ഓപ്പറേഷൻ തൂഫാൻ; പോലീസിനെ കണ്ട് വാഹനം ഉപേക്ഷിച്ച് ഓടി യുവതിയും യുവാവും; കാറിൽ എംഡിഎംഎ
കോഴിക്കോട്: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നഗരത്തിൽ പോലീസും ഡാൻസാഫും പരിശോധന നടത്തുന്നതിനിടെ വാഹനം ഉപേക്ഷിച്ച് ഓടി യുവാവും യുവതിയും. ഇവർ ഉപേക്ഷിച്ചുപോയ കാറിൽനിന്ന് പിന്നീട് ഏഴ് ഗ്രാം എംഡിഎംഎ പിടികൂടുകയും ചെയ്തു.
കോഴിക്കോട് നന്മണ്ട സ്വദേശി അനന്ദു എന്ന ടോബി, പുതിയാപ്പ പണ്ടാരക്കണ്ടി താഴത്ത് കീർത്തന എന്നിവരാണ് രക്ഷപ്പെട്ടത്. മൂന്ന് മയക്കുമരുന്ന് കേസിലും ജീപ്പ് ഇടിച്ച് യുവതിയെ കൊലപ്പെടുത്തിയ കേസിലും പ്രതിയായിരുന്ന ആളാണ് അനന്ദു.
കോഴിക്കോട് നഗരത്തിൽ മുറികൾ വാടകയ്ക്കെടുത്ത് യുവതീയുവാക്കളെ ക്ഷണിച്ച് എംഡിഎംഎ വിൽപ്പന നടത്തുന്നതാണ് കീർത്തയുടെ പ്രധാന ജോലി. പ്രതികൾ സഞ്ചരിച്ച കാർ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതിന്റെ തുടർച്ചയായി പ്രതികൾ താമസിച്ച വാടക മുറികൾ പോലീസ് സംഘം പരിശോധിച്ചു. മൂന്ന് മൊബൈൽ ഫോണുകളും ഇലക്ട്രോണിക് ത്രാസും 85100 രൂപയും കണ്ടെടുത്തു. കുറച്ചുനാളുകളായി രണ്ടുപേരും ഡാൻസാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.
