ജീവനക്കാർ നോക്കിനിൽക്കേ കെ.എസ്.ആർ.ടി.സി ബസുമായികടന്ന് അജ്ഞാതൻ; ബിരിയാണിക്കടയിൽ ഇടിച്ചു; ആളെകണ്ടെത്താൻ അന്വേഷണം
പാലക്കാട്: സർവീസ് കഴിഞ്ഞ് പാലക്കാട് ഡിപ്പോയ്ക്ക് സമീപം നിർത്തിയിട്ടിരുന്ന കെ.എസ്.ആർ.ടി.സി. ബസ് അജ്ഞാതൻ മോഷ്ടിച്ചു. പാലക്കാട്-തൃശ്ശൂർ റൂട്ടിൽ ഓടുന്ന ബസ്സാണ് ഞായറാഴ്ച പുലർച്ചെ ജീവനക്കാർ നോക്കിനിൽക്കെ വെള്ള ഷർട്ട് ധരിച്ച ഒരാൾ ഓടിച്ചുകൊണ്ടുപോയത്. പിന്നീട് ടൗൺ ബസ് സ്റ്റാൻഡിന് മുന്നിലുള്ള മംഗളം ടവറിന് സമീപത്ത് ബസ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
ശനിയാഴ്ച രാത്രി ഒൻപതരയോടെയാണ് ടൗൺ ടു ടൗൺ സർവീസ് നടത്തുന്ന ‘ആർ.എൻ.ഇ. 857’ എന്ന നമ്പർ ബസ് സർവീസ് പൂർത്തിയാക്കി പാലക്കാട്ടെത്തിയത്. മെക്കാനിക്ക് വിഭാഗത്തിലെത്തിച്ച് പരിശോധിച്ചശേഷം ഡിപ്പോയ്ക്ക് പുറത്തുള്ള മദ്യവിൽപ്പനശാലയ്ക്ക് മുന്നിൽ റോഡരികിൽ നിർത്തിയിട്ടപ്പോഴായിരുന്നു സംഭവം.
അശ്രദ്ധമായി ഓടിച്ചതിനെതുടർന്ന് ബിരിയാണിക്കടയിലും മതിലിലും ഉൾപ്പെടെ പലയിടത്തും ബസ് ഇടിച്ചു. ആളെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. പ്രതിക്കായി ടൗൺ സൗത്ത് പോലീസ് സി.സി.ടി.വി. ക്യാമറകളടക്കം നിരീക്ഷിച്ച് അന്വേഷണം ആരംഭിച്ചു.
