തില്ലങ്കേരിയിലെ നഴ്സിംഗ് വിദ്യാർഥിനിയുടെ ആത്മഹത്യ: പോലീസ് അന്വേഷണം പക്ഷപാതപരമെന്ന്
ഇരിട്ടി: തില്ലങ്കേരി കാഞ്ഞിരാട്ടെ നഴ്സിംഗ് വിദ്യാർഥിനി കീർത്തനയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട ദുരൂഹത നീക്കുന്നതിൽ പോലിസ് നടത്തുന്ന അന്വേഷണം പക്ഷപാതപരമാകുന്നതായി യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു. പ്ലസ്ടു പഠന കാലം മുതൽ മകളുമായി സൗഹൃദം പുലർത്തിയ യുവാവാണ് മകളെ മരണത്തിലേക്ക് തള്ളിവിട്ടതെന്ന് കാണിച്ച് നൽകിയ പരാതിയിൽ അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതായി കീർത്തനയുടെ മാതാപിതാക്കളായ തില്ലങ്കേരി കാഞ്ഞിരാട്ടെ സങ്കീർത്തന നിവാസിൽ കെ. ലിനയും ജിഷി കുമാറും പത്ര സമ്മേളനത്തിൽ ആരോപിച്ചു.
മകൾ ആത്മഹത്യ ചെയ്ത് മൂന്നുമാസം കഴിഞ്ഞിട്ടും അന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. മകൾ മംഗളൂരുവിൽ ഫിസിയോതെറാപ്പിക്ക് പഠിക്കുന്ന കാലത്തും യുവാവ് പലതവണ മകളെ കണ്ണൂരിലേക്ക് വിളിച്ചുവരുത്തുകയും ഒന്നിച്ച് താമസിക്കുകയും ചെയ്തിരുന്നു. തുടർന്ന് മകൾ ഗർഭിണിയാവുകയും മരുന്ന് കഴിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു.
യുവാവിന്റെ പ്രവൃത്തിയിൽ മനംനൊന്ത് ഒരിക്കൽ മട്ടന്നൂരിൽ നിന്ന് മകൾ കൈഞരമ്പുകൾ മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. യുവാവിന്റെ ചെയ്തികൾ അദ്ദേഹത്തിന്റെ പിതാവിനോട് നിരവധി തവണ പരാതിപ്പെട്ടിരുന്നു. ഇതേത്തുടർന്ന് ഇയാൾ പലതവണ മകളെ ഫോണിൽ വിളിക്കുകയും മോശമായ ഭാഷയിൽ സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ആത്മഹത്യയ്ക്ക് ശേഷം മകളുടെ ഫോണിൽ നിന്ന് ലഭിച്ച വാട്സ് ആപ്പ് ചാറ്റുകളും ഫോട്ടോകളുമാണ് മകൾ മാനസിക പീഡനത്തിനിരയായ കാര്യവും യുവാവുമായുള്ള ബന്ധവും ഞങ്ങൾ അറിയുന്നത്.
പോലീസ് സേനയിൽ വലിയ പദവിയിലിരിക്കുന്ന മട്ടന്നൂർ കല്ലൂർ സ്വദേശിയായ യുവാവിന്റെ പിതാവാണ് കേസുകൾ ഇല്ലാതാക്കാൻ ശ്രമിക്കുന്നത്. ജില്ലാ റൂറൽ പോലീസ് മേധാവിക്കും പരാതി നൽകിയിരുന്നു. പോലീസ് അസോസിയേഷനിൽ ഉന്നത സ്വാധീനമുള്ളയാളായതിനാലാണ് കേസന്വേഷണം ഇഴഞ്ഞു നീങ്ങുന്നതെന്ന് രക്ഷിതാക്കൾ ആരോപിച്ചു. അന്വേഷണം കാര്യക്ഷമമാക്കാൻ മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി എന്നിവർക്ക് പരാതി നൽകുമെന്നും ഇവർ അറിയിച്ചു.
