ഇഡി ഡയറക്ടർ കൊച്ചിയിൽ; നാളെ ഉന്നതതല യോഗം; സി.എം.ആർ.എൽ, ഉദ്യോഗസ്ഥർക്കുനേരെയുള്ള ആക്രമണം തുടങ്ങിയവ ചർച്ചയാകും
കൊച്ചി: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മേധാവി രാഹുൽ നവീൻ കൊച്ചിയിലെത്തി. ഇ.ഡി. ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വെള്ളിയാഴ്ച കൊച്ചിയിൽ ചേരുന്നുണ്ട്. സി.എം.ആർ.എൽ- എക്‌സാലോജിക് കേസിൽ റെയ്ഡ് നടത്തി മടങ്ങിയ ഇ.ഡി. ഉദ്യോഗസ്ഥരെ സി.പി.എം. പ്രവർത്തകർ ആക്രമിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽക്കൂടിയാണ് രാഹുൽ നവീൻ കൊച്ചിയിലെത്തിയത്.
വെള്ളിയാഴ്ചയാണ് സി.എം.ആർ.എലിന്റെ അപ്പീലിൽ ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് വിധി പറയാനിരിക്കുന്നത്. ഉത്തരവ് തങ്ങൾക്ക് അനുകൂലമാകുമെന്നാണ് ഇ.ഡി.യുടെ പ്രതീക്ഷ. തുടർന്ന് സി.എം.ആർ.എൽ. എക്‌സാലോജിക് വിഷയത്തിലുള്ള തുടർനടപടികൾ രാഹുൽ നവീന്റെ നേതൃത്വത്തിൽ ചർച്ചചെയ്ത് തീരുമാനമെടുക്കും. ചെന്നൈയിൽനിന്നുള്ള സ്‌പെഷ്യൽ ഡയറക്ടർ അടക്കമുള്ള ഇ.ഡി.യുടെ ഉന്നതോദ്യോഗസ്ഥർ കൊച്ചിയിലെത്തിയിട്ടുണ്ട്.
യോഗത്തിൽ ഇ.ഡി. കേരളത്തിൽ അന്വേഷിക്കുന്ന കേസുകളുടെയെല്ലാം അവലോകനമുണ്ടായേക്കും. സി.എം.ആർ.എൽ. എക്‌സാലോജിക് വിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസങ്ങളിൽ വിശദമായ പരിശോധന നടന്നിരുന്നു. പിണറായി വിജയന്റെ മകൾ വീണയെ വിളിച്ചുവരുത്തി ചോദ്യംചെയ്യൽ, സി.എം.ആർ.എലിന്റെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കൽ തുടങ്ങിയ കാര്യങ്ങളിലേക്കെല്ലാം അന്വേഷണം പോകുമെന്നാണ് ഇ.ഡി. വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുള്ളത്.
കഴിഞ്ഞമാസം 27-നാണ് ഇ.ഡി. ഉദ്യോഗസ്ഥർ പിണറായി വിജയന്റെ പിണറായിയിലെയും തിരുവനന്തപുരത്തേയും വീടുകളിലടക്കം സംസ്ഥാനത്തും പുറത്തുമായി പത്തിടത്ത് റെയ്ഡ് നടത്തിയത്. പിന്നാലെ സംസ്ഥാന വ്യാപകമായി സി.പി.എം. പ്രതിഷേധങ്ങൾ നടത്തി. പിണറായിയുടെ വീട്ടിൽനിന്ന് റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇ.ഡി. ഉദ്യോഗസ്ഥർ സഞ്ചരിച്ച കാറുകൾ തല്ലിത്തകർക്കുകയും ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യുകയും ചെയ്തു. ആക്രമണം നടത്തിയവരെ പിന്നീട് അറസ്റ്റുചെയ്യുകയും ഗുരുതര വകുപ്പുകൾ ചുമത്തുകയും ചെയ്തിരുന്നു.
