തിരുപ്പറംകുണ്ട്രം – അവകാശവാദങ്ങളുടെ കുന്ന്; അറിയാം ആ ചരിത്രം
സമാധാനത്തിനും സഹവർത്തിത്വത്തിനും പേരുകേട്ട മധുരയിലെ തിരുപ്പറംകുണ്ട്രം വാർത്തകളിൽ നിറയുന്നത് പരസ്പരവിരുദ്ധമായ മതപരമായ അവകാശവാദങ്ങളുടെയും ആചാരങ്ങളിലെ തർക്കങ്ങളുടെയും പേരിലുള്ള നിയമപോരാട്ടത്തിലൂടെയാണ്. സുബ്രമണ്യ സ്വാമി ക്ഷേത്രം, കാശി വിശ്വനാഥർ ക്ഷേത്രം, സിക്കന്ദർ ബാദുഷ ദർഗ എന്നിവ ഈ കുന്നിലുണ്ട്. ദർഗയ്ക്കടുത്തുള്ള തർക്കവിഷയമായ ദീപത്തൂണിൽ കാർത്തിക ദീപം തെളിക്കണമെന്ന് 1994ൽ ആദ്യമായി അവകാശവാദം ഉന്നയിച്ചത് ഹിന്ദു മുന്നണിയാണ്. മുരുകൻ ക്ഷേത്രത്തിന് മുകളിലുള്ള ഉച്ചിപ്പിള്ളയാർ ക്ഷേത്രത്തിലെ പതിവ് ദീപമണ്ഡപത്തിൽ വിളക്ക് തെളിക്കാൻ നിർദേശിച്ച് 1996ൽ മദ്രാസ് ഹൈക്കോടതി ഹർജി തീർപ്പാക്കി. ഇതോടെ തർക്കം ഒഴിഞ്ഞുവെന്ന് കരുതിയെങ്കിലും 29 വർഷത്തിനുശേഷം വിഷയം വീണ്ടും തലപൊക്കി. 2025ൽ ഹിന്ദു തമിഴർ കക്ഷി സ്ഥാപക പ്രസിഡന്റ് രാമ രവികുമാറാണ് തർക്കത്തിന് വീണ്ടും തിരി കൊളുത്തിയത്. തർക്കവിഷയമായ തൂണിലും വിളക്ക് തെളിക്കാൻ അനുമതി തേടി പുതിയ ഹർജി സമർപ്പിച്ചതോടെ വിഷയം വീണ്ടും സജീവമായി.
മുരുകന്റെ ആറപടൈ വീടും ദര്‍ഗയും: എ.ഡി ഒന്ന് മുതൽ മൂന്നു വരെയുള്ള സംഘകാലരേഖകളിൽ, ‘മുരുകൻ കുണ്ട്രം’ എന്ന ഈ കുന്ന് മുരുകന്റെ ആറ് വീടുകളിൽ ഒന്നായി രേഖപ്പെടുത്തിയിട്ടുണ്ട്. തിരുച്ചെന്തൂർ, പഴനി, സ്വാമിമലൈ, തിരുത്തണി, പഴമുതിർചോലൈ എന്നിവയാണ് മറ്റ് അഞ്ച് വസതികൾ. സുരപത്മനെ വധിച്ച ശേഷം മുരുകൻ ഇന്ദ്രപുത്രിയായ ദേവനൈയെ ഇവിടെ വെച്ച് വിവാഹം കഴിച്ചെന്നാണ് വിശ്വാസം. അതിനാല്‍ ഇവിടെ മുരുകനെ ‘കല്യാണ മുരുകനായി’ ആരാധിക്കുന്നു. അതിനാൽ ഈ ക്ഷേത്രം വിവാഹങ്ങൾക്ക് പ്രസിദ്ധമാണ്. എ.ഡി ആറാം നൂറ്റാണ്ടിനും എട്ടാം നൂറ്റാണ്ടിനും ഇടയിൽ പാണ്ഡ്യ രാജാവായ പറന്തകവരഗുവും മന്ത്രി സട്ടൻ ഗണപതിയുമാണ് നിലവിലെ ശിലാക്ഷേത്രം നിർമിച്ചത്. കിഴക്കോട്ട് ദർശനമായ ശിവനും പടിഞ്ഞാറോട്ട് വിഷ്ണുവും മുഖാമുഖം നിൽക്കുന്ന പ്രത്യേകതയുള്ള ക്ഷേത്രമാണിത്. എ.ഡി പതിമൂന്നാം നൂറ്റാണ്ടിനും പതിനേഴാം നൂറ്റാണ്ടിനുമിടയിൽ നായക്കർ കാലഘട്ടത്തിൽ ക്ഷേത്രം വികസിച്ചു. 1583ൽ വീരപ്പ നായകൻ 150 അടി ഉയരമുള്ള ഏഴുനില രാജഗോപുരം നിർമിച്ചു. തുടർന്ന് തിരുമലൈ നായകൻ മണ്ഡപവും പ്രവേശന കവാടമായ അസ്ഥാന മണ്ഡപവും നിർമിച്ചു. പതിനാലാം നൂറ്റാണ്ടിൽ മാലിക് കഫൂർ മധുര ആക്രമിച്ച ശേഷം 1330 മുതൽ 1370 വരെ പത്ത് മുസ്ലിം സുൽത്താൻമാർ ഭരിച്ചു. അവസാന ഭരണാധികാരി സിക്കന്ദർ ഷാ ഈ കുന്നില്‍ ഒളിവില്‍ കഴിയവെ കൊല്ലപ്പെട്ടതിന്റെ ഓർമയ്ക്കായി കുന്നിന് മുകളിൽ സിക്കന്ദർ ബാദുഷ ദർഗ നിർമിച്ചു. പാണ്ഡ്യ രാജാവ് പ്രായശ്ചിത്തമായി നിർമിച്ച പ്രാർഥനാ കേന്ദ്രമാണ് പിന്നീട് ദർഗയായതെന്നും വിശ്വസിമുണ്ട്
