‘ചെയ്തതിനൊക്കെ നന്ദി, ഇനി ഞാൻ മരിക്കട്ടെ, ഈ സമ്മർദം താങ്ങാന് വയ്യ’: ലീ എഴുതി, കത്തുകൾ നിർണായകം
തിരുവനന്തപുരം∙ പതിബെൽ കമ്പനിയുടെ ചീഫ് പ്രോജക്ട് മാനേജർ ലീ സീ ബീനിന്റെ ആത്മഹത്യയിലേക്ക് നയിച്ച അഴിമതി ആരോപണത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് സംസ്ഥാന സർക്കാർ തയാറെടുക്കുമ്പോൾ നിർണായകമാകുക 2 ആത്മഹത്യക്കുറിപ്പുകൾ.
എം.സി റോഡിന്റെ പുനർനിർമാണ പ്രവർത്തനങ്ങൾ നടത്തിയ കെഎസ്ടിപി (കേരള സ്റ്റേറ്റ് ട്രാൻസ്പോർട് പ്രോജക്ട്) പദ്ധതി നടത്തിയിരുന്ന പതിബെൽ കമ്പനിയുടെ ചീഫ് പ്രോജക്ട് മാനേജറായിരുന്നു ലീ സീ ബീൻ. മലേഷ്യയിലെ സുബാങ് റിയ പാർക്കിലെ തടാകത്തിനു സമീപത്തെ ഇരുമ്പു നടപ്പാലത്തിന് കീഴിലാണ് 2006ൽ ലീ സീ ബീൻ ആത്മഹത്യ ചെയ്തത്. രണ്ട് ആത്മഹത്യക്കുറിപ്പുകളാണ് പൊലീസ് കണ്ടെടുത്തത്. പതിയുടെ ഡയറക്ടർ റോസ് ലീക്കാണ് ഒരു കത്ത്. കുടുംബത്തിന് രണ്ടാമത്തെ കത്ത്. കേരളത്തിലെ ഉദ്യോഗസ്ഥരുടെ കടുത്ത അഴിമതിയെക്കുറിച്ച് രണ്ട് കത്തിലും പരാമർശമുണ്ടായിരുന്നു. കൈക്കൂലി ആവശ്യപ്പെട്ട് പദ്ധതി തടസ്സപ്പെടുത്തുന്നതായി ലീ സഹപ്രവർത്തകരോടും പറഞ്ഞിരുന്നു. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറായിരുന്നു അന്ന് പൊതുമരാമത്ത് സെക്രട്ടറി.
ലീ സീ ബീൻ ആത്മഹത്യ ചെയ്തത് കടുത്ത മാനസിക സമ്മർദത്തെ തുടർന്നാണെന്നാണ് മലേഷ്യൻ പൊലീസ് കണ്ടെത്തിയത്. മലേഷ്യയിലെ സുബാങ് ജയ പൊലീസാണ് കേസ് അന്വേഷിച്ചത്. ‘ചെയ്തതിനൊക്കെയും നന്ദി, ഇനി ഞാൻ മരിക്കട്ടെ. ഈ കടുത്ത സമ്മർദം താങ്ങാൻ വയ്യ. ഇനി കേരളത്തിലേക്കില്ല. അവിടത്തെ ഉദ്യാഗസ്ഥരുമായി ജോലി ചെയ്യുക ശ്രമകരമാണ്. ഈ പദ്ധതി നിശ്ചിത സമയത്ത് പൂർത്തിയാക്കാൻ കഴിയുമെന്ന് കരുതുന്നില്ല. ഞാൻ ജോലി രാജിവയ്ക്കുന്നു. അങ്ങ് ഇത്രയും കാലം ചെയ്തു തന്ന എല്ലാ സഹായത്തിനും നന്ദി. എന്നോട് ക്ഷമിക്കുക’– പതിയുടെ ഡയറക്ടർ റോസ് ലീക്ക് എഴുതിയ കത്തിൽ ലീ പറഞ്ഞതിങ്ങനെ.
ഭാര്യയ്ക്കും മക്കൾക്കും എഴുതിയ ആത്മഹത്യക്കുറിപ്പിൽ തന്റെ ബാങ്ക് അക്കൗണ്ടിന്റെയും ലോക്കറിന്റെയും പിഎഫിന്റെയും വിശദാംശങ്ങളുണ്ടായിരുന്നു. പ്രതിമാസം 20000 മലേഷ്യൻ റിങ്കറ്റ് (ഏകദേശം രണ്ടരലക്ഷംരൂപ) ശബളം വാങ്ങിയിരുന്ന ലീയുടെ അക്കൗണ്ടിൽ 1000 റിങ്കറ്റ് മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. സ്വന്തം ശബളത്തിൽനിന്നുള്ള വിഹിതം പോലും ജീവനക്കാർക്ക് ശമ്പള ഇനത്തിൽ നൽകിയിരുന്നതായി ബന്ധുക്കൾ പൊലീസിന് മൊഴി നൽകിയിരുന്നു.
2006ൽ, മലേഷ്യയിലേക്ക് പോകുന്നതിനു തലേദിവസവും ലീ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയിരുന്നു. കുടിശിക പണം അനുവദിക്കുക, പതി കമ്പനിക്കെതിരായ നടപടി അവസാനിപ്പിക്കുക, നിർമാണം തുടരാൻ പൂർണ പിന്തുണ നൽകുക–ലീ മുന്നോട്ടു വച്ച ഈ മൂന്ന് ആവശ്യങ്ങളും ഉദ്യോഗസ്ഥർ തള്ളി. കുടിശിക പണം അനുവദിക്കാതെ വന്നതോടെ ലീയും കമ്പനിയും പ്രതിസന്ധിയിലായി. തുടർന്നാണ് ലീ ആത്മഹത്യ ചെയ്തത്.
