നവീൻ ബാബുവിന്റെ മരണം; സി.ബി.ഐ. വന്നാൽ എന്തൊക്കെ അന്വേഷിക്കും? രാഷ്ട്രീയ കോളിളക്കങ്ങൾക്ക് ഇടയാക്കുമോ?

Share our post

കണ്ണൂർ: കണ്ണൂർ എ.ഡി.എം. നവീൻ ബാബുവിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം സി.ബി.ഐ. ഏറ്റെടുത്താൽ വീണ്ടും രാഷ്ട്രീയ കോളിളക്കങ്ങൾക്ക് അതിടയാക്കുമോയെന്ന് ഉറ്റുനോക്കുകയാണ് കേരളം. നീതിതേടിയുള്ള കുടുംബത്തിന്റെ നിരന്തരശ്രമങ്ങൾക്കൊടുവിലാണ് അന്വേഷണം സി.ബി.ഐ.ക്ക്‌ വിടാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം. ആവശ്യം ഹൈക്കോടതിയും സുപ്രീം കോടതിയും നേരത്തേ തള്ളിയ സാഹചര്യത്തിൽ കേന്ദ്രസർക്കാരാണ് ഇക്കാര്യത്തിൽ അന്തിമതീരുമാനമെടുക്കേണ്ടത്. ജില്ലാപഞ്ചായത്ത് പ്രസിഡന്റും സി.പി.എം. ജില്ലാകമ്മിറ്റി അംഗവുമായിരുന്ന പി.പി.ദിവ്യ മാത്രമാണ് കേസിലെ ഏക പ്രതി. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ടുയർന്ന ആരോപണ-പ്രത്യാരോപണങ്ങൾ സ്വാഭാവികമായും സി.ബി.ഐ.യുടെ അന്വേഷണപരിധിയിലുണ്ടാകും. ഏതിലൊക്കെയാകും അന്വേഷണം കേന്ദ്രീകരിക്കുക, കൂടുതൽ പ്രതികളുണ്ടാകുമോ തുടങ്ങിയ കാര്യങ്ങളിലാണ് ആകാംക്ഷ.

സംഭവം പാർട്ടിയെയും സർക്കാരിനെയും ഉലച്ചപ്പോൾ ദിവ്യക്കെതിരേ നടപടിയെടുത്ത് തള്ളിപ്പറഞ്ഞ സി.പി.എം. നേതൃത്വം പക്ഷേ അന്വേഷണം സി.ബി.ഐ.ക്ക്‌ കൈമാറാനുള്ള നീക്കമുണ്ടായപ്പോൾത്തന്നെ രാഷ്ട്രീയപ്രേരിതമാണെന്ന് ആരോപിച്ച് എതിർത്തിരുന്നു. ഇത് ചർച്ചയായതോടെ സി.പി.എമ്മിന് സി.ബി.ഐ.യെ ഭയക്കേണ്ട കാര്യമില്ലെന്ന് ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ് വിശദീകരിച്ചു. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിലെ ഇ.ഡി. റെയ്ഡുമായി ചേർത്തുവെച്ചാണ് സി.ബി.ഐ.യെയും സി.പി.എം. എതിർക്കുന്നത്. മുഖ്യമന്ത്രി കേന്ദ്ര ഏജൻസികളോട് അമിതപ്രേമം കാണിക്കുകയാണെന്നാണ് ആരോപണം. സി.ബി.ഐ. വന്നാലും ദിവ്യക്കുവേണ്ടി പരസ്യമായി രംഗത്തിറങ്ങാൻ സി.പി.എം. തയ്യാറാകില്ലെന്നുതന്നെയാണ് കരുതുന്നത്.

സി.ബി.ഐ. വന്നാൽ എന്തൊക്കെ അന്വേഷിക്കും

മരണത്തിൽ തുടക്കം മുതലേ ദുരൂഹത ആരോപിച്ചിരുന്ന നവീൻ ബാബുവിന്റെ കുടുംബം പോലീസിന്റെ അന്വേഷണത്തിൽ ഒരുഘട്ടത്തിലും തൃപ്തരായിരുന്നില്ല. ദിവ്യയുടെ രാഷ്ട്രീയസ്വാധീനം കാരണം പോലീസ് ശരിയായി അന്വേഷിക്കുന്നില്ലെന്നായിരുന്നു ആക്ഷേപം. തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ നവീൻ ബാബുവിന്റെ അടിവസ്ത്രത്തിലെ രക്തക്കറ പോലീസ് അവഗണിച്ചതും ഇൻക്വസ്റ്റ് തിടുക്കത്തിൽ നടത്തിയതും സംശയകരമാണെന്ന് അവർ വാദിച്ചു. അന്വേഷണം സി.ബി.ഐ.ക്ക്‌ വിടണമെന്ന ആവശ്യം കോടതികൾ തള്ളിയെങ്കിലും പുനരന്വേഷണമെന്ന ആവശ്യം അംഗീകരിച്ചത് പ്രതീക്ഷ നൽകുകയും ചെയ്തു. കോടതിനിർദേശപ്രകാരമുള്ള തുടരന്വേഷണ റിപ്പോർട്ട് തിങ്കളാഴ്ചയാണ് കോടതി പരിഗണിച്ചത്. കേസ് 27-ലേക്ക് മാറ്റിയിട്ടുണ്ട്.

സംഭവത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നായിരുന്നു കുടുംബത്തിന്റെ പ്രധാന ആവശ്യം. നവീൻ ബാബുവിനെതിരേ കൈക്കൂലി ആരോപണമുയരാൻ കാരണമായ പെട്രോൾ പമ്പ്, ബിനാമി ഇടപാടാണോ ആണെങ്കിൽ അതിനുപിന്നിൽ ആരൊക്കെയാണുള്ളത്, നവീൻ ബാബുവിനെതിരേ മുഖ്യമന്ത്രിക്ക്‌ നൽകിയെന്ന് അവകാശപ്പെട്ട പരാതി തയ്യാറാക്കിയത് ആരാണ് തുടങ്ങിയ ചോദ്യങ്ങൾ കുടുംബം ഉന്നയിച്ചിരുന്നു.

ഇപ്പോഴും സംശയത്തിന്റെ മറയിലുള്ള ഇക്കാര്യങ്ങൾ സി.ബി.ഐ. അന്വേഷിച്ചാൽ കേസിൽ കൂടുതൽ പ്രതികളുണ്ടാകുമോയെന്നാണ് അറിയേണ്ടത്. ഇതൊക്കെയും നിയമ, രാഷ്ട്രീയപോരാട്ടങ്ങളിലേക്ക് വഴിതുറക്കുകയും ചെയ്യും.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!