എടവപ്പാതി; നാളെ ഓറഞ്ച് മുന്നറിയിപ്പ്‌

Share our post

കണ്ണൂർ : കാലവർഷം വ്യാഴാഴ്ച തുടങ്ങുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ ജില്ലയിൽ കനത്ത മഴ പെയ്യുമെന്ന് മുന്നറിയിപ്പ്. വെള്ളിയാഴ്ച മുതൽ മൂന്നുദിവസത്തേക്ക് കേന്ദ്ര കാലാവസ്ഥാവകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കയാണ്. വടക്ക് കിഴക്കൻ അറബിക്കടലിന് മുകളിൽ പടിഞ്ഞാറൻതീരത്തോട് ചേർന്ന് ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് കരുതുന്നത്. അതിനാൽ, ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മി.മീറ്റർ മുതൽ 204.4 മി.മീ. വരെ മഴ ലഭിക്കാം. ഇടിമിന്നലോട്‌ കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കണ്ണൂരിൽ വിവിധയിടങ്ങളിൽ ബുധനാഴ്ച ഉച്ചയോടെ ശക്തമായ മഴ പെയ്തു.

കനത്ത മഴ പ്രവചിക്കപ്പെട്ട സാഹചര്യത്തിൽ ദുരന്തനിവാരണ അതോറിറ്റി പൊതുജനങ്ങൾക്ക് ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്.

* ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറിത്താമസിക്കണം.

* നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്‌പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവർ അപകടസാധ്യത മുൻകൂട്ടിക്കണ്ട് അധികൃതരുടെ നിർദേശാനുസരണം മാറിത്താമസിക്കണം.

* ദുരന്തസാധ്യതാപ്രദേശങ്ങളിൽ താമസിക്കുന്നവർ തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകൾ തുറന്നു എന്നുറപ്പാക്കി പകൽസമയത്ത് തന്നെ മാറിത്താമസിക്കേണ്ടതാണ്. ഇതിനായി തദ്ദേശസ്ഥാപന, റവന്യൂ അധികാരികളുമായി ബന്ധപ്പെടാം.

* ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കണം. അപകടാവസ്ഥ മുന്നിൽക്കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറിത്താമസിക്കണം. കാറ്റിൽ മരങ്ങൾ കടപുഴകിയും പോസ്റ്റുകൾ തകർന്നും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്.

* ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫി എടുക്കുകയോ കൂട്ടംകൂടി നിൽക്കുകയോ ചെയ്യരുത്.

* മഴ ശക്തമാകുന്ന വേളയിൽ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോരമേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദയാത്രകൾ മഴ മുന്നറിയിപ്പ് മാറുന്നത് വരെ പൂർണമായി ഒഴിവാക്കേണ്ടതാണ്.

* ജലാശയങ്ങളോട് ചേർന്ന റോഡുകളിലൂടെയുള്ള യാത്രകളിലും അറ്റകുറ്റപ്പണികൾ നടക്കുന്ന റോഡുകളിലും ജാഗ്രത പാലിക്കുക. അതിശക്തമായ മഴയുണ്ടാകുന്ന സാഹചര്യത്തിൽ റോഡപകടങ്ങൾ വർധിക്കാനുള്ള സാധ്യത മുന്നിൽക്കാണണം. ജലാശയങ്ങൾ കരകവിഞ്ഞ് ഒഴുകുന്നയിടങ്ങളിൽ വാഹനം ഓടിക്കരുത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!