സഹകരണ ബാങ്കുകളിൽ 10 വർഷമായി ഉപയോഗിക്കാത്ത അക്കൗണ്ടുകൾക്ക് എന്ത് സംഭവിക്കും?; പുതിയ തീരുമാനമെന്ത്?

Share our post

തിരുവനന്തപുരം : സഹകരണ സ്ഥാപനങ്ങളിൽ 10 വർഷമായി നിഷ്ക്രിയമായി കിടക്കുന്ന അക്കൗണ്ടുകളിലെ തുക സഹകരണ നിക്ഷേപ ഗാരന്റി ഫണ്ട് ബോർഡിനു കൈമാറും. റിസർവ് ബാങ്കിന്റെ രീതിയാണു സഹകരണ വകുപ്പും നടപ്പാക്കുന്നത്.

10 വർഷമായ നിഷ്ക്രിയ അക്കൗണ്ടുകൾ സഹകരണ സ്ഥാപനങ്ങൾ കണ്ടെത്തണം. ഇതിലെ തുക 3 മാസത്തിനകം ബോർഡിനു നൽകണമെന്നാണു നിർദേശം. ഇങ്ങനെ ഫണ്ട് കൈമാറിയ ശേഷം അക്കൗണ്ട് ഉടമയോ അവകാശിയോ തുകയ്ക്കുവേണ്ടി എത്താം. അത്തരം സാഹചര്യത്തിൽ സഹകരണ സ്ഥാപനം തുക നൽകണം. തുടർന്ന് അതു ബോർഡിൽനിന്നു സ്ഥാപനത്തിനു മടക്കിവാങ്ങാമെന്നും വ്യവസ്ഥയുണ്ട്.

സംഘങ്ങൾ തകർന്നാൽ നിക്ഷേപകർക്ക് നഷ്ടപരിഹാരമായി അഞ്ച് ലക്ഷം രൂപവരെ നൽകുന്നതിനാണു നിക്ഷേപ ഗാരന്റി ഫണ്ട് ബോർഡ് രൂപീകരിച്ചിരിക്കുന്നത്. ഈ ബോർഡിൽ എല്ലാ സംഘങ്ങളും അംഗങ്ങളാകണമെന്നാണു നിബന്ധന. മുൻപു സംഘങ്ങൾ മൊത്തം നിക്ഷേപത്തിന്റെ 0.02% ഗാരന്റിയായി അടയ്ക്കണമായിരുന്നു. ഇനി, നിലവിൽ അംഗങ്ങളായ സംഘങ്ങൾക്ക് ഓരോ വർഷവും അധികമായി ലഭിക്കുന്ന നിക്ഷേപത്തുകയുടെ 0.12% ആണു ഗാരന്റി തുക. പുതുതായി ബോർഡിൽ അംഗങ്ങളാകുന്ന സംഘങ്ങൾ മൊത്തം നിക്ഷേപത്തുകയുടെ 0.10% ആണു നൽകേണ്ടത്.

ബോർഡിന്റെ ഗാരന്റി സ്കീമിൽ തുക അടച്ചിട്ടുള്ള സംഘങ്ങളുടെ പട്ടിക പുറത്തുവിടാനാണു സഹകരണ വകുപ്പിന്റെ തീരുമാനം. ഇതിനെതിരെ വിമർശനം ഉയർന്നിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിൽ 46 സംഘങ്ങൾ മാത്രമേ ഇതുവരെ ഗാരന്റി സ്കീമിൽ ചേർന്നിട്ടുള്ളൂ. മിക്ക ജില്ലകളിലും ഒട്ടേറെ സ്ഥാപനങ്ങൾ ചേരാനുണ്ട്. സംഘങ്ങളുടെ സാമ്പത്തിക ശേഷിയെക്കാൾ മറ്റു പല പ്രശ്നങ്ങളുമാണ് ഗാരന്റി സ്കീമിൽ ചേരുന്നതിനു തടസ്സമായ നിൽക്കുന്നത്. അതെല്ലാം പരിഹരിച്ച് എല്ലാ സംഘങ്ങൾക്കും സ്കീമിൽ ‍ചേരാൻ സൗകര്യം ഒരുക്കണം.

അതിനു മുൻപ്, സ്കീമിൽ ചേരാത്ത സംഘങ്ങളുടെ പട്ടിക പുറത്തുവിട്ടാൽ അതു നോക്കി നിക്ഷേപകർ പണം പിൻവലിക്കും. ബോർഡിലെ സോഫ്റ്റ്‌വെയറിൽ തകരാർ ഉള്ളതിനാൽ സംഘങ്ങൾക്ക് ഗാരന്റി സ്കീമിൽ ചേരാനുള്ള കാലാവധി ഓഗസ്റ്റ് 31 വരെ ദീർഘിപ്പിച്ചിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!