തിരുവാതിര ചതുശ്ശതം വലിയ വട്ടളം പായസം പെരുമാൾക്ക് നിവേദിച്ചു; പുണർതം ചതുശ്ശതം, തൃക്കൂർ അരിയളവ് ഇന്ന്
കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിലെ നാല് ചതുശ്ശതം വലിയ വട്ടളം പായസ നിവേദ്യത്തിൽ ആദ്യത്തെ പായസ നിവേദ്യം ഇന്നലെ തിരുവാതിര നാളിൽ പെരുമാൾക്ക് നിവേദിച്ചു. ഉച്ചയ്ക്ക് പന്തീരടി പൂജയ്ക്കൊപ്പമായിരുന്നു നിവേദ്യം. അരി, നാളികേരം, ശർക്കര, നെയ്യ്, ജലം എന്നിവ പ്രത്യേക അനുപാതത്തിൽ ചേർത്താണ് വലിയ വട്ടളത്തിൽ ചതുശ്ശതം പായസ നിവേദ്യം തയ്യാറാക്കിയത്. തിടപ്പള്ളിയിൽ ഒരുക്കിയ പായസം വട്ടളത്തോടെ ശ്രീകോവിലിൽ എത്തിച്ചു പെരുമാൾക്ക് നിവേദിച്ച ശേഷം കൈയാലകളിൽ വിതരണം ചെയ്തു. ഇന്ന് പുണർതം നാൾ ചതുശ്ശതം വലിയ വട്ടളം പായസം ഭഗവാന് നിവേദിക്കും. കോട്ടയം കിഴക്കേ കോവിലകം വകയാണ് പുണർതം ചതുശ്ശതം പായസ നിവേദ്യം.
ഈ വർഷത്തെ തൃക്കൂർ അരിയളവും ഇന്ന് നടക്കും. കോട്ടയം സ്വരൂപത്തിലെ അമ്മ രാജ, പാരമ്പര്യ ഊരാളന്മാരുടെ തറവാടുകളിലെയും മറ്റ് അവകാശങ്ങളുള്ള തറവാടുകളിലെയും സ്ത്രീകൾ, ഏഴില്ലക്കാരായ തറവാടുകളിലെ സ്ത്രീകൾ എന്നിവർക്കാണ് അരിയളവ് നടത്തുക. ഉച്ചപൂജയ്ക്ക് ഒടുവിൽ അമ്മരാജയ്ക്ക് ശ്രീകോവിലിനുള്ളിൽ വച്ച് സ്വർണ്ണത്തളികയിലാണ് അരി അളന്ന് നൽകുക. അരി അളവു കഴിഞ്ഞാൽ ആ തറവാടുകളിലെ സ്ത്രീകൾ പിന്നീട് ഈ വർഷം ദർശനം നടത്താൻ പാടില്ല എന്നാണ് ആചാരം.
