ഏതുസമയവും ഉരുൾപൊട്ടാൻ സാധ്യത; മുൾമുനയിൽ കണ്ണൂർ ജില്ലയുടെ മലയോരം
കണ്ണൂർ : ഏതുസമയവും ഉരുൾപൊട്ടാൻ സാധ്യതയുള്ള അതിതീവ്രമേഖലയായ അഞ്ച് പഞ്ചായത്തുകൾ, തീവ്രമേഖലയായ ഏഴ് പഞ്ചായത്തുകൾ, നേരിയ സാധ്യതയുള്ള 18 തദ്ദേശ സ്ഥാപനങ്ങൾ– ഇതാണ് കണ്ണൂർ ജില്ലയുടെ അവസ്ഥ. ശക്തമായ മഴയിൽ ചെറുപുഴ പഞ്ചായത്തിലാണ് ഇപ്പോൾ വൻനാശമുണ്ടായതെങ്കിൽ ഏതുസമയത്തും അപകടമുണ്ടാകാവുന്ന മുൾമുനയിലാണ് ജില്ലയുടെ മലയോരം. ഈ മാസം ഒന്നിന് ഉച്ചയ്ക്ക് ചെറുപുഴയിലുണ്ടായ മണ്ണിടിച്ചിലിലും ഉരുൾപൊട്ടലിലും വൻനാശമാണുണ്ടായത്.
ഉരുൾപൊട്ടലിന്റെ തീവ്രമേഖലയിലുള്ള പഞ്ചായത്താണ് ചെറുപുഴ. 50 കൊല്ലത്തിനിടയ്ക്ക് ഇത്രയും ശക്തമായ മഴയുണ്ടായിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. രാജഗിരി– ജോസ്ഗിരി ഭാഗത്തുള്ള കരിങ്കൽക്വാറി കാരണമാണ് പ്രകൃതിദുരന്തമുണ്ടായതെന്നാണ് നാട്ടുകാരിൽ ഒരുവിഭാഗം പറയുന്നത്. 100 ഏക്കറോളം സ്ഥലത്തെ കൃഷി പൂർണമായും നശിച്ചു. പയ്യാവൂർ, അയ്യൻകുന്ന്, ആറളം, കൊട്ടിയൂർ, കോളയാട് പഞ്ചായത്തുകളാണ് അതിതീവ്രമേഖലയിലുള്ളത്. ഇവിടങ്ങളിൽ വേണ്ട മുൻകരുതലുകളെടുത്തില്ലെങ്കിൽ ചെറുപുഴപോലെ വൻ നാശത്തിന് സാധ്യതയുണ്ടെന്നാണ് ദുരന്തനിവാരണ വിഭാഗത്തിന്റെ മുന്നറിയിപ്പ്.
അതിതീവ്രമേഖല
പയ്യാവൂർ, അയ്യൻകുന്ന്, ആറളം, കൊട്ടിയൂർ, കോളയാട്
തീവ്രമേഖല
ചെറുപുഴ, ആലക്കോട്, ഉദയഗിരി, നടുവിൽ, ഏരുവേശി, പായം, കണിച്ചാർ
സാധ്യതാമേഖല
പെരിങ്ങോം–വയക്കര, എരമം–കുറ്റൂർ, ചപ്പാരപ്പടവ്, ചെങ്ങളായി, ശ്രീകണ്ഠപുരം നഗരസഭ, ഇരിക്കൂർ, ഉളിക്കൽ, പടിയൂർ, ഇരിട്ടി നഗരസഭ, തില്ലങ്കേലി, മുഴക്കുന്ന്, പേരാവൂർ, മാലൂർ, കേളകം, ചിറ്റാരിപ്പറമ്പ്, പാട്യം, കുന്നോത്തുപറമ്പ്, മട്ടന്നൂർ നഗരസഭയുടെ ഒരു ഭാഗം.
എല്ലാ കുടുംബങ്ങൾക്കും സഹായമെത്തിക്കും
∙ ഉരുൾപൊട്ടലിൽ ദുരിതം അനുഭവിക്കുന്ന ചെറുപുഴ പഞ്ചായത്തിലെ എല്ലാ കുടുംബങ്ങൾക്കും സഹായമെത്തിക്കാൻ ജനപ്രതിനിധികളുടെയും സന്നദ്ധസംഘടനകളുടെയും യോഗത്തിൽ തീരുമാനം. രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപെട്ടു മരിച്ച തിരുവനന്തപുരം സ്വദേശി ആർ.രാജേഷിന്റെ കുടുംബത്തെ സാമ്പത്തികമായി സഹായിക്കാനും തീരുമാനമായി. പഞ്ചായത്ത് പ്രസിഡന്റ് ലൈസമ്മ പനയ്ക്കൽ അധ്യക്ഷത വഹിച്ചു.
ജോസ്ഗിരി ഒറ്റപ്പെട്ടു
∙ റോഡ് പൂർണമായും തകർന്നു, കിണറുകൾ മൂടിപ്പോയി, ആറു ദിവസമായി വൈദ്യുതിയില്ല– ഇതാണ് ചെറുപുഴ പഞ്ചായത്തിലെ ജോസ്ഗിരിയിലുള്ള 150 കുടുംബങ്ങളുടെ അവസ്ഥ. ചെറുപുഴയിൽനിന്ന് ജോസ്ഗിരിയിലെത്തുന്ന റോഡിൽ രാജഗിരി മുതൽ 5 കിലോമീറ്റർ റോഡിൽ ഗതാഗതം പൂർണമായും നിലച്ചു. രാജഗിരി– ജോസ്ഗിരി റോഡിലെ എസ് വളവിൽ രണ്ടിടത്ത് ഉരുൾപൊട്ടലിൽ കൂറ്റൻപാറക്കല്ലുകൾ വന്നുവീണത് ഇനിയും പൊട്ടിച്ചുമാറ്റാൻ സാധിച്ചിട്ടില്ല. മണ്ണുമാന്തിയന്ത്രവും ജാക്ക് ഹാമറും ഉപയോഗിച്ച് കൂറ്റൻകല്ലു പൊട്ടിച്ചുനീക്കുന്നുണ്ടെങ്കിലും ഒരാഴ്ചയെങ്കിലും കഴിയാതെ ഗതാഗതം പഴയതുപോലെയാക്കാൻ സാധിക്കില്ല.
