ടെലികോം കമ്പനികൾക്ക് ഇനി പോർട്ട് ചാർജിന് പരിധി; പുതിയ നിരക്കുമായി ട്രായ്
ഡൽഹി: ടെലികോം കമ്പനികൾ പരസ്പരം നെറ്റ്വർക്കുകൾ ബന്ധിപ്പിക്കുന്നതിനുള്ള ഐപി അധിഷ്ഠിത (IP-based) ഇന്റർകണക്ഷൻ പോർട്ട് നിരക്കുകൾക്ക് പരിധി നിശ്ചയിച്ച് ഇന്ത്യൻ ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്). ഇതാദ്യമായാണ് ട്രായ് ഇത്തരമൊരു നടപടി സ്വീകരിക്കുന്നത്.
രണ്ട് കമ്പനികളുടെ നെറ്റ്വർക്കുകൾ തമ്മിൽ ഡാറ്റയും കോളുകളും കൈമാറുന്ന വിനിമയ കേന്ദ്രമാണ് ‘പോർട്ട്’ എന്ന് അറിയപ്പെടുന്നത്.ഒരു നെറ്റ്വർക്കിലെ വരിക്കാരൻ മറ്റൊരു നെറ്റ്വർക്കിലേക്ക് വിളിക്കുമ്പോൾ ആ കോൾ ഈ പോർട്ടിലൂടെയാണ് കടന്നുപോകുന്നത്. പോർട്ട് സൗകര്യം നൽകുന്ന കമ്പനിയാണ് മറ്റേ കമ്പനിയിൽ നിന്ന് ഇതിനായി നിരക്ക് ഈടാക്കുന്നത്.
വിളികളും വിവരങ്ങളും കൈമാറാൻ ടെലികോം ഓപ്പറേറ്റർമാർ പതിറ്റാണ്ടുകളായി ഉപയോഗിച്ചുവരുന്ന പഴയ സാങ്കേതികവിദ്യ അവസാനിപ്പിച്ച്, പകരം കൂടുതൽ വേഗതയേറിയ ഐപി അധിഷ്ഠിത സാങ്കേതികവിദ്യയിലേക്ക് പൂർണമായി മാറാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ട്രായിയുടെ ഈ തീരുമാനം.
പുതിയ നിർദേശപ്രകാരം 1 Gbps ഐപി പോർട്ടിന് പ്രതിവർഷം പരമാവധി 5.6 ലക്ഷം രൂപയും 10 Gbps പോർട്ടിന് 42.3 ലക്ഷം രൂപയും മാത്രമേ ഈടാക്കാൻ പാടുള്ളൂ. ഈ പുതിയ നിയമങ്ങൾ 2027 ജനുവരി 1 മുതൽ നിലവിൽ വരും. ടെലികോം നെറ്റ്വർക്കുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന ഇന്റർകണക്ഷൻ പോർട്ട് നിരക്കുകൾ നിശ്ചയിക്കുന്ന ചട്ടങ്ങൾ മുൻപ് 2001-ലാണ് രൂപീകരിച്ചത്. പിന്നീട് 2012-ലാണ് ഇതിൽ പരിഷ്കരണങ്ങൾ നടത്തിയത്. അക്കാലത്ത് പഴയ E1/TDM സർക്യൂട്ട് സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയായിരുന്നു നിരക്കുകൾ നിശ്ചയിച്ചിരുന്നത്.
നിലവിൽ ടെലികോം കമ്പനികൾ സ്വന്തം നെറ്റ്വർക്കിനുള്ളിൽ 4G, 5G കോളുകൾ നിർവഹിക്കുന്നത് പുതിയ ഐപി അധിഷ്ഠിത സാങ്കേതികവിദ്യ വഴിയാണ്. എങ്കിലും, മറ്റ് കമ്പനികളുടെ നെറ്റ്വർക്കുകളിലേക്ക് കോളുകൾ ബന്ധിപ്പിക്കാൻ ഇപ്പോഴും പല ഓപ്പറേറ്റർമാരും പഴയ E1 പോർട്ടുകളാണ് ഉപയോഗിക്കുന്നത്. ഈ രണ്ട് വ്യത്യസ്ത രീതികൾ ഒന്നിച്ചു ഉപയോഗിക്കുന്നത് കോളുകൾ കണക്റ്റാകുന്നതിൽ താമസം വരുത്താനും, കോൾ ഗുണനിലവാരം കുറയ്ക്കാനും പ്രവർത്തനച്ചെലവ് കൂട്ടാനും കാരണമാകുന്നുണ്ടെന്ന് ട്രായ് ചൂണ്ടിക്കാട്ടുന്നു.
ഇതിന് പരിഹാരമായി, ‘ടെലികമ്മ്യൂണിക്കേഷൻ ഇന്റർകണക്ഷൻ (മൂന്നാം ഭേദഗതി) റഗുലേഷൻസ്, 2026’ പ്രകാരം എല്ലാ പുതിയ കണക്ഷനുകളും നിർബന്ധമായും ഐപി അധിഷ്ഠിതമായിരിക്കണം എന്ന് ട്രായ് വ്യക്തമാക്കി. നിലവിലുള്ള E1 കണക്ഷനുകൾ മൂന്ന് വർഷത്തിനുള്ളിൽ പൂർണ്ണമായും ഐപി സാങ്കേതികവിദ്യയിലേക്ക് മാറ്റാനും നിർദേശമുണ്ട്.
