കൂലി,വളം, ആസിഡ് ചിലവിൽ വർദ്ധനവ് റബ്ബർവില മുന്നൂറിനടുത്തിട്ടും പ്രയോജനമില്ലാതെ കർഷകർ

Share our post

നടുവിൽ: റബ്ബർ വില കിലോയ്ക്ക് 300 രൂപയോളമെത്തിയിട്ടും ഗുണം ലഭിക്കാതെ മലയോരത്തെ റബ്ബർ കർഷകർ. ആലക്കോട് മാർക്കറ്റിൽ ഗ്രേഡ് നാലിന് 282 രൂപയും ലോട്ടിന് 260 രൂപയുമാണ് നിലവിൽ ലഭിക്കുന്നത്. വിലവർദ്ധനവ് ആശ്വാസകരമെങ്കിലും മഴമൂലം ടാപ്പിംഗ് മുടങ്ങുന്നതും കൂലി വർദ്ധനവും ആസിഡ് അടക്കമുള്ള അസംസ്കൃതവസ്തുക്കളുടെ വില കുതിക്കുന്നതുമാണ് കർഷകർ നേരിടുന്ന വെല്ലുവിളി.

ഒന്നും രണ്ടും ഏക്കറിൽ കൃഷി ചെയ്യുന്നവരാണ് മിക്ക മലയോര കർഷകരും. സ്വന്തമായി ടാപ്പിംഗ് ചെയ്യുന്നവർക്ക് കൂലിയിനത്തിലെ തുക ലാഭിക്കാമെന്നത് നേട്ടമാണ്. കാലവർഷാരംഭത്തോടെ നിർത്തിയ ടാപ്പിംഗ് സാധാരണ ചിങ്ങമാസത്തിലാണ് പുനരാരംഭിക്കാറ്. എന്നാൽ തുടർച്ചയായുള്ള മഴ കാരണം ഇക്കുറി പലരും ടാപ്പിംഗ് തുടങ്ങിയിട്ടില്ല. കുറച്ചുപേർ റെയിൻഷേഡ് ഇട്ട് ടാപ്പിംഗ് ചെയ്യുന്നതാണ് ഇതിന് അപവാദം.

വില വർദ്ധിക്കുന്ന ഘട്ടത്തിലും ഭൂരിഭാഗം തോട്ടങ്ങളിലും തൊഴിലാളിക്ഷാമവും കൂലി വർദ്ധനവും മൂലം പലരും ടാപ്പിംഗ് തുടങ്ങിയിട്ടില്ല. അപൂർവം തോട്ടമുടമകൾ പാതിക്ക് പാതി എന്ന നിലയിൽ തൊഴിലാളികൾക്ക് മരം പാട്ടത്തിന് കൊടുത്തിരിക്കുകയാണ്. ഇതിൽ തൊഴിലാളിക്കു ഗുണം കിട്ടുമെങ്കിലും വലിയ തുക കൃഷിക്കായി ചിലവിട്ട ഉടമയ്ക്ക് തുച്ഛമായ വരുമാനമാണ് ലഭിക്കുക.

കമ്പോളം നിയന്ത്രിച്ച് ടയർ ലോബികൾ

വില 300 രൂപ കടക്കുമെന്ന സൂചനയോടെ കഴിഞ്ഞ ജൂണിൽ വില 280ന് അടുത്തെത്തിയെങ്കിലും പിന്നീട് കുത്തനെ ഇടിഞ്ഞ് 170 രൂപയിലെത്തി. മഴ മാറി ടാപ്പിംഗ് തുടങ്ങുമ്പോൾ കമ്പോളത്തിലേക്ക് കൂടുതൽ റബ്ബർ മാർക്കറ്റിലെത്തുന്ന ഘട്ടത്തിൽ കച്ചവടക്കാരും ടയർ ലോബികളും ഒത്തുകളിച്ച് വില കുറയ്ക്കുന്നതാണ് കർഷകരുടെ മുന്നനുഭവം. സാധാരണക്കാരായ കർഷകർക്ക് റബ്ബർ ഷീറ്റ് ഏറെക്കാലം പിടിച്ചു വയ്ക്കാൻ സാധിക്കില്ലെന്നതാണ് ടയർലോബിയുടെ വിജയം. തോട്ടം പരിപാലന ചിലവും കൂലിയും വളത്തിനും ആസിഡിനുമുള്ള വിലക്കയറ്റവും മൂലം ചെറുകിട കർഷകർ റബ്ബർഷീറ്ര് പെട്ടെന്ന് വിറ്റഴിക്കും. ഉത്പാദനം നിലയ്ക്കുന്ന ഘട്ടത്തിൽ വില വർദ്ധിക്കുന്ന സാഹചര്യവുമുണ്ടാകും.

മൃഗങ്ങൾ വിഹരിക്കുന്ന കൊടുംകാട്

മലയോരത്ത് ഉപേക്ഷിക്കപ്പെട്ട തോട്ടങ്ങളിൽ പലതും കാടു പിടിച്ച് പന്നി, പാമ്പ്, കുരങ്ങ് എന്നിവയുടെ സങ്കേതമായിരിക്കുകയാണ്. ചിലയിടങ്ങളിൽ പുലിയും കടുവയും ഇറങ്ങുന്നതായുള്ള പരാതിയുമുണ്ട്. ഈ മേഖലകളിൽ ടാപ്പിംഗ് നടത്താൻ തൊഴിലാളികൾ മടിക്കുകയാണ്. കാടു പിടിച്ച തോട്ടങ്ങൾ തെളിച്ചു വൃത്തിയാക്കാനുള്ള കൂലിയും വർദ്ധിച്ചു. മണിക്കൂറിന് 300 മുതൽ 350 രൂപവരെയാണ് കാട് വെട്ടുന്നതിന് ഈടാക്കുന്നത്.

ഒരു വർഷത്തിനിടെ വർദ്ധന

രാസവളം വില ₹500

ആസിഡ് വില ₹40

ടാപ്പിംഗ് കൂലി (മരമൊന്നിന്) ₹3.50


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!