബുദ്ധിമുട്ട് നേരിടുന്നു. വൺവേ റോഡിൽ പോലും ബസുകൾ കുടുങ്ങിക്കിടക്കുന്ന സാഹചര്യമാണ്. യാത്രക്കാർക്കും ബസ് ജീവനക്കാർക്കും ഇത് വലിയ അസൗകര്യമുണ്ടാക്കുന്നതായും പരാതിയുണ്ട്. ചിലപ്പോൾ സ്റ്റാൻഡിൽ എത്തി പെട്ടെന്ന് തിരിച്ചുപോകേണ്ട ബസിലെ ജീവനക്കാർക്ക് വെള്ളം കുടിക്കാൻ പോലും സമയം ലഭിക്കുന്നില്ലെന്ന പരാതിയും ഉണ്ട്.
സ്റ്റാൻഡ് വിപുലീകരണംഅനിവാര്യം
കാലത്തിനൊത്ത ബസ് സ്റ്റാൻഡും മറ്റ് അടിസ്ഥാനസൗകര്യങ്ങളും യാത്രക്കാർക്ക് ലഭ്യമാക്കുന്നതിനുള്ള നടപടിയുണ്ടാകുന്നില്ല. സ്റ്റാൻഡിലെ പൊതുശൗചാലയം പോലും പലപ്പോഴും ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിലാണ്. നഗരസഭയുടെ തനത് ഫണ്ടും മറ്റ് വികസന ഏജൻസികളിൽനിന്നുള്ള ഫണ്ടും പ്രയോജനപ്പെടുത്തി സ്റ്റാൻഡ് വിപുലീകരണം പ്രധാന അജൻഡയായി മാറണം. ബസ് സ്റ്റാൻഡിന് സമീപമുള്ള ഒഴിഞ്ഞ സ്ഥലം പ്രയോജനപ്പെടുത്തിയുള്ള വികസനമോ മറ്റൊരു സ്ഥലം കണ്ടെത്തി വിപുലമായ സൗകര്യമോ ഒരുക്കണം. ദീർഘസമയം പാർക്ക് ചെയ്യേണ്ട ബസുകൾക്കായി മറ്റൊരു സൗകര്യം കണ്ടെത്തിയാൽ തന്നെ നിലവിലെ തിരക്ക് ഗണ്യമായി കുറയ്ക്കാൻ സാധിക്കുമെന്ന് ബസ് ജീവനക്കാരും യാത്രക്കാരും അഭിപ്രായപ്പെടുന്നു.
