മമ്മൂട്ടിയുടെ ‘വിദ്യാമൃതം’ ആറാം വർഷത്തിലേക്ക്; വയനാട്ടിലെ ദുരന്തബാധിതരായ കുട്ടികൾക്ക് പ്രത്യേക കരുതൽ

Share our post

വയനാട്  : വയനാട് പ്രകൃതി ദുരന്തബാധിതരായ വിദ്യാർഥികൾക്ക് ഹോസ്റ്റൽ ചെലവുകൾ ഉൾപ്പെടെ പൂർണമായും സൗജന്യ വിദ്യാഭ്യാസവും പട്ടികജാതി- പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് പ്രത്യേക സഹായവും പ്രഖ്യാപിച്ച് മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും എം.ജി.എം. ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻസും ചേർന്നൊരുക്കുന്ന ‘വിദ്യാമൃതം-6’ പദ്ധതി മുഖ്യമന്ത്രി വി.ഡി. സതീശൻ നാടിന് സമർപ്പിച്ചു. മമ്മൂട്ടിയുടെ നേതൃത്വത്തിൽ നടക്കുന്ന സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ചടങ്ങിൽ എം.ജി.എം. ഗ്രൂപ്പ് ചെയർമാൻ ഡോ. ഗീവർഗീസ് യോഹന്നാൻ, കെയർ ആൻഡ് ഷെയർ ഫൗണ്ടേഷൻ ഡയറക്ടർ ഫാ. തോമസ് കുര്യൻ, എം.ജി.എം. ഗ്രൂപ്പ് ട്രസ്റ്റ് ഡയറക്ടർ ജൈനമ്മ യോഹന്നാൻ, എം.ജി.എം. കോളേജസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ എച്ച്. അഹിനാസ്, എൻ. ജയചന്ദ്രൻ, നിതിൻ ചിറത്തിലാട്ട് തുടങ്ങിയവർ പങ്കെടുത്തു.

എസ്.എസ്.എൽ.സിക്കും പ്ലസ് ടുവിനും ഉന്നത വിജയം നേടിയ നിർധന വിദ്യാർഥികൾക്ക്, കേരളത്തിൽ 31 വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള എം.ജി.എം. ഗ്രൂപ്പുമായി ചേർന്ന് ‘വിദ്യാമൃതം-6’ലൂടെ തുടർപഠനത്തിന് അവസരം ഒരുക്കുകയാണ് മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആന്റ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും എം.ജി.എം. ഗ്രൂപ്പും. സാമ്പത്തികമായി പിന്നോക്കാവസ്ഥ അനുഭവിക്കുന്നവർ, മാതാവോ പിതാവോ നഷ്ടപ്പെട്ടുപോയവർ, കാൻസർ മുതലായ രോഗങ്ങളാൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബത്തിലെ വിദ്യാർഥികൾ തുടങ്ങി പരിമിതമായ ജീവിതസാഹചര്യങ്ങൾ മൂലം മികച്ച പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കാൻ സാധിക്കാത്തവർക്ക് പദ്ധതി തുണയാകും. അവർക്ക് ഒരു കൈത്താങ്ങായി ഉന്നത വിദ്യാഭ്യാസത്തിന് അവസരം നൽകി സാമൂഹിക പ്രതിബദ്ധതയുള്ള യുവതലമുറയെ വാർത്തെടുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് എം.ജി.എം. ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻസ് ചെയർമാൻ ഡോ. ഗീവർഗീസ് യോഹന്നാൻ പറഞ്ഞു.

എം.ജി.എം. ഗ്രൂപ്പിന്റെ തിരുവനന്തപുരം, കൊല്ലം, എറണാകുളം, മലപ്പുറം, കണ്ണൂർ ജില്ലകളിൽ പ്രവർത്തിക്കുന്ന വിവിധ എൻജിനീയറിങ്- ഫാർമസി- പോളിടെക്നിക് കോളേജുകളിലെ കോഴ്‌സുകളിലും ആർട്‌സ് ആന്റ് സയൻസ് കോളേജുകളിലെ വിവിധ കോഴ്സുകളിലുമായിരിക്കും 100% ട്യൂഷൻസ് ഫീസ് ഇളവോടെ പ്രവേശനം നൽകുന്നത്. വയനാട് പ്രകൃതി ദുരന്തബാധിതരായ വിദ്യാർഥികൾക്ക് ഹോസ്റ്റൽ ചെലവുകൾ ഉൾപ്പെടെ പൂർണമായും സൗജന്യ വിദ്യാഭ്യാസ സൗകര്യവും പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് പ്രത്യേക പരിഗണനയും നൽകുന്നു.

എസ്.എസ്.എൽ.സിയുടെയും പ്ലസ് ടുവിന്റെയും മാർക്കിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 250 വിദ്യാർഥികൾക്കാണ് പദ്ധതിയിലൂടെ പ്രവേശനം ലഭിക്കുക. കൂടാതെ എം.ജി.എം. സി.ബി.എസ്.ഇ. സ്‌കൂളുകളിലും പദ്ധതിയിലൂടെ പഠനത്തിന് അവസരമൊരുക്കും. കഴിഞ്ഞ അഞ്ചു വർഷങ്ങളായി നിരവധി വിദ്യാർഥികളാണ് ‘വിദ്യാമൃതം’ പദ്ധതിയിലൂടെ ഉപരിപഠനത്തിന് അവസരം നേടിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!