വീട്ടുകാർ കാണാതെ പുറത്തിറങ്ങി, രണ്ട് വയസ്സുകാരി തിരക്കേറിയ റോഡിലൂടെ നടന്നത് അരക്കിലോമീറ്റർ; രക്ഷകനായി സത്യൻ
പാനൂർ ∙ വീട്ടുകാർ കാണാതെ പുറത്തിറങ്ങിയ രണ്ട് വയസ്സുകാരി അരക്കിലോമീറ്റർ നടന്ന് റോഡിലെത്തി; തിരക്കേറിയ റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്ന കുട്ടിയെ പാചകവാതകവുമായെത്തിയ വാഹനത്തിന്റെ ഡ്രൈവർ കണ്ടത് രക്ഷയായി.
വാഹനംനിർത്തി കുഞ്ഞിനെ എടുത്ത ഡ്രൈവർ ചമ്പാട്ടെ കെ.പി.സത്യൻ അടുത്ത വീടുകളിലെല്ലാം ചോദിച്ചെങ്കിലും മാതാപിതാക്കളെ കണ്ടെത്താനായില്ല. വിവരമറിഞ്ഞെത്തിയ പാനൂർ പൊലീസും മാതാപിതാക്കളെ കണ്ടെത്താൻ ശ്രമിച്ചു പരാജയപ്പെട്ടുനിൽക്കുമ്പോഴാണ് കുഞ്ഞിനെത്തിരഞ്ഞ് കരഞ്ഞുകൊണ്ട് മാതാവും ബന്ധുക്കളുമെത്തുന്നത്.
തെരുവുനായ്ക്കളിൽനിന്നും വാഹനങ്ങളിൽനിന്നുമെല്ലാം അദ്ഭുതകരമായി രക്ഷപ്പെട്ട് കുഞ്ഞിനെ തിരികെക്കിട്ടിയതിന്റെ ആശ്വാസത്തിലാണ് മാതാപിതാക്കൾ. എസ്ഐമാരായ ആന്റണി ഡിക്രൂസ്, കെ.എം.സുജോയ് എന്നിവരുടെ സാന്നിധ്യത്തിൽ കുട്ടിയെ ബന്ധുക്കൾക്ക് കൈമാറി.
