മധ്യപ്രദേശിൽ നവരാത്രി ആഘോഷങ്ങൾക്കിടെ വൻ ദുരന്തം: ട്രക്ക് തീർഥാടകർക്കിടയിലേക്ക് ഇടിച്ചുകയറി 12 മരണം; 39 പേർക്ക് പരിക്ക്

Share our post

ഗ്വാളിയർ: നവരാത്രി ആഘോഷങ്ങൾക്കിടെ മധ്യപ്രദേശിലെ ഗ്വാളിയോറിൽ വൻ ദുരന്തം. ഷീത്‌ല മാതാ ക്ഷേത്രത്തിന് സമീപം ഭക്തർക്കിടയിലേക്ക് അമിതവേഗത്തിലെത്തിയ ട്രക്ക് പാഞ്ഞുകയറി 12 തീർഥാടകർക്ക് ദാരുണാന്ത്യം. 39 പേർക്ക് പരിക്കേറ്റു. ഞായറാഴ്ച പുലർച്ചെ 1:30-ഓടെയാണ് അപകടമുണ്ടായത്.

ചിന്നോർ ഭാഗത്തുനിന്ന് നെല്ല് കയറ്റിവന്ന ട്രക്കാണ് ഇറക്കത്തിൽവെച്ച് നിയന്ത്രണം വിട്ടത്. നവരാത്രി പ്രമാണിച്ച് ഭാരവാഹനങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരുന്ന റോഡിലൂടെയാണ് അമിതവേഗത്തിൽ വാഹനം പാഞ്ഞെത്തിയത്. പോലീസിന്റെ സുരക്ഷാ ബാരിക്കേഡുകൾ തകർത്ത ട്രക്ക്, വഴിയിലുണ്ടായിരുന്ന ഭക്തരെ ഇടിച്ചുതെറിപ്പിച്ചശേഷം ക്ഷേത്രത്തിന്റെ പുറംമതിലിലും പ്രധാന കവാടത്തിലും ഇടിച്ചുനിൽക്കുകയായിരുന്നു.

പരിക്കേറ്റ 39 പേരെയും ഉടൻതന്നെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതിൽ ആറുപേരുടെ നില അതീവ ഗുരുതരമാണെന്നും ബാക്കിയുള്ളവർക്ക് സാരമായ പരിക്കേറ്റതായും ഗ്വാളിയർ എസ്.എസ്.പി. ധർമ്മവീർ സിങ് അറിയിച്ചു. ക്ഷേത്രപരിസരത്ത് സുരക്ഷാചുമതലയിലുണ്ടായിരുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥർക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്.

നവരാത്രി ആഘോഷങ്ങൾ പ്രമാണിച്ച് കടുത്ത ഗതാഗതനിയന്ത്രണങ്ങളും പോലീസ് പരിശോധനയും നിലവിലുണ്ടായിരുന്ന പ്രദേശത്ത് ഭാരവാഹനം എങ്ങനെ പ്രവേശിച്ചു എന്നത് സംബന്ധിച്ച് സമഗ്ര അന്വേഷണത്തിന് ഗ്വാളിയർ കളക്ടർ രുചിക ചൗഹാൻ ഉത്തരവിട്ടു. വാഹനത്തിന്റെ യാന്ത്രികതകരാറാണോ അപകടത്തിന് കാരണമായതെന്ന് അറിയാൻ മോട്ടോർ വാഹനവകുപ്പിന്റെ പ്രത്യേകസംഘം വാഹനം പരിശോധിച്ചുവരികയാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!