സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്ക്കും ഉപാധികളോടെ ജാമ്യം
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാര്‍ട്ടി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവര്‍ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഡല്‍ഹിയിലെ മന്ദിര്‍ മാര്‍ഗ് സ്‌പെഷ്യല്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി പൂര്‍ത്തിയാക്കിയ പശ്ചാത്തലത്തിലാണ് ജാമ്യം അനുവദിച്ചത്. സൗരവ് ദാസിനെയും അശുതോഷ് റാങ്കയെയും സ്‌പെഷ്യല്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ സിജെപി നേതാക്കളുടെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടണമെന്ന് കോടതിയോട് ഡല്‍ഹി പൊലീസ് ആവശ്യപ്പെട്ടിരുന്നു. മൂന്ന് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡി വേണമെന്നാണ് ഡല്‍ഹി പൊലീസ് ആവശ്യപ്പെട്ടത്. അതേസയം ജാമ്യം ലഭിച്ച സിജെപി നേതാക്കള്‍ക്ക് നാളെയെ പുറത്തിറങ്ങാന്‍ കഴിയൂ. ഇന്ന് രാത്രി കൂടി ജയിലില്‍ തുടരും. തിഹാർ ജയിലിലെ മോചന നടപടികൾ 5 മണി വരെ മാത്രമായതിനലാണ് വൈകുന്നത്.
ജന്തര്‍ മന്തറില്‍ നിരോധനാജ്ഞ ലംഘിച്ച് അതിക്രമിച്ചു കയറുകയും മിന്നല്‍ പ്രതിഷേധം നടത്തുകയും ചെയ്ത കേസിലായിരുന്നു സിജെപി നേതാക്കളുടെ അറസ്റ്റ്. അഞ്ച് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡി അവസാനിച്ചിട്ടും സ്പെഷ്യല്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കോടതി വീണ്ടും രണ്ട് ദിവസത്തേയ്ക്ക് കൂടി കസ്റ്റഡി നീട്ടിയിരുന്നു.
അതിനിടെ സിജെപി വക്താക്കളുടെ ജാമ്യം നിഷേധിച്ചതിന് പിന്നാലെ കോക്രോച്ച് ജനതാ പാര്‍ട്ടി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടാണ് സിജെപി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. സൗരവിനെയും അശുതോഷിനെയും എത്രയും പെട്ടെന്ന് വിട്ടയക്കണമെന്നും സിജെപി വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയ പകപോക്കലിന്റെ പേരില്‍ അവരുടെ സ്വാതന്ത്ര്യം ബലിയര്‍പ്പിക്കാന്‍ കഴിയില്ലെന്നും സിജെപി ചൂണ്ടിക്കാട്ടിയിരുന്നു.
