സി.പി.എം. മുൻ സംസ്ഥാന കമ്മിറ്റിയംഗം കെ.പി. സഹദേവൻ അന്തരിച്ചു

Share our post

കണ്ണൂർ: കമ്യൂണിസ്‌റ്റ്‌–തൊഴിലാളി വർഗ പ്രസ്ഥാനത്തിന്റെ സമുന്നത നേതാവും സി.പി.എം മുൻ സംസ്ഥാന കമ്മിറ്റി അംഗവുമായ കെ പി സഹദേവൻ (84) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന്‌ കണ്ണൂർ എ കെ ജി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെള്ളി പകൽ ഒന്നരയോടെയാണ്‌ അന്ത്യം.

സിഐടിയു സംസ്ഥാന സെക്രട്ടറിയായിരുന്നു. പതിനെട്ടാം വയസിൽ ട്രേഡ്‌ യൂണിയൻ പ്രവർത്തനം ആരംഭിച്ച്‌ ആറര പതിറ്റാണ്ടിലേറെ കാലം സ്വജീവിതം നിസ്വ വർഗത്തിനായി സമർപ്പിച്ച ശേഷമാണ്‌ വിടവാങ്ങുന്നത്‌. ജീവന്റെ അവസാന ശ്വാസം വരെയും തൊഴിലാളി വർഗത്തിന്റെ അവകാശപോരാട്ടങ്ങൾക്ക്‌ വേണ്ടി നിലകൊണ്ടു.

പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ബീഡിതെറുപ്പുകാരനായി ജീവിതമാരംഭിച്ച കെ പി ടുബാക്കോ വർക്കേഴ്സ് യൂണിയൻ കണ്ണോത്തുംചാൽ ഡിവിഷൻ സെക്രട്ടറിയായാണ് പൊതുപ്രവർത്തനം തുടങ്ങുന്നത്‌. തുടർന്ന്‌ എണ്ണമറ്റ യൂണിയനുകൾക്ക് രൂപംകൊടുക്കുകയും നേതൃത്വം വഹിക്കുകയും ചെയ്തു. സിഐടിയു അഖിലേന്ത്യാ വർക്കിങ് കമ്മിറ്റിയംഗം, ബീഡി ആന്റ് സിഗാർ വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് എന്നീ നിലകളിലും പ്രവർത്തിച്ചു.

അടിയന്തരാവസ്ഥക്കാലത്ത് “മിസ’ പ്രകാരം ഇരുപത് മാസം ജയിലിലായി. വിവിധ കാലയളവിൽ രണ്ടുവർഷത്തോളം വേറെയും ജയിലിൽ കഴിഞ്ഞു. പൊലീസ് ‐ ഗുണ്ടാമർദനമേറ്റതിന് കയ്യും കണക്കുമില്ല. അടിയന്തരാവസ്ഥക്കുതൊട്ടു മുമ്പ് നടന്ന പോലീസ്‌ നരനായാട്ടിൽ ഗുരുതരമായി പരിക്കേറ്റു. 2003 മാർച്ച് 17ന് കണ്ണൂർ എസ്‌ പി ഓഫീസീലേക്ക്‌ നടന്ന എൽഡിഎഫ് മാർച്ചിലും പൊലീസിന്റെ ക്രൂര മർദനത്തിനിരയായി.

1955‐56ൽ കമ്യൂണിസ്റ്റ് പാർടി അംഗമായി. 1964ൽ സി.പി.എം രൂപം കൊണ്ടതുമുതൽ 78 വരെ കണ്ണൂർ മുനിസിപ്പൽ ലോക്കൽ സെക്രട്ടറി. 78ൽ ജില്ലാ കമ്മിറ്റി അംഗം. 86 മുതൽ ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം. 2005ൽ സംസ്ഥാന കമ്മിറ്റി അംഗമായി. 2022ൽ സംസ്ഥാന കമ്മിറ്റിയിൽ നിന്ന്‌ ഒഴിഞ്ഞു. 2006ൽ കണ്ണൂർ നിയമസഭ മണ്ഡലത്തിൽ എൽഡിഎഫ്‌ സ്ഥാനാർഥിയായിരുന്നു. എളയാവൂർ കണ്ണോത്തുംചാലിലെ പരേതരായ കുഞ്ഞിരാമന്റെയും കെ പി താലയുടെയും മകനാണ്.

കണ്ണൂർ ടൗൺ സർവീസ് സഹകരണ ബാങ്ക്‌ മാനേജരായിരുന്ന എ കെ കൗസല്യയാണ് ഭാര്യ. കെ പി സജീവൻ (ഇന്റീരിയർ വർക്ക്‌ഷോപ്പ്‌ ഉടമ) രാജീവൻ( ബയോഡ്രോപ്പ്‌സ്‌ വാട്ടർ പ്യൂരിഫയർ എംഡി) ഷമീർ(ഇംഗ്ലണ്ട്‌) മരുമക്കൾ: ജസിത(അഭിഭാഷക), പ്രീഷ്‌മ(കണ്ണോത്തുംചാൽ) സംയുക്ത(ഇംഗ്ലണ്ട്‌) സഹോദരങ്ങൾ: പരേതരായ യശോദ, ശ്രീമതി.

വെള്ളി വൈകുന്നേരം നാല് മണി വരെ കണ്ണൂർ എകെജി ആശുപത്രിയിലും തുടർന്ന് കക്കാട് തുളിച്ചേരി കോർജാൻ സ്‌കൂളിന് പുറകിലുള്ള വസതിയിലും പൊതുദർശനം.ശനി രാവിലെ ഒൻപത് മണിമുതൽ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ മന്ദിരത്തിലും വൈകുന്നേരം മൂന്ന് മണി മുതൽ സിഐടിയു ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദർശനത്തിന് ശേഷം നാല് മണിക്ക് പയ്യാമ്പലത്ത് സംസ്കാരം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!