ആറളം ഫാം; വന്യജീവി പ്രശ്നത്തിന് യുദ്ധകാലാടിസ്ഥാനത്തിൽ നടപടി
തിരുവനന്തപുരം: ആറളം ഫാമിലെ വന്യജീവി ആക്രമണങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുമെന്ന് വനം മന്ത്രി ഷിബു ബേബി ജോൺ ഉന്നതതല യോഗത്തിൽ അറിയിച്ചു. ഫാമിലെ ആനശല്യവും വന്യജീവി ആക്രമണങ്ങളും ജനജീവിതം ദുസ്സഹമാക്കുന്ന പശ്ചാത്തലത്തിലാണ് വിവിധ വകുപ്പ് മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ച് അടിയന്തര യോഗം ചേർന്നത്. സോളാർ ഫെൻസിംഗിന്റെ അറ്റകുറ്റപ്പണികൾ കൃത്യമായി നടത്തി വോൾട്ടേജ് പ്രതിസന്ധി പരിഹരിക്കും. അപകടകരമായ മേഖലകളിൽ താമസിക്കുന്ന കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റും. വന്യമൃഗങ്ങൾ ഒളിച്ചിരിക്കുന്നത് തടയാൻ കാടുകയറിക്കിടക്കുന്ന ഭാഗങ്ങളിലെ അടിക്കാടുകൾ അടിയന്തരമായി വെട്ടിമാറ്റും.
കാട്ടിലേക്ക് തിരികെ കയറ്റിവിട്ട ആനകൾ ജനവാസ മേഖലയിലേക്ക് വരാതിരിക്കാൻ സുരക്ഷാ സംവിധാനം കൂടുതൽ ശക്തമാക്കും. തീരുമാനങ്ങൾ സമയബന്ധിതമായി നടപ്പിലാക്കുന്നുവെന്ന് കണ്ണൂർ കളക്ടർ ആഴ്ചതോറും വിലയിരുത്തും. മന്ത്രിമാരായ അഡ്വ. സണ്ണി ജോസഫ്, എ.പി. അനിൽകുമാർ, കെ.എ. തുളസി, മോൻസ് ജോസഫ്, വകുപ്പ് സെക്രട്ടറിമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
