ഇരിട്ടിയിലെ എം.ഡി. എം.എ വേട്ട; കൂട്ടാളിയെയും എക്സൈസ് തൂക്കി
മട്ടന്നൂർ: ഉളിക്കൽ മണിപ്പാറ സ്വദേശി ചെരട്ടയാടൻ വീട്ടിൽ സി. എച്ച്.അൻസീറിനെ (28) എക്സൈസ് അറസ്റ്റ് ചെയ്തു.ബാംഗൂരിൽ നിന്നും എം. ഡി.എം.എ കടത്തുന്നതിന് പ്രതികളുമായി ഗൂഢാലോചന നടത്തിയതിനും കടത്താൻ പ്രേരിപ്പിച്ചതിനും മറ്റ് സഹായങ്ങൾ ചെയ്തതിനുമാണ് ഇയാൾ അറസ്റ്റിലായത്.
2026 ഏപ്രിൽ 26 ന് അഞ്ച് ഗ്രാമിലധികം എം.ഡി.എം.എയുമായി ഇരിട്ടിയിൽ വച്ച് നുച്യാട് സ്വദേശികളായ മുഹമ്മദ് സാദിഖ് ,എം.മിഥിലാജ് എന്നിവരെ ഇരിട്ടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി.ഷറഫുദ്ദീൻ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൻ്റെ ഭാഗമായി ജയിലിലുള്ള പ്രതികളുടെ മൊഴികൾ പ്രകാരം മൊബൈൽ വിവരങ്ങൾ പരിശോധിച്ചും ബാങ്ക് പണമിടപാടുകൾ പരിശോധിച്ചും ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചുമാണ് അൻസീറിനെ അറസ്റ്റ് ചെയ്തത്.
ഉളിക്കൽ നുച്യാട് മേഖലയിലെ പ്രധാന ലഹരി വിൽപ്പനക്കാരനാണ് അൻസീർ . കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇനിയും അറസ്റ്റ് ഉണ്ടാകുമെന്നും ചിലർ നിരീക്ഷണത്തിലാണെന്നും അധികൃതർ പറഞ്ഞു. അന്വേഷക സംഘത്തിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി. ഷറഫുദ്ദീൻ, എക്സൈസ് ഉദ്യോഗസ്ഥരായ ബഷീർ പിലാട്ട്, കെ.കെ ഷാജി, വി.എൻ.സതീഷ്, ബെൻഹർ കോട്ടത്തുവളപ്പിൽ, കെ രമിഷ്, ടി.അഭിജിത്ത്,കെ. പി. ജുനീഷ് എന്നിവരും ഉണ്ടായിരുന്നു.
