വാട്‌സ്ആപ്പിലൂടെ സിംപിളായി കെഎസ്ആര്‍ടിസി ടിക്കറ്റ് ബുക്ക് ചെയ്യാം; ഇതാ ഇങ്ങനെ
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളില്‍ ടിക്കറ്റ് വാട്‌സ്ആപ്പിലൂടെ ബുക്ക് ചെയ്യാവുന്ന പദ്ധതി അവതരിപ്പിച്ചിരിക്കുകയാണ്. പ്രത്യേകമായി വികസിപ്പിച്ച എഐ അധിഷ്ഠിത വാട്സ്ആപ്പ് ബോട്ട് വഴിയാണ് ഈ സേവനം നല്‍കുന്നത്. മലയാളത്തിനും ഇംഗ്ലീഷിനും പുറമേ, തമിഴ്, തെലുങ്ക് ഉള്‍പ്പെടെ ആകെ 11 ഭാഷകളില്‍ സേവനം ലഭ്യമാണ്.
എങ്ങനെ ബുക്ക് ചെയ്യാം
കെഎസ്ആര്‍ടിസിയുടെ 9447071021 എന്ന ഔദ്യോഗിക വാട്സ്ആപ്പ് നമ്പറിലേക്ക് ഹലോ എന്നോ Hi എന്നോ മെസ്സേജ് അയച്ചാല്‍ പ്രത്യേക ആപ്പോ രജിസ്ട്രേഷനോ ഇല്ലാതെ തന്നെ ചാറ്റിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാം. ഏത് ഭാഷയിലാണോ നിങ്ങള്‍ സംസാരം തുടങ്ങുന്നത്, അതേ ഭാഷയില്‍ മറുപടി ലഭിക്കും.
യാത്രാ മാര്‍ഗം, തീയതി, സര്‍വീസ് തിരഞ്ഞെടുക്കല്‍, സീറ്റ് തിരഞ്ഞെടുക്കല്‍, സുരക്ഷിതമായ ഓണ്‍ലൈന്‍ പേയ്‌മെന്റ് എന്നിവ ഉള്‍പ്പെടെയുള്ള മുഴുവന്‍ ബുക്കിംഗ് നടപടിക്രമവും വാട്സ്ആപ്പ് ചാറ്റിലൂടെ തന്നെ പൂര്‍ത്തിയാക്കാനാകും. ബുക്കിംഗ് പൂര്‍ത്തിയായാല്‍ ഇ-ടിക്കറ്റും പിഎന്‍ആര്‍ വിവരങ്ങളും അതേ ചാറ്റില്‍ ലഭ്യമാകും.
ഈ സേവനം യാത്രക്കാര്‍ക്ക് എളുപ്പത്തിലും വേഗത്തിലും ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കുന്നതോടൊപ്പം, കൗണ്ടറുകളിലെ തിരക്ക് കുറയ്ക്കുന്നതിനും സഹായകരമാകും എന്നാണ് കെഎസ്ആര്‍ടിസിയുടെ പ്രതീക്ഷ.
