കണ്ണൂരിൽ വച്ച് പെൺകുട്ടിയെ പീഡിപ്പിച്ചയാളെ പുണെയിൽ നിന്നു പിടികൂടി; കേരളത്തിലേക്ക് കൊണ്ടുവരുന്നതിനിടെ ട്രെയിനിൽ നിന്നു രക്ഷപ്പെട്ടു
കണ്ണൂർ ∙ മഹാരാഷ്ട്രയിൽ നിന്ന് പിടികൂടിയ പോക്സോ കേസിലെ പ്രതി ട്രെയിനിൽ നിന്ന് രക്ഷപ്പെട്ടു. മഹാരാഷ്ട്ര സ്വദേശി സഞ്ജയ് രാജ് മൽഹോത്ര (48) ആണ് കണ്ണൂർ ടൗൺ പൊലീസ് ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടത്. തിങ്കളാഴ്ച പുലർച്ചെ രണ്ടരയോടെ രത്നഗിരിയിൽ എത്തിയപ്പോൾ രക്ഷപ്പെട്ടു എന്നാണ് പൊലീസ് കരുതുന്നത്.
കണ്ണൂരിൽ ലോഡ്ജിൽ വച്ച് പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് ഇയാൾ. ഒളിവിലായിരുന്ന പ്രതി പുണെയിലുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് അവിടെയെത്തി പിടികൂടിയത്. തുടർന്ന് പുണെ– എറണാകുളം എക്സ്പ്രസ് ട്രെയിനിൽ കണ്ണൂരിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് രക്ഷപ്പെട്ടത്. ഇതോടെ പൊലീസുകാർ തൊട്ടടുത്ത സ്റ്റേഷനായ സാവന്ദ്‌വാടിയിലിറങ്ങി. കണ്ണൂർ ടൗൺ എസ്ഐ ജിഷ്ണുവിന്റെ നേതൃത്വത്തിലുള്ള പൊലീസാണ് പ്രതിയെ പിടികൂടാൻ പോയത്.
