നവീൻ ബാബുവിന്റെ മരണം; ദിവ്യയുടെ കോൾ ഡീറ്റൈൽസ് പൂർണമായി ലഭിക്കില്ലെന്ന് പ്രോസിക്യൂട്ടർ കോടതിയിൽ
തലശ്ശേരി ∙ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പി.പി. ദിവ്യയുടെ കോൾ ഡീറ്റൈൽസ് പൂർണമായി ലഭിക്കില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടർ തലശ്ശേരി അഡീഷനൽ ജില്ലാ സെഷൻസ് കോടതിയെ അറിയിച്ചു. തുടർന്ന് കേസ് പരിഗണിക്കുന്നത് ഈ മാസം 27ലേക്ക് മാറ്റി.
കണ്ണൂർ എഡിഎം ആയിരുന്ന കെ. നവീൻബാബുവിന്റെ മരണത്തിൽ കോടതി നിർദേശത്തെത്തുടർന്ന് തുടരന്വേഷണം നടത്തിയ പ്രത്യേക അന്വേഷണ സംഘം, കേസിലെ പ്രതി മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ കോൾ ഡീറ്റൈൽസ് പൂർണമായി റിപ്പോർട്ടിനൊപ്പം കോടതിയിൽ സമർപ്പിച്ചിരുന്നില്ല. ദിവ്യ ഉപയോഗിച്ച 2 ഫോണുകളുടെയും 2024 ജനുവരി 16 മുതൽ നവംബർ 15 വരെയുള്ള കോൾ ഡീറ്റൈൽസ് ഹാജരാക്കാനാണ് കോടതി ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, ഒരു ഫോണിൽ 2024 മാർച്ച് 1 മുതലുള്ള കോൾ ഡീറ്റൈൽസും മറ്റൊരു ഫോണിൽ ഏപ്രിൽ 1 മുതലുള്ള കോൾ ഡീറ്റൈൽസുമാണ് കോടതിയിൽ ഹാജരാക്കിയത്. കോൾ ഡീറ്റൈൽസ് പൂർണമായും ലഭ്യമാക്കുന്നതിനെക്കുറിച്ച് കോടതി ആരാഞ്ഞു. പ്രോസിക്യൂഷൻ സമയം ചോദിച്ചതിനെത്തുടർന്നാണ് കേസ് ജൂൺ ഒന്നിലേക്ക് മാറ്റിയത്.
രണ്ട് വർഷക്കാലയളവിലുള്ള കോൾ ഡീറ്റൈൽസ് മാത്രമേ ലഭ്യമാവുകയുള്ളൂവെന്ന് ബിഎസ്എൻഎൽ കമ്പനി അധികൃതർ അറിയിച്ചതായി പബ്ലിക് പ്രോസിക്യൂട്ടർ കെ. അജിത്കുമാർ ഇന്ന് കോടതിയിൽ പറഞ്ഞു. പൂർണമായ കോൾ ഡീറ്റൈൽസ് തങ്ങളുടെ വാദം തെളിയിക്കുന്നതിന് പ്രധാനമാണെന്ന് പ്രതിഭാഗം അഭിഭാഷകൻ കെ. വിശ്വനും പറഞ്ഞു. ഏതന്വേഷണവും നേരിടാൻ തയാറാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
പൊലീസ് അന്വേഷണത്തിലെ 13 വീഴ്ചകൾ ചൂണ്ടിക്കാട്ടിയായിരുന്നു നവീൻബാബുവിന്റെ ഭാര്യ മഞ്ജുഷ, അഡ്വ. പി.എം. സജിത മുഖേന തുടരന്വേഷണ ഹർജി സമർപ്പിച്ചത്. തുടരന്വേഷണം ആവശ്യമില്ലെന്ന പൊലീസിന്റെ വാദം തള്ളിയായിരുന്നു കോടതി ഉത്തരവ്.
2024 ഒക്ടോബർ 15നു പുലർച്ചെയാണ് നവീൻബാബുവിനെ പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പത്തനംതിട്ടയിലേക്കു സ്ഥലംമാറിപ്പോകുന്ന അദ്ദേഹത്തിന്റെ യാത്രയയപ്പു യോഗത്തിൽ, അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ക്ഷണിക്കപ്പെടാതെയെത്തി നടത്തിയ പരസ്യവിമർശനവും കുറ്റപ്പെടുത്തലുകളുമാണ് മരണത്തിലേക്ക് നയിച്ചതെന്നായിരുന്നു ആരോപണം.
