പേരാവൂർ പഴയ ബസ് സ്റ്റാൻഡിൽ ബസ് കാത്തിരിപ്പ് കേന്ദ്രം സ്ഥാപിച്ചു
പേരാവൂർ: മഴയും വെയിലുമേറ്റ് ജനം ബസ് കാത്ത് നിൽക്കുന്ന പേരാവൂർ പഴയ ബസ് സ്റ്റാൻഡിൽ പഞ്ചായത്തധികൃതർ പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രം സ്ഥാപിച്ചു. പഴയ സ്റ്റാൻഡിലെ ഓപ്പൺ ഓഡിറ്റോറിയത്തിനരികിലാണ് യാത്രക്കാർക്ക് ഇരിപ്പിടമൊരുക്കിയുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം സ്ഥാപിച്ചത്. സ്റ്റാൻഡിനുള്ളിൽ ബസ് കാത്തിരിപ്പ് കേന്ദ്രമുണ്ടെങ്കിലും യാത്രക്കാർക്ക് ഉപയോഗപ്രദമായിരുന്നില്ല. പേരാവൂർ ടൗണിലെ പ്രധാന ബസ് സ്റ്റോപ്പുകളിലൊന്നും ബസ് കാത്തിരിപ്പ് കേന്ദ്രമില്ലെന്നത് കഴിഞ്ഞ ദിവസം വാർത്ത നല്കിയിരുന്നു.
വാർത്തയെത്തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ, വൈസ്.പ്രസിഡന്റ് കെ.എ.രജീഷ് , ടൗൺ വാർഡ് മെമ്പർ കെ.പി.അബ്ദുൾ റഷീദ് എന്നിവർ സ്ഥലം സന്ദർശിക്കുകയും അടിയന്തരമായി ബസ് കാത്തിരിപ്പ് കേന്ദ്രം സ്ഥാപിക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകുകയുമായിരുന്നു. ടൗണിലെ മറ്റിടങ്ങളിലും അനുയോജ്യമായ സ്ഥലങ്ങളിൽ ബസ് കാത്തിരിപ്പ് കേന്ദ്രം സ്ഥാപിക്കുന്നത് പരിഗണനയിലാണെന്ന് പ്രസിഡന്റ് പറഞ്ഞു.