172.2 ഏക്കർ സ്ഥലം ASI സംരക്ഷിത സ്മാരകം: കുന്നിന്റെ 172.2 ഏക്കർ സ്ഥലം ASI സംരക്ഷിത സ്മാരകമാണ്. കല്ലുകാക്കൽ, പാചകം, മൃഗങ്ങളെ കൊണ്ടുവരൽ എന്നിവ നിരോധിച്ചിട്ടുണ്ട്. 1920ൽ ദർഗയിൽ മണ്ഡപം നിർമിക്കാൻ ശ്രമിച്ചതിനെത്തുടർന്ന് ക്ഷേത്ര ഭരണസമിതി കേസ് ഫയൽ ചെയ്തു. 1923 ട്രയൽ കോടതിയും 1931 പ്രിവി കൗൺസിലും പുറപ്പെടുവിച്ച വിധിപ്രകാരം, ദർഗ മസ്ജിദും കൊടിമരവും നിൽക്കുന്ന നെല്ലിത്തോപ്പിലെ 33 സെന്റ് ഒഴികെ കുന്നിന്റെ ഭൂരിഭാഗവും ക്ഷേത്രത്തിന്റേതാണ്. ദർഗയ്ക്ക് ഈ 33 സെന്റിന്റെ ഉടമസ്ഥാവകാശം മാത്രമേയുള്ളൂ. നടപ്പന്തലും പടികളും ക്ഷേത്രത്തിന്റേതാണെങ്കിലും ഉപയോഗിക്കാൻ ദർഗയ്ക്ക് അവകാശമുണ്ട്.
ആളിക്കത്തി ബലിനീക്കവും കാര്‍ത്തിക ദീപവും: 2025ന്റെ തുടക്കത്തിൽ ദർഗ ട്രസ്റ്റികൾ ആടുകളെയും കോഴികളെയും ബലി നൽകാൻ വിശ്വാസികളെ ക്ഷണിച്ചു. കുന്നിന്റെ പേര് തിരുപ്പറംകുണ്ട്രം എന്നതിന് പകരം ‘സിക്കന്ദർ മലൈ’ എന്ന് വിളിക്കുകയും ചെയ്തു. കുന്നിൽ മൃഗബലി നടത്തുന്നത് പരിശുദ്ധി നഷ്ടപ്പെടുത്തുമെന്നും ബലികർമങ്ങൾക്ക് ചരിത്ര തെളിവുകളില്ലെന്നും ചൂണ്ടിക്കാട്ടി ക്ഷേത്രം മധുര ബെഞ്ചിൽ ഹർജി നൽകി. 2025 ഒക്ടോബർ പത്തിലെ വിധിപ്രകാരം സിവിൽ കോടതി തീരുമാനിക്കുന്നത് വരെ മൃഗബലി, പാചകം, മാംസാഹാരം വിളമ്പൽ എന്നിവ നിരോധിച്ചു. കുന്നിന്റെ പേര് സിക്കന്ദർ മലൈ എന്ന് മാറ്റുന്നത് വിലക്കി ഔദ്യോഗിക നാമം തിരുപ്പറംകുണ്ട്രം എന്ന് തുടരാനും നിർദേശിച്ചു. നെല്ലിത്തോപ്പിൽ റംസാൻ, ബക്രീദ് ദിവസങ്ങളിൽ മാത്രം നമസ്കരിക്കാം. പക്ഷേ ക്ഷേത്ര പടികൾ തടസ്സപ്പെടുത്തരുത്. 2026 ഫെബ്രുവരി 9ന് സുപ്രീം കോടതി ഈ വിധി ശരിവെച്ചു. മൃഗബലി നിരോധനം തുടരുമെന്നും പ്രാർഥനകൾ റംസാൻ, ബക്രീദ് ആഘോഷങ്ങളിൽ മാത്രം നടത്താമെന്നും കോടതി വ്യക്തമാക്കി. കാർത്തിക ദീപം ചൊല്ലി തർക്കം തുടങ്ങുന്നത് 2025 നവംബറിലാണ്. പാരമ്പര്യമായി താഴെയുള്ള ഉച്ചിപ്പിള്ളയാർ ക്ഷേത്രത്തിലാണ് വിളക്ക് തെളിച്ചിരുന്നത്. എന്നാൽ കുന്നിന് മുകളിലെ ദീപത്തൂണിന്റെ അടുത്ത് തെളിക്കണമെന്നാണ് ഹിന്ദു സംഘടനകളാണ് വാദം ഉന്നയിച്ചത്
