‘ദൃശ്യങ്ങൾ എഡിറ്റ് ചെയ്തത്, ആ വ്യക്തികളെക്കുറിച്ച് പരാമർശമില്ല’; ആ കാര്യങ്ങൾ സിബിഐ അന്വേഷിക്കുമോ?
കണ്ണൂർ ∙ എംഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ എത്തുമ്പോൾ ഉയരുന്നത് മുൻ അന്വേഷണ സംഘം വിട്ടുകളഞ്ഞ കാര്യങ്ങളിലേക്ക് അന്വേഷണം നീങ്ങുമോ എന്നതാണ് ചോദ്യം. പ്രത്യേക അന്വേഷണ സംഘത്തിന്റെ വീഴ്ചകൾ അക്കമിട്ട് നിരത്തി നവീൻ ബാബുവിന്റെ കുടുംബം തുടരന്വേഷണത്തിന് ഹർജി നൽകിയിരുന്നു. ഫോൺ വിവരങ്ങൾ ശേഖരിക്കുന്നതിനുൾപ്പെടെയുള്ള കാര്യങ്ങളിൽ കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഫോൺ വിവരങ്ങൾ കോടതിയിൽ സമർപ്പിച്ച് വിചാരണ തുടരാനിരിക്കെയാണ് സംസ്ഥാന സർക്കാർ അന്വേഷണം സിബിഐയ്ക്ക് വിട്ടത്.
കേസിലെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിക്ക് മുന്നിൽ അഭിഭാഷകൻ ജോൺ എസ്. റാൽഫ് മുഖേന കുടുംബം നൽകിയ ഹർജിയിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. ഇതുൾപ്പെടെ കുറ്റപത്രത്തിലെ 13 പിഴവുകൾ ചൂണ്ടിക്കാണിച്ച് തുടരന്വേഷണം വേണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. കണ്ണൂർ റേഞ്ച് ഡിഐജി ജി.എച്ച്. യതീഷ് ചന്ദ്ര, സിറ്റി പൊലീസ് കമ്മിഷണർ പി. നിധിൻ രാജ് എന്നിവരുടെ നേതൃത്വത്തിൽ തുടരന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചു. എന്നാൽ തുടരന്വേഷ റിപ്പോർട്ടും പൂർണമല്ലെന്നാണ് കുടുംബം കോടതിയെ അറിയിച്ചത്. സാക്ഷിയായ പ്രശാന്തനെ പ്രതിയാക്കണമെന്നും ജില്ലാ കലക്ടറായിരുന്ന അരുൺ കെ. വിജയന്റെ പങ്ക് അന്വേഷിക്കണമെന്നുമാണ് കുടുംബം ഉന്നയിക്കുന്ന പ്രധാന ആവശ്യം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി. ദിവ്യ മാത്രമാണ് കേസിലെ ഏക പ്രതി. ഈ കാര്യങ്ങൾ സിബിഐ അന്വേഷിക്കുമോ എന്നാണ് ഏവരും നോക്കുന്നത്.
അന്വേഷണത്തിൽ നിന്ന് ഒഴിവാക്കിയെന്ന് നവീൻ ബാബുവിന്റെ കുടുംബം ആരോപിക്കുന്ന കാര്യങ്ങൾ
∙ നവീൻ ബാബു കൈക്കൂലി വാങ്ങിയെന്നാണ് കേസിലെ സാക്ഷിയായ പ്രശാന്തൻ ആരോപിച്ചത്. കൈക്കൂലി വാങ്ങിയില്ലെന്ന് ലാൻഡ് റവന്യൂ ജോയിന്റ് കമ്മിഷണർ എ. ഗീത നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. അന്വേഷണ ഏജൻസി അദ്ദേഹത്തിന്റെ ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ ഹാജരാക്കേണ്ടതായിരുന്നു. എന്നാൽ അതുണ്ടായില്ല.
∙ നവീനെതിരെ പരാതി തയാറാക്കി മുഖ്യമന്ത്രിക്ക് നൽകിയതായും പരാമർശമുണ്ട്. കൈക്കൂലി വാങ്ങിയെന്ന് കാണിക്കുന്നതിനുള്ള ഏറ്റവും നല്ല തെളിവായിരുന്നു അത്. പക്ഷേ ആ പരാതിയെക്കുറിച്ച് കൂടുതൽ അന്വേഷണമുണ്ടായില്ല.
∙ നവീന്റെ താമസ സ്ഥലത്ത് പ്രശാന്തന്റെ സാന്നിധ്യം കാണിക്കുന്ന സിസിടിവി ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥൻ ഹാജരാക്കിയിട്ടുണ്ട്. ദൃശ്യങ്ങൾ എഡിറ്റ് ചെയ്തിട്ടുള്ളതാണ്. കൂടാതെ ദൃശ്യങ്ങളിൽ കാണുന്ന വ്യക്തികളെക്കുറിച്ചും പരാമർശിച്ചിട്ടില്ല.
∙ പ്രശാന്തൻ വിജിലൻസിന് പരാതി നൽകിയന്ന് പറഞ്ഞെങ്കിലും വിജിലൻസ് ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തില്ല.
∙ എഡിഎമ്മുമായുള്ള സംഭാഷണം പരാമർശിച്ച് ഫോണിൽ മന്ത്രി കെ. രാജനെ അറിയിച്ചതായും മന്ത്രി അന്വേഷണം ഉറപ്പുനൽകിയതായും ജില്ലാ കലക്ടർ പ്രസ്താവന നൽകി. എന്നാൽ അത്തരം കാര്യങ്ങളൊന്നും നടന്നിട്ടില്ലെന്ന് മന്ത്രി മാധ്യമങ്ങളിലൂടെ അറിയിച്ചു.
∙ പ്രശാന്തൻ പ്രതിയുടെ ബെനാമി മാത്രമാണ്. പ്രതി മരിച്ചയാൾക്കെതിരെ തിരിയാനും മരണത്തിലേക്ക് നയിക്കാനും അതായിരുന്നു ഏക കാരണം. പ്രശാന്തന്റെ പ്രസ്താവന വായിച്ചാൽ, പെട്രോൾ പമ്പിൽ വലിയ നിക്ഷേപം ഉൾപ്പെടുന്ന ഒരു ബിസിനസ് നടത്താൻ പണമില്ലെന്ന് വ്യക്തമാകും. ഒരു ആശുപത്രി ജീവനക്കാരനായതിനാൽ, പെട്രോൾ പമ്പ് നടത്താനുള്ള ലൈസൻസിന് അപേക്ഷിക്കാൻ പോലും അദ്ദേഹത്തിന് കഴിയില്ലെന്നും ഹർജിയിലുണ്ട്.
