സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു വീണു സംഭവം അട്ടക്കുളങ്ങര ഗവ. ഹൈസ്കൂളിൽ
തിരുവനന്തപുരം: അദ്ധ്യയനവർഷം ആരംഭിച്ച ആദ്യദിനം തന്നെ സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണു. അട്ടക്കുളങ്ങര ഗവ. ഹൈസ്കൂളിലെ ഓഫീസ് മുറിയുടെ മേൽക്കൂരയാണ് തകർന്നു വീണത്. വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ഓട് മേഞ്ഞ എസ്എസ്എയുടെ ഓഫീസിന്റെ മേൽക്കൂരയാണ് ഒന്നടങ്കം താഴേക്ക് പതിച്ചത്.
അദ്ധ്യാപകരും ജീവനക്കാരും ഒരുപോലെ ഉപയോഗിച്ചിരുന്ന പ്രധാന മുറിയാണിത്. വൈകിട്ട് അഞ്ച് മണിയോടെ തന്നെ കുട്ടികളും അദ്ധ്യാപകരും മറ്റ് ജീവനക്കാരും സ്കൂളിൽ നിന്നും പുറത്തിറങ്ങിയിരുന്നതിനാലാണ് വലിയൊരു ദുരന്തം ഒഴിവായത്.
അപകടത്തെ തുടർന്ന് മുറിയിലുണ്ടായിരുന്ന ഫയലുകളും കമ്പ്യൂട്ടറുകളും സമീപത്തെ മുറിയിലേക്ക് മാറ്റി. വിവരമറിഞ്ഞ് പൊലീസും അഗ്നിരക്ഷാസേനയും സ്കൂളിൽ എത്തിയിട്ടുണ്ട്. ആരുടെ ഭാഗത്തുനിന്നാണ് വീഴ്ചയുണ്ടായതെന്ന കാര്യത്തിൽ നിലവിൽ വ്യക്തത വന്നിട്ടില്ല. സംഭവത്തിൽ സ്കൂൾ കെട്ടിടങ്ങളുടെ സുരക്ഷിതത്വം സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി എം ഷംസുദ്ദീൻ റിപ്പോർട്ട് തേടിയിട്ടുണ്ട്.
