കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ വനിതാ നഴ്‌സിനെ ഡോക്ടർ മർദ്ദിച്ചതായി പരാതി; മർദ്ദനമേറ്റത് പേരാവൂർ സ്വദേശിനിക്ക്
കണ്ണൂർ : ഡ്യൂട്ടിക്കിടെ വനിതാ നഴ്‌സിനെ ഡോ. മർദ്ദിച്ചതായി പരാതി. കണ്ണൂർ കിംസ് ശ്രീചന്ദ് ആശുപത്രിയിലെ ഡോ. സമേഷ് പദ്മൻ തലക്ക് മർദ്ദിച്ചതായി നഴ്സ് പേരാവൂർ സ്വദേശിനി കൂരിയാടൻ വീട്ടിൽ പി.വി. റാഷിദയാണ് ജില്ലാ വനിതാ പോലീസ് സ്റ്റേഷനിലും ഡി. എം. ഒക്കും പരാതി നൽകിയത്. ആരോഗ്യ മന്ത്രിക്കും പരാതി മെയിൽ ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച പകൽ ഗ്യാസ്ട്രോഎന്റോളജി ഒ.പിയിലാണ് സംഭവം. എ.എൻ.എം നഴ്സിംഗ് ട്രെയിനിയായ പരാതിക്കാരി കഴിഞ്ഞ അഞ്ച് മാസമായി ശ്രീചന്ദിൽ ജോലി ചെയ്തുവരികയാണ്. തിങ്കളാഴ്ച പകൽ ജോലിക്കിടെ ഡോ. സമേഷ് പദ്മൻ പറഞ്ഞതനുസരിച്ച് ഗ്ലൗസ് എടുക്കുന്നതിനായി റാഷിദ താഴേക്ക് കുനിഞ്ഞ സമയത്ത് യാതൊരുവിധ പ്രകോപനവുമില്ലാതെ തലയ്ക്ക് ശക്തമായി മർദ്ദിച്ചുവെന്നാണ് പരാതി. കടുത്ത തലവേദനയെ തുടർന്ന് റാഷിദയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
