കോഴ വാങ്ങി ബാങ്കിൽ നിയമനം; ആകെ പ്രതികൾ 24, പകുതിയും മരിച്ചു, 30 വർഷം കഴിഞ്ഞിട്ടും വിചാരണയില്ല
കണ്ണൂർ: മൂന്നുപതിറ്റാണ്ട് പിന്നിട്ട കേസ്. ആകെ പ്രതികൾ 24. അതിൽ 12 പേർ മരിച്ച് മൺമറഞ്ഞു. കാസർകോട് ജില്ലാ സഹകരണ ബാങ്കിൽ കോഴ വാങ്ങിയും സ്വജനപക്ഷപാതപരമായും നിയമനം നടത്തിയെന്നാരോപിക്കപ്പെട്ട കേസിനാണ് ഈ അവസ്ഥ. പ്രതികൾ മരിച്ചിട്ട് കേസ് തീരാനാണോ വിചാരണ നീട്ടുന്നതെന്ന് സംശയിക്കാവുന്നവിധം തലശ്ശേരി വിജിലൻസ് കോടതി നാളിതുവരെ കുറ്റപത്രം വായിച്ചുകേൾപ്പിച്ചിട്ടില്ല.
കാസർകോട് ഡി.സി.സി. പ്രസിഡന്റായിരുന്ന അഡ്വ. സി.കെ.ശ്രീധരൻ, കൊട്ടറ വാസുദേവ്, സി.എം.പി. നേതാവായിരുന്ന വി.കെ.രവീന്ദ്രൻ, എൻ.മഹേന്ദ്രപ്രതാപ്, ബലരാമൻ നമ്പ്യാർ, വി.കൃഷ്ണൻ, ടി.ശോഭന, മുൻ മന്ത്രി ചെർക്കളം അബ്ദുള്ളയുടെ ഭാര്യ ആയിഷ അബ്ദുള്ള, എൻ.പവിത്രൻ, പി.നാരായണൻ നമ്പ്യാർ, ചന്ദ്രശേഖര, നാരായണൻ നമ്പ്യാർ എന്നിവരാണ് കേസിൽ ജീവിച്ചിരിക്കുന്ന പ്രതികൾ. പരേതരായ കെ.പി.സി.സി. ജനറൽ സെക്രട്ടറിയും മുൻ എം.എൽ.എ.യുമായിരുന്ന കെ.പി.കുഞ്ഞിക്കണ്ണൻ, നിർവാഹകസമിതിയംഗമായിരുന്ന പി.ഗംഗാധരൻ നായർ, ഡി.സി.സി. ജനറൽ സെക്രട്ടറിയായിരുന്ന ബാലകൃഷ്ണ വൊർക്കുഡുലു, ഡയറക്ടർമാരായ അന്നത്തെ ഡി.സി.സി. പ്രസിഡന്റ് ഐ.രാമറൈ, എൻ.ടി.ജോസഫ്, ടി.കൃഷ്ണൻ, വസന്ത കേശവഭട്ട്, എം.കുഞ്ഞമ്പു നായർ, അഡ്വ. ജീവാനന്ദൻ, പി.സി.രാമൻ, കെ.സുബ്രഹ്മണ്യമണി, വി.സി.ഗംഗാധരൻ നമ്പ്യാർ എന്നിവരാണ് മറ്റു പ്രതികൾ.
ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറായിരുന്ന സി.കെ.ശ്രീധരൻ രണ്ടുവർഷം മുൻപ് കോൺഗ്രസ് വിട്ട് സി.പി.എമ്മിൽ ചേർന്നു. കൊട്ടറ വാസുദേവും നിലവിൽ സി.പി.എമ്മിലാണ്. കഴിഞ്ഞദിവസം ജഡ്ജി കെ.രാമകൃഷ്ണൻ മുമ്പാകെ വിളിച്ച കേസ് വീണ്ടും ഡിസംബർ 31-ലേക്ക് മാറ്റിയിരിക്കുകയാണ്.
ജോലി നേടിയവരെയെല്ലാം പിരിച്ചുവിട്ടു; കോഴ വാങ്ങിയവർ?
ജില്ലാബാങ്കിൽ 123 തസ്തികകൾ ഡയറക്ടർമാർ വീതിച്ചെടുത്ത് ഉദ്യോഗാർഥികളിൽ നിന്ന് കോഴവാങ്ങി നിയമനം നടത്തിയെന്നാണ് കേസ്. ബാങ്ക് വൈസ് പ്രസിഡന്റും സി.എം.പി. നേതാവുമായിരുന്ന വി.കെ.രവീന്ദ്രനാണ് നിയമനത്തിലെ അഴിമതിക്കെതിരേ പരാതി നൽകിയത്. എന്നാൽ, രവീന്ദ്രനും പിന്നീട് പ്രതിയായി.
അപേക്ഷിച്ചവർക്കെല്ലാം സാധാരണ നിലയിൽ പരീക്ഷ നടത്തിയശേഷം കോഴകൊടുത്തവർക്ക് മാത്രമായി രഹസ്യകേന്ദ്രത്തിൽ ചോദ്യക്കടലാസ് മുൻകൂറായി നൽകി പരീക്ഷ നടത്തി ഉത്തരക്കടലാസ് മൂല്യനിർണയത്തിന് നൽകുകയായിരുന്നു.
കോഴ കൊടുത്തവർക്ക് അഭിമുഖത്തിലും ക്രമാതീതമായി മാർക്ക് കൂട്ടിനൽകി. അന്ന് കാസർകോട് ജില്ലാ പോലീസ് സൂപ്രണ്ടായിരുന്ന വിൻസൻ എം.പോൾ, സർക്കിൾ ഇൻസ്പെക്ടറായിരുന്ന എ.വി.ജോർജ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് കോഴയിടപാടും വ്യാജ പരീക്ഷയും സംബന്ധിച്ച തെളിവുകൾ പുറത്തുവന്നത്.
നിയമനം അഴിമതി നിറഞ്ഞതും സ്വജനപക്ഷപാതപരവുമാണെന്ന് വിധിച്ച ഹൈക്കോടതി നിയമനം ലഭിച്ച മുഴവൻ പേരെയും പിരിച്ചുവിടാനും ഉത്തരവിട്ടിരുന്നു. സുപ്രീംകോടതിയും ഹൈക്കോടതിവിധി ശരിവെച്ചു. മറ്റ് ജോലി രാജിവെച്ച് കോഴവഴി ജില്ലാ ബാങ്കിലെത്തിയവരുൾപ്പെടെ നിരവധി പേർക്ക് ജോലി നഷ്ടമായി. ഈ വിഷയത്തിൽ ഹൈക്കോടതിയിൽനിന്നുണ്ടായ ഇടപെടലുകളെത്തുടർന്നാണ് ജില്ലാ ബാങ്കുകളിലെ നിയമനം പി.എസ്.സി.ക്ക് വിടാൻ കാരണമായത്.
