മുഴപ്പിലങ്ങാട് ബീച്ചിലെ ഡ്രൈവിങ്ങിന് തടസ്സമായി ഫൈബർ വള്ളം; കെട്ടിക്കിടക്കുന്ന മലിനജലത്തിൽ കൊതുക് പെരുകുന്നു
മുഴപ്പിലങ്ങാട് ∙ മുഴപ്പിലങ്ങാട് ബീച്ചിലെ പാംഷോറിനടുത്ത് ഉപയോഗശൂന്യമായ കിടക്കുന്ന ഫൈബർ വള്ളം ബീച്ചിലെ ഡ്രൈവിങ്ങിനും കാൽനടയാത്രക്കാർക്കും തടസ്സമാകുകയാണ്. ഈ വള്ളം ഏറെനാളായി ബീച്ചിൽ കിടക്കുന്നു. വള്ളത്തിൽ കെട്ടിക്കിടക്കുന്ന മലിനജലത്തിൽ കൊതുകുപെരുകുന്ന അവസ്ഥയാണ്. ദിവസങ്ങൾക്ക് മുൻപുണ്ടായ വേലിയേറ്റത്തിലാണു വള്ളം ബീച്ചിൽ വന്നെത്തിയത്.
അമിതവേഗത്തിൽ കാറുകളോടിച്ചുള്ള സാഹസ പ്രകടനങ്ങളും ബീച്ചിൽ പതിവാണ്. ഇതിനു പുറമേയാണു സ്ഥലത്ത് തടസ്സമായി ഉപയോഗശൂന്യമായ ഫൈബർ ബോട്ടും കിടക്കുന്നത്. ദേശീയപാതയിൽ നിന്ന് ഡ്രൈവ് ഇൻ ബീച്ചിലേക്ക് എത്താൻ നാലു റോഡുകളുണ്ട്. എന്നാൽ റോഡുകളുടെ ഇരുവശങ്ങളും കാടുപിടിച്ച് കിടക്കുന്ന അവസ്ഥയിലാണ്. അപകടഭീതിയില്ലാതെയുള്ള സന്ദർശന സാഹചര്യം ബീച്ചിൽ ഒരുക്കണമെന്ന ആവശ്യം നാട്ടുകാർ ഉയർത്താൻ തുടങ്ങിയിട്ടു കാലങ്ങളായെങ്കിലും നടപടിയൊന്നുമുണ്ടായിട്ടില്ല.
