പയ്യന്നൂരിൽ വി. കുഞ്ഞിക്കൃഷ്ണൻ എംഎൽഎയുടെ സ്വീകരണത്തിന് സിപിഎം അനുഭാവികളും

Share our post

പയ്യന്നൂർ : വിലക്ക് ലംഘിച്ച് സിപിഎം അനുഭാവികൾ വി.കുഞ്ഞിക്കൃഷ്ണൻ എംഎൽഎക്ക് സ്വീകരണം നൽകാൻ എത്തി. വി.കുഞ്ഞിക്കൃഷ്‌ണനെ സിപിഎം പുറത്താക്കിയ ജനുവരി 26ന് കുഞ്ഞിക്കൃഷ്‌ണന് അനുകൂലമായി ജന്മനാടായ വെള്ളൂരിൽ പ്രകടനം നടത്തിയവർ ചേർന്ന് രൂപീകരിച്ച ജാഗ്രതയുടെ പേരിലാണ് വെള്ളൂർ ചാനോത്ത് സ്വീകരണം നൽകിയത്. സ്വീകരണം വിജയിപ്പിക്കാൻ ജാഗ്രതയുടെ പ്രവർത്തകർ ചാനോത്ത് പ്രദേശത്ത് സ്ക്വാഡ് പ്രവർത്തനം നടത്തിയിരുന്നു. അതിന് പിറകെ സിപിഎം പ്രവർത്തകർ വീട് കയറി സ്വീകരണത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് സിപിഎം അനുഭാവികളെ വിലക്കിയിരുന്നുവെന്ന് ജാഗ്രതയുടെ മുഖ്യ സംഘാടകരിൽ ഒരാളായ റിട്ട. അധ്യാപകൻ കെ.സുരേശൻ പ്രസംഗത്തിൽ പറഞ്ഞു.

ആ വിലക്ക് ലംഘിച്ചാണ് ജനങ്ങൾ കൂട്ടത്തോടെ എത്തിയതെന്ന് അദ്ദേഹം പറഞ്ഞു. സ്വീകരണ പരിപാടിക്ക് വലിയ ജനപങ്കാളിത്തമുണ്ടായിരുന്നു. വെള്ളൂർ ബാങ്ക് പരിസരത്ത് വച്ച് എംഎൽഎയെ സ്വീകരിച്ച് ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ നാടകപ്പുരയുടെ സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തയാറാക്കിയ വേദിയിലേക്ക് ആനയിച്ചു. വിവിധ സ്ഥലങ്ങളിലെ സഖാക്കൾക്ക് വേണ്ടി എംഎൽഎയെ ഹാരാർപ്പണം നടത്തി. ടി.പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു. കഥാകൃത്ത് വി.എസ്.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. വി.കുഞ്ഞിക്കൃഷ്ണൻ എംഎൽഎ പ്രസംഗിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!