ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോകൽ, അമിതവേഗത്തിൽ വണ്ടി ഓടിച്ചുപോകൽ; എന്നിട്ടും വാഹനങ്ങൾ തടയാൻ സംവിധാനം ഇല്ല; 50 ലേറെ ഉദ്യോഗസ്ഥർ ദുരിതത്തിൽ
ഇരിട്ടി∙ ലഹരിക്കടത്ത് തടയാൻ അതിർത്തിയിൽ ഓപ്പറേഷൻ തൂഫാൻ ഉൾപ്പെടെയുള്ള പരിശോധനകൾ ശക്തമാക്കുമ്പോഴും കൂട്ടുപുഴയിലെ ചെക്പോസ്റ്റുകളിൽ സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളുമില്ലാതെ ഉദ്യോഗസ്ഥർ. കർണാടകയിൽനിന്ന് കേരളത്തിലേക്ക് കടന്നുവരുന്ന വാഹനങ്ങൾ തടഞ്ഞുനിർത്താൻ ക്രോസ്ബാറോ ശാസ്ത്രീയ ബാരിക്കേഡ് സംവിധാനമോ ഇല്ല. കൈകാണിച്ചാൽ വാഹനങ്ങൾ സ്വമേധയാ നിർത്തുമെന്ന പ്രതീക്ഷയിൽ പരിശോധന നടത്തേണ്ട അവസ്ഥ. നിർത്താതെ പായുന്ന വാഹനങ്ങൾക്കു പിന്നാലെ അപകടസാധ്യത അവഗണിച്ച് ഉദ്യോഗസ്ഥർ റോഡിലിറങ്ങേണ്ടിവരുന്നു.വാഹനങ്ങൾ തടയുന്നതിനുള്ള ക്രോസ് ബാർ, ബാരിക്കേഡ് ഉൾപ്പെടെയുള്ള സുരക്ഷാസംവിധാനങ്ങൾ സ്ഥാപിക്കണമെന്ന ശുപാർശകൾ നേരത്തേ നൽകിയിരുന്നെങ്കിലും നടപടിയുണ്ടായിട്ടില്ല. പൊലീസ്, എക്സൈസ്, മോട്ടർ വാഹന വകുപ്പ് എന്നിവയുടെ 3 ചെക്പോസ്റ്റുകളിലായി 50ലേറെ ഉദ്യോഗസ്ഥരാണു വിവിധ ഷിഫ്റ്റുകളിലായി ജോലി ചെയ്യുന്നത്.
ഇത്രയധികം ഉദ്യോഗസ്ഥർ ഡ്യൂട്ടിയിലുണ്ടായിട്ടും സുരക്ഷിതമായി പരിശോധന നടത്താനുള്ള അടിസ്ഥാന സംവിധാനങ്ങൾ ഒരുക്കാത്തത് അതിർത്തി പരിശോധനയുടെ കാര്യക്ഷമതയെപ്പോലും ചോദ്യം ചെയ്യുന്നതാണ്. മൃഗസംരക്ഷണ വകുപ്പിന്റെ ആർപി ചെക്പോസ്റ്റ് സ്ഥാപിക്കാൻ കണ്ടെയ്നർ സ്ഥാപിച്ചെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതിനാൽ ഇനിയും തുറന്നിട്ടില്ല.
കുടിവെള്ളംപോലും സ്വന്തം ചെലവിൽ
സുരക്ഷാ സംവിധാനങ്ങളുടെ അഭാവത്തിനൊപ്പം കുടിവെള്ളത്തിനും ഉദ്യോഗസ്ഥർ ബുദ്ധിമുട്ടുകയാണ്. കിണറോ സ്ഥിരമായ ശുദ്ധജലസംവിധാനമോ ഇല്ലാത്തതിനാൽ ഡ്യൂട്ടിക്കെത്തുന്നവർ സ്വന്തം ചെലവിൽ കുപ്പിവെള്ളം വാങ്ങിയാണുപയോഗിക്കുന്നത്. ശുചിമുറി ആവശ്യങ്ങൾക്കുപോലും പുഴയിൽനിന്ന് വെള്ളം എടുക്കേണ്ട സ്ഥിതിയാണ്. മണിക്കൂറുകളോളം നീളുന്ന ഡ്യൂട്ടിയിൽ ഉദ്യോഗസ്ഥർക്ക് ആവശ്യമായ പ്രാഥമിക സൗകര്യങ്ങൾ പോലും ഉറപ്പാക്കാൻ കഴിഞ്ഞിട്ടില്ല.
കേരളത്തിലേക്കുള്ള പ്രധാന പ്രവേശനകവാടങ്ങളിലൊന്നായ കൂട്ടുപുഴയിൽ ലഹരിമരുന്ന്, മദ്യം, നിരോധിത പുകയില ഉൽപന്നങ്ങൾ എന്നിവയുടെ കടത്ത് തടയാൻ പരിശോധന ശക്തമാക്കേണ്ടത് അനിവാര്യമാണ്. എന്നാൽ അതിനുള്ള സംവിധാനങ്ങൾ ഒരുക്കുന്നതിൽ അധികൃതരുടെ ഭാഗത്തുനിന്ന് വേണ്ടത്ര ശ്രദ്ധയുണ്ടാകുന്നില്ല. അതിവേഗത്തിലെത്തുന്ന വാഹനങ്ങൾ കൈകാണിച്ച് തടയേണ്ടിവരുന്നതു ഉദ്യോഗസ്ഥരുടെ ജീവൻതന്നെ അപകടത്തിലാക്കുന്ന സാഹചര്യമുണ്ടാക്കുന്നു.
ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോയിട്ടും കണ്ണുതുറക്കാതെ
എക്സൈസ് ചെക്പോസ്റ്റ് ഉദ്യോഗസ്ഥനെ 2 വർഷം മുൻപ് പരിശോധനയ്ക്കിടെ ലഹരിക്കടത്തുസംഘം വാഹനത്തിലാക്കി തട്ടിക്കൊണ്ടുപോയി വഴിയിൽ ഉപേക്ഷിച്ച സംഭവമുണ്ടായിട്ടും വാഹനം നിർത്തിക്കാൻ ശാസ്ത്രീയ സംവിധാനം സ്ഥാപിക്കാൻ ഒരു വകുപ്പും തയാറായിട്ടില്ല. സമാനമായ 3 സംഭവങ്ങൾ കൂടി ചെക്പോസ്റ്റിൽ ഉണ്ടായിട്ടുണ്ട്. കൈ കാണിച്ചിട്ടും നിർത്താതെ അമിതവേഗത്തിൽ വാഹനം ഓടിച്ചുപോകുന്ന സംഭവങ്ങളും ഉണ്ടാകുന്നുണ്ട്. 3 ചെക്പോസ്റ്റുകളും പാലത്തിന് സമീപം ചേർന്നാണുള്ളത്. പാലം കവലയിൽ റോഡിനു വീതിയും കൂടുതലാണ്. ഗതാഗതം നിയന്ത്രിക്കുന്നതിനു റോഡിൽ ഇടിച്ചാൽ തെറിച്ചുപോകുന്ന ഏതാനും പ്ലാസ്റ്റിക് കുറ്റികൾ അല്ലാതെ യാതൊരു നിയന്ത്രണ സംവിധാനങ്ങളും ഇല്ലാത്തതിനാൽ വാഹനങ്ങൾക്ക് ചെക്പോസ്റ്റിന് മുന്നിലൂടെ തോന്നിയ പോലെ കടന്നുപോകാൻ കഴിയും.
സുരക്ഷയും പ്രധാനമല്ലേ?
അതിർത്തി ചെക്ക് പോസ്റ്റ് കടന്നു യാതൊരു കടന്നുകയറ്റങ്ങളും നടക്കരുതെന്നും ഓപ്പറേഷൻ തൂഫാൻ പ്രമാണിച്ചു പ്രത്യേക പരിശോധന നടത്തണമെന്നും ഉന്നത കേന്ദ്രങ്ങളിൽ നിന്നുള്ള നിർദേശങ്ങളും ചുമതലയിലുള്ള ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുണ്ട്. പക്ഷേ ചെക് പോസ്റ്റുകളിൽ വാഹനം നിർത്തിക്കാനുള്ള ക്രോസ് ബാർ മുതൽ യാതൊരു അടിസ്ഥാന സുരക്ഷാസൗകര്യങ്ങളും ഇല്ലെന്നതു വകുപ്പ് മേധാവികളും ബന്ധപ്പെട്ടവരും വിസ്മരിക്കുകയാണ്. പൊലീസിനും എക്സൈസിനും പുറമേ മോട്ടർ വാഹന വകുപ്പിനും ഇവിടെ ചെക് പോസ്റ്റ് ഉണ്ട്. അടുത്തടുത്തുള്ള ഈ 3 ചെക്പോസ്റ്റുകൾക്കും കൂടി റോഡിന് കുറുകെ ഒരു നിയന്ത്രണ സംവിധാനം (ക്രോസ് ബാർ) മതിയെങ്കിലും ഒരു വകുപ്പും നടപടി സ്വീകരിച്ചിട്ടില്ല.
ചീറിപ്പാഞ്ഞു വരുന്ന വാഹനങ്ങൾ കൈകാണിച്ചു നിർത്തിച്ചു ‘അവരുടെ ദയാവായ്പിൽ’ പരിശോധന നടത്തേണ്ട ഗതികേടിലാണ് ചുമതലപ്പെട്ട ഉദ്യോഗസ്ഥർ. ആയിരക്കണക്കിനു വാഹനങ്ങൾ കടന്നുപോകുന്ന സംസ്ഥാനാന്തര പാതയിൽ ആധുനിക സംവിധാനങ്ങൾ ചെക്പോസ്റ്റുകളിൽ ഏർപ്പെടുത്തേണ്ടതാണ്. പക്ഷേ കേരളത്തിന്റെ ചെക്പോസ്റ്റുകളിൽ ‘ഹൈടെക് കൈകാണിച്ചു നിർത്തൽ’ സംവിധാനം ആണു നടപ്പാക്കുന്നതെങ്കിൽ തൊട്ടപ്പുറം കർണാടക വനം, പൊലീസ് ചെക്പോസ്റ്റുകളിൽ ബാരിക്കേഡ് ഗേറ്റ് തന്നെ പരിശോധനയ്ക്ക് സ്ഥാപിച്ചിട്ടുണ്ട്.
