കെഎസ്ആർടിസിയുടെ പരിഷ്കാരം പാളി, വരുമാനം കുത്തനെ ഇടിഞ്ഞു; കണ്ണൂർ പ്രീമിയം സർവീസ്, സൂപ്പർ ഫാസ്റ്റായി മാറ്റുന്നു

Share our post

ചങ്ങനാശേരി : പരിഷ്കാരം പാളി, പഴയ മാർഗത്തിലൂടെ കണ്ണൂർ സർവീസിനെ രക്ഷപ്പെടുത്താൻ കെഎസ്ആർടിസി. ചങ്ങനാശേരി ഡിപ്പോയിൽ നിന്നുള്ള കണ്ണൂർ പ്രീമിയം സർവീസ്, സൂപ്പർ ഫാസ്റ്റായി മാറ്റുന്നു. വരുമാനം കുത്തനെ ഇടിഞ്ഞതിനെ തുടർന്നാണ് പ്രീമിയത്തിൽ നിന്നു സൂപ്പർ ഫാസ്റ്റിലേക്കുള്ള മാറ്റം. മുൻപ് സൂപ്പർ ഫാസ്റ്റായിരുന്ന സർവീസ് അടുത്തയിടെയാണ് പ്രീമിയമായി ഉയർത്തിയത്. എന്നാൽ പ്രതീക്ഷിച്ച വരുമാനമുണ്ടായില്ല. സൂപ്പർ ഫാസറ്റായിരുന്നപ്പോൾ ഒരു കിലോമീറ്ററിൽ 37–42 രൂപ വരെ വരുമാനമുണ്ടായിരുന്നത് 22 – 24 രൂപ മാത്രമായി കുറഞ്ഞു. പ്രീമിയത്തിലേക്കു മാറിയതോടെ സ്റ്റോപ്പുകളുടെ എണ്ണം കുറഞ്ഞതിനാൽ യാത്രക്കാരെ നഷ്ടപ്പെട്ടതാണു കാരണം. 

ടിക്കറ്റ് നിരക്കിലെ വർധനയും തിരിച്ചടിയായി. ഒരു കിലോമീറ്ററിനു 40 രൂപയിൽ താഴെ വരുമാനമുള്ള സർവീസുകൾ വെട്ടിച്ചുരുക്കാനും നിർത്തലാക്കാനുമുള്ള തീരുമാനം നടപ്പാക്കാൻ തുടങ്ങിയതോടെ ചങ്ങനാശേരിയിൽ നിന്നുള്ള കണ്ണൂർ സർവീസിനും പൂട്ടുവീഴുമെന്ന സ്ഥിതിയായി. ഇതിനു പരിഹാരമായാണ് പഴയ രീതിയിൽ സൂപ്പർ ഫാസ്റ്റിൽ തന്നെ സർവീസ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. 2 ബസുകളിലായാണു സർവീസ് നടത്തിയിരുന്നത്. ദിവസവും രാവിലെ 6.40നു ചങ്ങനാശേരിയിൽ നിന്നും ഒരു ബസ് പുറപ്പെടുമ്പോൾ കണ്ണൂരിൽ നിന്നും പുലർച്ചെ 5നു മറ്റൊരു ബസ് പുറപ്പെടും.

വേളാങ്കണ്ണി സർവീസ് ? 
വരുമാനക്കുറവിന്റെ പേരിൽ ചങ്ങനാശേരിയിൽ നിന്നു വേളാങ്കണ്ണി സർവീസും അടുത്തയിടെ വെട്ടിക്കുറച്ചിരുന്നു. വേളാങ്കണ്ണി സർവീസ് സ്വിഫ്റ്റിൽ നിന്നു കെഎസ്ആർടിസി തിരികെ ഏറ്റെടുത്ത് എക്സ്പ്രസായി സർവീസ് നടത്തണമെന്ന ആവശ്യം വീണ്ടും ശക്തമാകുകയാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!