‘കുട്ടികൾ കൊറിയൻ സിനിമകൾ കാണുന്നു’; ഇത് അക്രമവാസന വർധിപ്പിക്കുന്നെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

Share our post

തിരുവനന്തപുരം: കൊറിയൻ ക്രൈം സിനിമകളും ഓൺലൈൻ ഗെയിമുകളും കാരണം കുട്ടികളിൽ അക്രമവാസനയും ആത്മഹത്യാ പ്രവണതയും വർധിക്കുന്നതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേരളത്തിലും രാജ്യത്തും ആഗോളതലത്തിലും ഇത് വലിയൊരു ചോദ്യമായി ഉയർന്നുവന്നിരിക്കുകയാണ്. സംസ്ഥാനത്ത് ധാരാളം കുട്ടികൾ കൊറിയൻ സിനിമകളും വിവിധ രാജ്യങ്ങളിലെ ക്രൈം സിനിമകളും കാണുന്നുണ്ട്. ഏതെങ്കിലും ഒരു രാജ്യത്തെ കുറ്റപ്പെടുത്തുകയല്ലെങ്കിലും ഇത്തരം സിനിമകൾ കുട്ടികളിൽ അക്രമവാസന പ്രോത്സാഹിപ്പിക്കുന്നു എന്ന പരാതി ജനങ്ങളിൽ നിന്ന് ഉയർന്നുവരുന്നുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഓൺലൈൻ ഗെയിമിങ്ങും മൊബൈൽ ഫോൺ ഉപയോഗവും കുട്ടികളിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ അതീവ ഗുരുതരമാണ്. തൻ്റെ മണ്ഡലത്തിൽ 13 വയസ്സുള്ള കുട്ടി സ്വന്തം മുത്തച്ഛനെ കൊലപ്പെടുത്തിയ ശേഷം, ആ കൊലപാതക ദൃശ്യങ്ങൾ മൊബൈലിലൂടെ യാതൊരു പശ്ചാത്താപവുമില്ലാതെ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. മുത്തച്ഛനെ എങ്ങനെയാണ് കൊല്ലുന്നതെന്ന് ഓൺലൈനിലൂടെ കണ്ടുപഠിക്കുന്ന അവസ്ഥയാണുള്ളതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കുട്ടികൾക്കിടയിലെ അക്രമവാസനയും ഓൺലൈൻ ഗെയിമുകൾ വഴി കുട്ടികൾ ആത്മഹത്യ ചെയ്യുന്നതും തടയാനാണ് സർക്കാർ ‘സൈബർ സേഫ് കേരള’ എന്ന പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. നിയമപാലന ഏജൻസി എന്ന നിലയിൽ പൊലീസിന് വലിയ ഉത്തരവാദിത്തമുണ്ടെന്നും വിപുലമായ തോതിൽ പദ്ധതി നടപ്പാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!