ആരോപണങ്ങളിൽ പിന്നോട്ടില്ല, ‘അമ്മ’യിലെ ചിലർ ശരിയായല്ല മുന്നോട്ടുപോവുന്നത്- അൻസിബ ഹസൻ

Share our post

കൊച്ചി: താരസംഘടന ‘അമ്മ’ നേതൃത്വവുമായി ബന്ധപ്പെട്ട് ഉന്നയിച്ച പരാതികളിൽനിന്ന് പിന്നോട്ടില്ലെന്ന് നടിയും മുൻ ജോയിന്റ് സെക്രട്ടറിയുമായ അൻസിബ ഹസൻ. പരാതിയിൽ ഉറച്ചുനിൽക്കുന്നുവെന്ന് നടി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. സംഘടനയിലെ ചില വ്യക്തികൾ ശരിയായല്ല മുന്നോട്ടുപോവുന്നത്. ഭാരവാഹികൾക്ക് സംഘടനാ പാടവവും കരുണയും കേൾക്കാനുള്ള മനസും വേണമെന്നും നടി അഭിപ്രായപ്പെട്ടു.

‘വിശദീകരണം ചോദിച്ചുള്ള നോട്ടീസിന് മറുപടി നൽകി. തുടർനടപടികൾ ഒന്നുമുണ്ടായില്ല’, ചോദ്യത്തിന് ഉത്തരമായി നടി പറഞ്ഞു. വിശദീകരണം ചോദിച്ചതിൽ വിവേചനമുണ്ടോയെന്ന ചോദ്യത്തോട്, ‘കാണുന്ന ആളുകൾക്ക് എന്താണ് നടക്കുന്നത് എന്ന് മനസിലാവുന്നുണ്ട്’, എന്നായിരുന്നു അൻസിബയുടെ മറുപടി.

‘സത്യം തെളിയണം. എന്റെ മാത്രം പ്രശ്‌നമായല്ല കാണുന്നത്. വലിയ സമൂഹത്തിലാണ് ജീവിക്കുന്നത്. നന്മയുള്ളയിടമാണ് നമ്മുടേത്. സന്തോഷത്തോടെ ജീവിക്കാൻ പറ്റിയ സ്ഥലമാണ് കേരളം. ആ സന്തോഷത്തോടെ എല്ലാവർക്കും ജീവിക്കാൻ പറ്റണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. സംഘടനയിലെ ചില വ്യക്തികൾ ശരിയായല്ല മുന്നോട്ടുപോവുന്നത്. സമൂഹം ശരിയായ രീതിയിലാണ് പ്രതികരിച്ചത്. അതിൽ സന്തോഷമുണ്ട്. മലയാളികൾക്ക് കാര്യം മനസിലായി, ന്യായത്തിന് കൂടെ നിൽക്കുന്നതിൽ സന്തോഷം’, അവർ വ്യക്തമാക്കി.

‘ഭാരവാഹികൾക്ക് സംഘടനാ പാടവം വേണം. കരുണയും കേൾക്കാനുള്ള മനസും വേണം. സംഘടനയെ നയിക്കുന്നവർ ന്യായത്തിനൊപ്പം നിൽക്കാതിരിക്കുമ്പോൾ അരാജകത്വം ഉണ്ടാവുന്നു. ഉന്നയിച്ച പ്രശ്‌നങ്ങളിൽ ഉറച്ചുനിൽക്കുന്നു. പരാതിയിൽ പിന്നോട്ടില്ല’, നടി കൂട്ടിച്ചേർത്തു. 

ജോയിന്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് അൻസിബ രാജിവെച്ചതിന് പിന്നാലെയാണ് വിവാദങ്ങൾ പുറത്തായത്. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജിവെച്ചതെങ്കിലും പിന്നാലെ നടൻ ടിനി ടോമിനെതിരേ അൻസിബ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്. ടിനി ടോം തന്നെ ജിഹാദി എന്ന് വിളിച്ചെന്നും തനിക്ക് അവിഹിത ബന്ധമുണ്ടെന്ന് പ്രചരിപ്പിച്ചുവെന്നും നടി ആരോപിച്ചു. ‘അമ്മ’ കുടുംബസംഗമത്തിന്റെ സ്‌പോൺസർഷിപ്പുമായി ബന്ധപ്പെട്ട് ഭരണസമിതിയിലുണ്ടായ തർക്കങ്ങൾ പിന്നീട് പരസ്യമായി.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!