എൻഒസി ഇല്ലാതെ കണ്ണൂർ ജില്ലാ ആശുപത്രി സ്പെഷാലിറ്റി ബ്ലോക്ക്; വെള്ളത്തിനും തടസം
കണ്ണൂർ: തദ്ദേശ സ്ഥാപനങ്ങളുടെ കടമ ജനകീയ പ്രശ്നങ്ങളിൽ ഇടപെട്ട് അവർക്കുവേണ്ടി നിലകൊ ള്ളുക എന്നതാണ്. ആർക്കും അക്കാര്യത്തിൽ രണ്ടഭിപ്രായം ഉണ്ടാകാനും തരമില്ല. കണ്ണൂർ ജില്ലാ പഞ്ചായത്തിന് കീഴിലുള്ള ജില്ലാ ആശുപത്രി സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിൽ ശുദ്ധജലം ലഭ്യമാക്കു ന്നതിൽ കോർപറേഷൻ അനുമതി നല്കാത്തതാണ് ഇപ്പോൾ തദ്ദേശ സ്ഥാപനങ്ങൾ തമ്മിലുള്ള പോരിന് വഴിവച്ചത്.
പരസ്പരം സംസാരിച്ച് സൗഹാർദപരമായി പ്രശ്നം പറഞ്ഞ് പരിഹരിക്കുന്നതിനു പകരം ചേട്ടൻ ബാവ, അനിയൻബാവ കളിയിൽ കാര്യങ്ങൾ കൈവിട്ടു പോവുകയാണോ എന്ന ആശങ്കയിലാണ് രോഗികൾ. പോരായ്മയുണ്ടായി എന്നത് നേരാണ്. എന്നാൽ അതിന്റെ പേരിൽ കുറ്റം പറഞ്ഞ് സമയം പാഴാക്കുന്നതിനു പകരം പരസ്പരം സംസാരിച്ച് ജനങ്ങൾക്കു വേണ്ടി മുന്നോട്ടു കൊണ്ടു പോകുന്നതിനുള്ള ശ്രമമാണ് ഭരണാധികാരികളിൽ നിന്നും ഉണ്ടാകേണ്ടത്.
കോർപറേഷൻ അനുമതി നല്കാത്ത കാര്യം കഴിഞ്ഞ ജില്ലാ പഞ്ചായത്ത് യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ തന്നെ വെളിപ്പെടുത്തുകയും ചെയ്തു. കോർപറേഷൻ– ജില്ലാ പഞ്ചായത്ത് പോര് ഉടലെടുത്തതോടെ പുതിയ സ്പെഷാലിറ്റി ബ്ലോക്ക് തുറന്നതിന്റെ ഗുണം രോഗികൾക്ക് ലഭ്യമാകാത്ത സ്ഥിതിയാണ്.
വെള്ളത്തിലായി എൻഒസി
ശുദ്ധജലം ലഭ്യമാകാത്തതിനാൽ കെട്ടിടത്തിന് അഗ്നിരക്ഷാസേനയുടെ നിരാക്ഷേപ പത്രം (എൻഒസി) ലഭ്യമായിട്ടില്ല. 2025 ഓഗസ്റ്റ് 11ന് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനാണ് ജില്ലാ ആശുപത്രി സൂപ്പർ സ്പെഷാലിറ്റി ബ്ലോക്ക് ഉദ്ഘാടനം ചെയ്തത്. അഗ്നിരക്ഷാസേനയുടെ എൻഒസിയും ബ്ലോക്കിലേക്കുള്ള ശുദ്ധജലവും ലഭ്യമാക്കാതെയായിരുന്നു കെട്ടിടം തുറന്നത്. ഉദ്ഘാടനം കഴിഞ്ഞ് 10 മാസമായിട്ടും ശുദ്ധജലത്തിനുള്ള കണക്ഷൻ ലഭിച്ചില്ല.
വെള്ളത്തിന്റെ കണക്ഷൻ ഉണ്ടെങ്കിലേ അഗ്നിരക്ഷാസേനയിൽ നിന്നുള്ള എൻഒസി ലഭിക്കൂ. വെള്ള ത്തിന്റെ കണക്ഷനായി ജില്ലാ പഞ്ചായത്ത് വാട്ടർ അഥോറിറ്റിയിൽ തുക അടച്ചിട്ട് മാസങ്ങളായി. എന്നാൽ, ആശുപത്രിയിൽ കുടിവെള്ളം എത്തിച്ച് സൂക്ഷിക്കുന്ന തിനുള്ള സംവിധാനം ജില്ലാ പഞ്ചായത്ത് ഒരുക്കിയിട്ടില്ല എന്നത് വസ്തുതയാണ്.
കോർപറേഷൻ പരിധിയിലെ ജനങ്ങൾക്ക് കുടിവെള്ളം ലഭ്യമാക്കാനായി എസ്എൻ പാർക്കിന് സമീപം കോർപറേഷൻ തയാറാക്കിയ വാട്ടർ ടാങ്കിൽ നിന്നുള്ള വെള്ളമാണ് ആശുപത്രിയിൽ എത്തിക്കേണ്ടത്. ഇതിന് കോർപറേഷൻ പരിധിയിലെ റോഡ് കീറി പൈപ്പിടേണ്ടതുണ്ട്. ഇതിനുള്ള അനുമതിയാണ് കോർപറേഷൻ നൽകാത്തതെന്നാണ് ജില്ലാ പഞ്ചായത്തിന്റെ ആരോപണം. പിഡബ്ല്യൂഡിയുടെ അനുമതി നേരത്തെ തന്നെ ലഭിച്ചു. കന്റോൺമെന്റിന്റെ അനുമതി ഔദ്യോഗിക മായി ഇതുവരെ ലഭിച്ചിട്ടില്ലെങ്കിലും വാക്കാൽ സമ്മതിച്ചു എന്നാണ് ജില്ലാ പഞ്ചായത്ത് അധികൃതരുടെ വാദം. കോർപറേഷൻ സെക്രട്ടറിയെയും മേയറെയെയും കണ്ട് കാര്യങ്ങൾ ബോധ്യപ്പെ ടുത്തിയിട്ടും പൈപ്പിടാൻ അനുമതി തരുന്നില്ലെന്ന് ജില്ലാ പഞ്ചായത്ത് അധികൃതർ പറയുന്നു. എന്നാൽ മെക്കാഡം ടാറിംഗ് നടത്തിയ റോഡ് ഈ മഴക്കാലത്ത് പൊളിച്ചാൽ കുടിവെള്ളം മാത്രമല്ല, ഗതാഗതവും മുട്ടുന്ന സാഹചര്യമാണ് ഉണ്ടാവുക എന്നാണ് കോർപറേഷൻ അധികൃതർ പറയുന്നത്.
അഞ്ച് നിലകളുള്ള സ്പെ ഷാലിറ്റിയിൽ കാർഡിയോളജി, നെഫ്രോളജി, ഓങ്കോളജി ഒപികളും മൂന്ന് ഓപ്പറേഷൻ തിയറ്റർ, പോസ്റ്റ് ഓപ്പറേറ്റീവ് വാർഡ്, മെഡിക്കൽ ഐസിയുകൾ, സർജിക്കൽ ഐസിയുകൾ, ഡയാലിസിസ് യൂണിറ്റ്, 23 എക്സിക്യൂട്ടീവ് പേ വാർഡുകൾ എന്നിവയാണുള്ളത്.