150 കുടുംബങ്ങളാണ് ജോസ്ഗിരിയിലുള്ളത്. ഇവിടെനിന്ന് ചെറുപുഴയിലേക്കും ആലക്കോട്ടേക്കും റോഡുണ്ടെങ്കിലും ജനം കൂടുതലും ആശ്രയിക്കുന്നതു ചെറുപുഴയെയാണ്. ഈ റോഡിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടതോടെ ജോസ്ഗിരി– ഉദയഗിരി– ആലക്കോട് റോഡ് ആണ് ഉപയോഗിക്കുന്നത്. ഒന്നിനുണ്ടായ ശക്തമായ മഴയിൽ ഈ റോഡിലും രണ്ടിടത്ത് ഉരുൾപൊട്ടലുണ്ടായിരുന്നു. അവിടത്തെ പാറയും ചെളിയും നീക്കം ചെയ്ത് കഴിഞ്ഞദിവസമാണ് ഗതാഗതയോഗ്യമാക്കിയത്. എങ്കിലും റോഡെല്ലാം തകർന്നതിനാൽ ചെറിയവേഗത്തിൽ മാത്രമേ പോകാൻ സാധിക്കൂ. കട്ടപ്പള്ളി– കോഴിച്ചാൽ ഭാഗത്തേക്ക് കോൺക്രീറ്റ് റോഡുണ്ടെങ്കിലും ഓട്ടോറിക്ഷ മാത്രമേ പോകൂ.
‘ആറുദിവസമായി വൈദ്യുതിയില്ലാത്തതിനാൽ ശരിക്കും കഷ്ടപ്പെടുകയാണ് ഞങ്ങൾ. ശുദ്ധജലത്തിനാണ് ഏറ്റവും പ്രയാസം. മിക്കവീടുകളിലെ കിണറും ചെളിവന്നു മൂടി. വൈദ്യുതിയില്ലാത്തതിനാൽ മോട്ടർ പ്രവർത്തിപ്പിക്കാൻ പറ്റുന്നില്ല. മൊബൈൽ ചാർജ് ചെയ്യാൻ പറ്റാത്തിനാൽ പല വിവരങ്ങളും അറിയുന്നുപോലുമില്ല’– ജോസ്ഗിരി എസ് വളവിലെ റെജി അഗസ്റ്റിൻ കല്ലൂർ പറഞ്ഞു. രാത്രിയിൽ അത്യാഹിതമുണ്ടായാൽ ആശുപത്രിയിലെത്തിക്കാൻ പ്രയാസപ്പെടുമെന്നതാണു നാട്ടുകാരുടെ മറ്റൊരു ആശങ്ക.
ദുരന്തകാരണം ക്വാറികളെന്ന് നാട്ടുകാർ
∙ ‘ജോസ്ഗിരി–രാജഗിരി റോഡിലെ 2 ക്വാറികളാണ് ഈ നാട് ഇങ്ങനെ ദുരന്തം നേരിടാൻ കാരണം’– ചെറുപുഴയിലെ കർഷകനായ പുത്തൻപുരയ്ക്കൽ ജിജോ ജോയ് ദേഷ്യമടക്കാനാവാതെ പറഞ്ഞു. ‘ക്വാറികൾക്കു ചുറ്റുമുള്ള സ്ഥലത്താണ് ഉരുൾപൊട്ടലുണ്ടായത്. എല്ലാ കൊല്ലവും ഇവിടെ ശക്തമായ മഴയുണ്ടാകും. എന്നാൽ ക്വാറി തുടങ്ങിയതിനു ശേഷമാണ് അപകടങ്ങൾ പതിവായത്’– ജിജോ ജോയ് പറഞ്ഞു. മഴയിൽ വൻ നാശമുണ്ടായ ചെറുപുഴ പഞ്ചായത്തിലെ 8, 9 വാർഡുകളിലുള്ളവർക്കെല്ലാം പറയാനുള്ളത് ക്വാറിയുണ്ടാക്കുന്ന നാശത്തെക്കുറിച്ചാണ്. അനുവദിച്ചതിലും കൂടുതലാണ് ഇവിടെ നിന്ന് പാറപൊട്ടിച്ചുകൊണ്ടുപോകുന്നതെന്നു കാണിച്ച് നാട്ടുകാർ നിയമപോരാട്ടത്തിലാണ്. മാസങ്ങൾക്കു മുൻപാണ് ഇവിടുത്തെ ഒരു ക്വാറിയിൽനിന്ന് കൂറ്റൻപാറ റോഡിലേക്കെത്തി ഗതാഗതം തടസ്സപ്പെട്ടത്. അതോടെയാണ് ക്വാറിയുടെ പ്രവർത്തനം നിർത്തിവയ്ക്കാൻ പഞ്ചായത്ത് ഉത്തരവിട്ടത്.
