‘പിണറായി വിജയൻ മുഖ്യമന്ത്രി’; നാക്കുപിഴച്ച് വി.ഡി സതീശൻ, പിന്നാലെ തിരുത്ത്
തിരുവനന്തപുരം: വാർത്താസമ്മേളനത്തിനിടെ നാക്കുപിഴച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ. നേമത്തെ വോട്ടുമായി ബന്ധപ്പെട്ട പരാമർശത്തിനിടെയായിരുന്നു വിഡി സതീശൻ, പിണറായി വിജയനെ മുഖ്യമന്ത്രി എന്ന് വിശേഷിപ്പിച്ചത്. ഉടനെ മുൻ മുഖ്യമന്ത്രി എന്ന് തിരുത്തുകയും ചെയ്തു.
കോൺഗ്രസിന്റെ വോട്ട് കുറഞ്ഞതുകൊണ്ടാണ് ജയിച്ചത് എന്നാണ് പിണറായി വിജയൻ പറഞ്ഞത്. എന്നാൽ, കോൺഗ്രസിനും എൽഡിഎഫിനും നേമത്ത് വോട്ട് കുറഞ്ഞുവെന്ന് മുഖ്യമന്ത്രിക്ക് ഞാൻ സഭയിൽ മറുപടി കൊടുത്തുവെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയല്ല, പ്രതിപക്ഷ നേതാവ് എന്ന് മാധ്യമപ്രവർത്തകർ ഇടപെട്ട് തിരുത്തി.
ചാത്തന്നൂരും കഴക്കൂട്ടത്തും ഞങ്ങളുടെ വോട്ട് കൂടി. സിപിഎമ്മിന്റെ വോട്ട് കുറഞ്ഞു. സിപിഎമ്മിന്റെ വലിയ നേതാക്കൾ മത്സരിച്ചയിടത്താണ് അവർക്ക് വോട്ട് കുറഞ്ഞത്. അതാണ് ബിജെപി-സിപിഎം ഡീൽ. മുതിർന്ന നേതാക്കൾ കൈവശംവെച്ചിരുന്ന സീറ്റ് വെള്ളിത്താലത്തിലാക്കി ബിജെപിക്ക് കൈമാറുകയായിരുന്നുവെന്നും വി.ഡി സതീശൻ ആരോപിച്ചു.
ധവളപത്രം ഉണ്ടാക്കാൻ എഐ ഉപയോഗിച്ചുവെന്ന ആരോപണത്തിനും മുഖ്യമന്ത്രി മറുപടി നൽകി. പത്ത് ദിവസങ്ങൾകൊണ്ട് 172 പേജുള്ള ധവളപത്രം ഇറക്കിയത് എങ്ങനെയാണെന്നൊക്കെയാണ് ചോദ്യം, അങ്ങനെ ഉണ്ടാക്കാനുള്ള കഴിവ് ഈ സർക്കാരിനുണ്ട്. എഐ ഉപയോഗിച്ചിട്ടില്ല. ഇനിയിപ്പോൾ എഐ ഉപയോഗിച്ചാൽത്തന്നെ എന്താണ് തെറ്റ്? ഇനി എഐ ഉപയോഗിക്കും, ഡാറ്റ അധിഷ്ഠിതമാക്കി പ്രവർത്തിക്കുന്ന ഭരണമാണ് വരാൻ പോകുന്നത്. അതിനുള്ള ആളുകളെ സർക്കാർ ചുമതലപ്പെടുത്തിക്കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.
