ഓപ്പറേഷൻ തൂഫാൻ; മട്ടന്നൂരിൽ ഇ-സിഗരറ്റുകൾ പിടിച്ചു
മട്ടന്നൂർ : ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി മട്ടന്നൂർ പോലീസ് നടത്തിയ പരിശോധനയിൽ വ്യാപാരസ്ഥാപനത്തിൽനിന്ന് ഇ-സിഗരറ്റുകളും മയക്കുമരുന്ന് ഉപയോഗിക്കാനുള്ള ഉപകരണങ്ങളും പിടിച്ചു. മട്ടന്നൂർ-ഇരിട്ടി റോഡിലെ ഡി.ജി. ഫ്രാഗ്രൻസ് എന്ന സ്ഥാപനത്തിൽനിന്നാണ് ഇവ പിടിച്ചെടുത്തത്.
നിരോധിച്ചിട്ടുള്ള ഇലക്ട്രോണിക് സിഗരറ്റുകൾ, കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന ഫണലുകൾ, ഗ്ലാസ് ട്യൂബുകൾ, ഒ.സി.ബി. പേപ്പറുകൾ എന്നിവയാണ് പിടിച്ചെടുത്തത്. ഇതുമായി ബന്ധപ്പെട്ട് ഉരുവച്ചാൽ ഇടപ്പഴശ്ശി സ്വദേശി വി.പി.ഷഹീറിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽവിട്ടു.
മയക്കുമരുന്ന് ഉപയോഗിക്കാനുള്ള ഉപകരണങ്ങൾ വിൽപന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്നാണ് മട്ടന്നൂർ പോലീസും ഡാൻസാഫ് സംഘവും പരിശോധന നടത്തിയത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി വരുംദിവസങ്ങളിലും പരിശോധനയും കർശന നടപടികളും തുടരുമെന്ന് കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർ പി. നിധിൻരാജ് അറിയിച്ചു.
