യൂട്യൂബർ തൊപ്പിക്കെതിരെ വീണ്ടും പോലീസ് കേസ്; സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന് എഫ്ഐആർ
കൊച്ചി: വിവാദ യൂട്യൂബർ ‘തൊപ്പി’ എന്നറിയപ്പെടുന്ന നിഹാദിനെതിരെ പോലീസ് വീണ്ടും കേസെടുത്തു. സുഹൃത്തുക്കളുടെ നഗ്ന വീഡിയോകൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചു എന്ന പരാതിയിലാണ് നടപടി. സംഭവത്തിൽ നിഹാദിനെതിരെ റൂറൽ സൈബർ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചു.
സുഹൃത്തുക്കളുടെ സ്വകാര്യ ദൃശ്യങ്ങൾ അവരുടെ അനുവാദമില്ലാതെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പോസ്റ്റ് ചെയ്തു എന്നതാണ് പ്രധാനമായ കുറ്റം. സൈബർ പോലീസിന്റെ നേതൃത്വത്തിൽ നിഹാദിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളും അനുബന്ധമായ ഡിജിറ്റൽ തെളിവുകളും പരിശോധിച്ചു വരികയാണ്.
സോഷ്യൽ മീഡിയയിൽ വലിയ തോതിൽ ഫോളോവേഴ്‌സുള്ള വ്യക്തിയാണ് നിഹാദ്. മുൻപും പല വിവാദങ്ങളിലും ഇയാൾ ഉൾപ്പെട്ടിട്ടുണ്ട്. ഐടി ആക്ട് പ്രകാരമുള്ള വകുപ്പുകൾ കൂടി ഉൾപ്പെടുത്തിയാണ് സൈബർ പോലീസ് അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്. വരും ദിവസങ്ങളിൽ നിഹാദിനെ ചോദ്യം ചെയ്യുന്നതടക്കമുള്ള കൂടുതൽ നിയമ നടപടികളിലേക്ക് പോലീസ് കടക്കുമെന്നാണ് സൂചന.
