എന്തിന് വിളിക്കുന്നു? അപരിചിതരോട് വാട്സാപ്പ് ചോദിക്കും; പുതിയ കോൾ ഫിൽറ്ററിങ് ഫീച്ചർ വരുന്നു
ജനപ്രിയ മെസേജിങ് ആപ്പായ വാട്സാപ്പ് ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി പുതിയ കോൾ ഫിൽറ്ററിങ് ഫീച്ചർ പരീക്ഷിക്കുന്നു. നിലവിലുള്ള ‘സൈലൻസ് അൺനോൺ കോളേഴ്സ്’ എന്ന ഫീച്ചർ മെച്ചപ്പെടുത്തിയാണ് പുതിയ ഫീച്ചർ ഒരുക്കുന്നത്. ഇതുവഴി അപരിചിതമായ നമ്പറുകളിൽനിന്നുള്ള കോളുകൾ കൂടുതൽ കാര്യക്ഷമമായി കൈകാര്യം ചെയ്യാനും അനാവശ്യമായവ ഒഴിവാക്കാനും സാധിക്കും.
വാട്സാപ്പിന്റെ ആൻഡ്രോയിഡ് ബീറ്റ 2.26.41.4 പതിപ്പിലാണ് ഈ പുതിയ ഫീച്ചർ കണ്ടെത്തിയതെന്ന് വാട്സാപ്പ് ഫീച്ചർ ട്രാക്കർ വെബ്സൈറ്റായ വാബീറ്റാ ഇൻഫോ റിപ്പോർട്ടിൽ പറയുന്നു. നിലവിൽ ഇത് പരീക്ഷണഘട്ടത്തിലാണ്.
പ്രവർത്തനരീതി:
വാട്ട്സ്ആപ്പിന്റെ പ്രൈവസി സെറ്റിംഗ്സിലെ കോൾ ഫിൽറ്ററിങ് ഫീച്ചറിൽ മൂന്ന് ഓപ്ഷനുകൾ ഉണ്ടാകും:
- ഒരിക്കലും വേണ്ട (Never): എല്ലാ കോളുകളും സാധാരണപോലെ വരും.
- അപരിചിതമായ കോളുകൾ നിശബ്ദമാക്കുക (Silence Unknown Callers): അപരിചിതരിൽനിന്നുള്ള കോളുകൾ ഓട്ടോമാറ്റിക്കായി സൈലന്റ് ആകും, എന്നാൽ അവ കോൾ ടാബിൽ കാണാൻ സാധിക്കും.
- കോൾ സ്ക്രീനിംഗ്: ഇത് ഏറ്റവും പ്രധാനപ്പെട്ട ഓപ്ഷനാണ്. അപരിചിതമായ നമ്പറിൽനിന്ന് കോൾ വരുമ്പോൾ, വിളിക്കുന്ന വ്യക്തിയോട് എന്തിനാണ് വിളിക്കുന്നതെന്ന് വാട്ട്സ്ആപ്പ് ചോദിക്കുകയും മറുപടി ഒരു ടെക്സ്റ്റ് രൂപത്തിൽ (transcript) നൽകുകയും ചെയ്യും. ഇത് വായിച്ച് നോക്കിയ ശേഷം മാത്രം കോൾ എടുക്കണോ എന്ന് ഉപയോക്താവിന് തീരുമാനിക്കാം.
കോളർ പറയുന്ന മറുപടി ട്രാൻസ്ക്രിപ്റ്റ് ചെയ്യുന്നത് ഫോണിൽ തന്നെയായിരിക്കും (on-device processing). അതുകൊണ്ട് തന്നെ വിവരങ്ങൾ വാട്ട്സ്ആപ്പിന്റെ സെർവറുകളിലേക്ക് അയക്കില്ല. ഇത് ഉപയോക്താവിന്റെ സ്വകാര്യത ഉറപ്പാക്കുന്നു.
നിലവിൽ പരീക്ഷണഘട്ടത്തിലിരിക്കുന്ന ഈ ഫീച്ചർ എപ്പോഴാണ് പൊജുജനങ്ങൾക്ക് ലഭ്യമാകുകയെന്ന് വ്യക്തമല്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ആദ്യം തിരഞ്ഞെടുത്ത ബീറ്റ ടെസ്റ്റർമാർക്ക് മാത്രമായി ഇത് ലഭ്യമാക്കിയതിന് ശേഷമായിരിക്കും പൊതുവായി അവതരിപ്പിക്കുക.
