ഗർഭിണിക്ക് വേണ്ടി പ്രോട്ടോക്കോൾ ലംഘിച്ച് മുഖ്യമന്ത്രി വിജയ്; കയ്യടിച്ച് ആളുകൾ

Share our post

തമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ പ്രോട്ടോക്കോൾ ലംഘിച്ചും ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നും സി. ജോസഫ് വിജയ് മറ്റ് രാഷ്ട്രീയ നേതാക്കളിൽ നിന്നും വ്യത്യസ്തനാകുന്നു. ഔദ്യോഗിക ചടങ്ങുകൾക്കിടെ പൂർണഗർഭിണിയായ യുവതിക്കായി വേദിയിൽ നിന്ന് താഴെയിറങ്ങിച്ചെന്ന് നിയമന ഉത്തരവ് കൈമാറിയ മുഖ്യമന്ത്രി വിജയ്‌യുടെ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.

തമിഴ്‌നാട് പബ്ലിക് സർവീസ് കമ്മീഷൻ മുഖേന വൈദ്യുതി വകുപ്പിൽ ജോലി ലഭിച്ച 401 ഉദ്യോഗാർഥികൾക്കുള്ള അപ്പോയിന്റ്‌മെന്റ് ലെറ്റർ വിതരണം ചെയ്യുന്ന ചടങ്ങിലായിരുന്നു സംഭവം. ചെന്നൈയിലെ പ്രശസ്തമായ കലൈവനാർ അരംഗം ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. 383 അസിസ്റ്റന്റ് എൻജിനീയർമാർക്കും, 18 അസിസ്റ്റന്റ് അക്കൗണ്ട്‌സ് ഓഫിസർമാർക്കുമാണ് ചടങ്ങിൽ നിയമന ഉത്തരവുകൾ കൈമാറിയത്.

വൈദ്യുതി വകുപ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരിൽ അക്ഷയാ ലക്ഷ്മി എന്ന ഉദ്യോഗാർഥിയും ഉൾപ്പെട്ടിരുന്നു. അക്ഷയയുടെ പേര് വേദിയിലേക്ക് അനൗൺസ് ചെയ്തപ്പോഴാണ് അവർ ഒൻപത് മാസം പ്രായമുള്ള ഗർഭിണിയാണെന്ന വിവരം മുഖ്യമന്ത്രി വിജയ്‌യുടെ ശ്രദ്ധയിൽപ്പെടുന്നത്. പ്രസവത്തിന് ഏതാനും ദിവസങ്ങൾ മാത്രം ബാക്കിയുള്ള അക്ഷയയ്ക്ക് പടവുകൾ കയറി സ്റ്റേജിലേക്ക് എത്തുക ബുദ്ധിമുട്ടാണെന്ന് താരം കൂടിയായ മുഖ്യമന്ത്രി പെട്ടെന്ന് തന്നെ മനസ്സിലാക്കി.സുരക്ഷാ ഉദ്യോഗസ്ഥരെയും ഔദ്യോഗിക പ്രോട്ടോക്കോളുകളെയും അമ്പരപ്പിച്ചുകൊണ്ട് വിജയ് പെട്ടെന്ന് തന്നെ വേദിയിൽ നിന്നും താഴേക്ക് ഇറങ്ങാൻ തീരുമാനിക്കുകയായിരുന്നു.

മുഖ്യമന്ത്രി നേരിട്ട് പടികളിറങ്ങി സദസ്സിലിരുന്ന അക്ഷയയ്ക്ക് അരികിലേക്ക് നടന്നെത്തി. നിറഞ്ഞ ചിരിയോടെ അക്ഷയയ്ക്ക് നിയമന ഉത്തരവ് കൈമാറിയ വിജയ്, പുതിയ ജോലിയിലേക്ക് പ്രവേശിക്കുന്ന അവർക്ക് എല്ലാവിധ ആശംസകളും നേർന്നു. സുരക്ഷിതമായി കുഞ്ഞിന് ജന്മം നൽകാൻ സാധിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചപ്പോൾ സദസ്സിൽ നിന്നും വലിയ കയ്യയടിയാണ് ഉയർന്നത്. ജൂൺ 28 ആണ് അക്ഷയയ്ക്ക് ഡോക്ടർമാർ നൽകിയിരിക്കുന്ന പ്രസവ തീയതി.

മുഖ്യമന്ത്രിയുടെ ഈ അപ്രതീക്ഷിതമായ പ്രവൃത്തിയെ പ്രശംസിച്ച് രാഷ്ട്രീയ-സിനിമ മേഖലകളിൽ നിന്നും നിരവധി പേരാണ് രംഗത്തെത്തുന്നത്. അധികാരത്തിന്റെ പ്രോട്ടോക്കോളുകളേക്കാൾ മനുഷ്യത്വത്തിന് വില കൽപ്പിച്ച മുഖ്യമന്ത്രിക്ക് സോഷ്യൽ മീഡിയയിൽ വലിയ പിന്തുണയാണ് ലഭിക്കുന്നത്. “ഇതാണ് യഥാർഥ ജനനായകൻ” എന്ന തരത്തിലുള്ള കമന്റുകളോടെ വിഡിയോ തമിഴ്‌നാട്ടിൽ വലിയ രീതിയിൽ പ്രചരിക്കുകയാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!