‘സ്‌കൂൾ ബാഗിനും പുസ്തകത്തിനും ചീത്ത മണമാണ്, എങ്ങനെ പഠിക്കാൻ പോകും?’: ദുരിതത്തിലായി 65 കുട്ടികൾ

Share our post

തോപ്പുംപടി: ‘മഴ പെയ്താൽ മുകൾ നിലയിലെ ശൗചാലയത്തിൽനിന്നുള്ള മലിനവെള്ളവും മഴവെള്ളവുംചേർന്ന് താഴേക്ക് ഒഴുകിവരും. അതെല്ലാം മുറിക്കകത്ത് പരന്നൊഴുകും. സ്‌കൂൾ ബാഗിനും പുസ്തകത്തിനും ഉടുപ്പിനുമൊക്കെ ചീത്ത മണമാണ്. അതുമായി സ്‌കൂളിൽ പോകാനാകില്ല’ -കൊച്ചി മുണ്ടംവേലിയിലെ പി.ആൻഡ്.ടി. കോളനി ഫ്ളാറ്റിൽ താമസിക്കുന്ന കുട്ടി പറയുന്നു. 65-ഓളം കുട്ടികൾ കുടുംബത്തോടൊപ്പം ഈ ഫ്ളാറ്റിൽ താമസിക്കുന്നുണ്ട്. മിക്കവരും കുറെ ദിവസങ്ങളായി പഠിക്കാൻ പോകുന്നില്ല. സ്‌കൂൾ ബാഗിലേക്കും പുസ്തകങ്ങളിലേക്കും യൂണിഫോമിലേക്കും പരന്നൊഴുകിയ ദുർഗന്ധം നിറഞ്ഞ വെള്ളം അവരുടെ മനസ്സ് മടുപ്പിച്ചിരിക്കുന്നു.

ചീത്ത മണവുമായി കൂട്ടുകാർക്കൊപ്പം ക്ലാസിലിരിക്കാൻ അവർക്ക് കഴിയുന്നില്ല. ‘ഞങ്ങൾ അടുത്ത് ചെല്ലുമ്പോൾതന്നെ മറ്റ് കുട്ടികൾ ഒഴിഞ്ഞുമാറുന്നു. ഈ നാറ്റം അവർക്ക് ബുദ്ധിമുട്ടാണ്. ഞങ്ങളുടെ കാര്യം പോകട്ടെ, അവർക്കെങ്കിലും പഠിക്കണ്ടേ…’ -എട്ടാം ക്ലാസുകാരനായ വിദ്യാർഥി പറയുന്നു. ചോർന്നൊലിക്കുന്ന കെട്ടിടത്തിൽ ഒഴുകിപ്പടരുന്ന വെള്ളവും അതിന്റെ ചീഞ്ഞ നാറ്റവും കുറെയധികം കുട്ടികളുടെ ഭാവിതന്നെ തകർക്കുകയാണ്. എറണാകുളത്ത് പി.ആൻഡ്.ടി. കോളനിയിൽ കഴിഞ്ഞിരുന്ന 78 കുടുംബങ്ങൾക്ക് വേണ്ടി ജി.സി.ഡി.എ.യുടെ നേതൃത്വത്തിൽ മുണ്ടംവേലിയിൽ പണിത കെട്ടിടത്തിലാണ് ഈ കുട്ടികൾ അവരുടെ കുടുംബങ്ങൾക്കൊപ്പം താമസിക്കുന്നത്.

ദുരിതം പെയ്തിറങ്ങുകയാണ്.

രണ്ട് വർഷം മുൻപ് ഇവർ ഇവിടെ താമസം തുടങ്ങിയപ്പോൾമുതൽ അവിടെ ദുരിതം പെയ്തിറങ്ങുകയാണ്. നേരത്തേ പി.ആൻഡ്.ടി. കോളനിയിൽ അഴുക്കുചാലിനോട് മല്ലിട്ടായിരുന്നു ഇവരുടെ ജീവിതം. ‘ഒരു ആയുസ്സിൽ അനുഭവിക്കാനുള്ള ദുരിതങ്ങളെല്ലാം അനുഭവിച്ചവരാണ് ഞങ്ങൾ.

അവിടെനിന്ന് വലിയ പ്രതീക്ഷകളോടെയാണ് ഈ ഫ്ളാറ്റിലേക്ക് വന്നത്. ഇപ്പോൾ ദുരിതം കൂടി. ഞങ്ങളുടെ കുട്ടികൾക്ക് സ്‌കൂളിൽ പോകാൻ പോലും കഴിയുന്നില്ല’ -ഫ്ളാറ്റ് നിവാസിയായ മേരി പറയുന്നു. വേനൽക്കാലത്തും മുകൾ നിലയിലെ ശൗചാലയത്തിൽനിന്നുള്ള മാലിന്യം താഴെയുള്ള മുറികളിലേക്കൊഴുകും. ‘ഒന്നും വേണ്ട, ഞങ്ങളുടെ കുട്ടികൾക്ക് സ്‌കൂളിൽ പോകാൻ വഴിയുണ്ടാകണം. അവർ വീടിനകത്ത് ഇരിക്കുമ്പോഴും ഞങ്ങൾക്ക് പേടിയാണ്. വലിയ വണ്ടി പോകുമ്പോൾ പോലും ഈ കെട്ടിടം കുലുങ്ങുന്നുണ്ട്’ -ഫ്ളാറ്റിൽ താമസിക്കുന്ന ശാന്ത പറയുന്നു. കുട്ടികൾ വരാത്തതിന്റെ കാരണമന്വേഷിച്ച് സ്‌കൂളുകളിൽനിന്ന് അധ്യാപകർ ഫ്ളാറ്റിലെത്തിയിരുന്നു. തുടർച്ചയായി ക്ലാസിൽ വന്നില്ലെങ്കിൽ പ്രശ്‌നമാകുമെന്ന് അവർ അറിയിച്ചു. ‘

ഞാൻ സ്‌കൂളിൽ പോയി. കുട്ടികൾ അനുഭവിക്കുന്ന വേദന അവരോട് പറഞ്ഞു മനസ്സിലാക്കി.കുട്ടികളെ എങ്ങനെയെങ്കിലും സ്‌കൂളിൽ എത്തിക്കാനുള്ള വഴി തേടുകയാണിപ്പോൾ’ -ഫ്ളാറ്റ് അസോസിയേഷൻ പ്രസിഡന്റുകൂടിയായ പൊതുപ്രവർത്തകൻ അഭിലാഷ് പരമേശ്വരൻ പറയുന്നു.അറ്റകുറ്റപ്പണികൾക്ക് ചെലവായ തുകകൂടി കൂട്ടിയാൽ 24 കോടി രൂപ ചെലവിൽ നിർമിച്ച കെട്ടിടമാണിത്. പൊതുഖജനാവ് ചോർന്നതല്ലാതെ കോളനിക്കാർക്ക് പ്രയോജനപ്പെട്ടില്ല. ഈ കെട്ടിടത്തിൽ താമസിക്കേണ്ടിവരുന്നതിനാൽ, ഈ കുട്ടികളുടെ ഭാവിയും ഇരുളടയുകയാണ്.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!