മരിക്കുന്നത് മക്കളാണ് !; സംസ്ഥാനത്ത് 10-25 പ്രായപരിധിയിലുള്ള 14പേർ ഒരുമാസം ജീവനൊടുക്കുന്നു

Share our post

കാസർകോട്: സംസ്ഥാനത്ത് 10-നും 25-നുമിടയിൽ പ്രായമുള്ളവരുടെ ആത്മഹത്യാനിരക്ക് അപകടകരമായ രീതിയിൽ കൂടുന്നു. പഠനസമ്മർദം മുതൽ ശിഥിലമായ ബന്ധങ്ങൾവരെ നീളുന്നു കാരണങ്ങളുടെ പട്ടിക. നീറ്റ് പരീക്ഷ റദ്ദാക്കിയതിനെത്തുടർന്നുള്ള ആശങ്ക കാരണവും സംസ്ഥാനത്ത് ആത്മഹത്യ നടന്നു.

2026 ജനുവരി മുതൽ ജൂൺവരെ ഈ പ്രായപരിധിയിൽ ആത്മഹത്യചെയ്തത് 86 പേരാണ്. 25-ലേറെ ആത്മഹത്യാശ്രമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതനുസരിച്ച് മാസം ശരാശരി 14 പേർ സ്വയം ജീവനൊടുക്കുകയും രണ്ടുപേർ അതിന്‌ ശ്രമിക്കുകയും ചെയ്യുന്നു. കാസർകോട് ജില്ലയിൽമാത്രം ഈ വർഷം മരിച്ചത് എട്ടുപേരാണ്. അനൗദ്യോഗിക കണക്കുകൾ ഇതിലേറെയാണ്. ആത്മഹത്യാ നിരക്കിലും ശ്രമങ്ങളിലും മുന്നിലുള്ളത് തെക്കൻ ജില്ലകളാണ്. തിരുവനന്തപുരത്ത് 10 പേർ ആത്മഹത്യചെയ്തു. മൂന്നുപേർ ആത്മഹത്യാശ്രമം നടത്തി.

പല മരണങ്ങളുടെയും കാരണങ്ങൾ പലപ്പോഴും അജ്ഞാതമാണ്. കുടുംബവുമായി മാനസികമായുള്ള അകലം മുതൽ ഒളിഞ്ഞും തെളിഞ്ഞും സമൂഹം അടിച്ചേൽപ്പിക്കുന്ന സമ്മർദംവരെ ഇതിന് കാരണമാകുന്നുണ്ടെന്ന് മാനസികാരോഗ്യ വിദഗ്ധർ പറയുന്നു. സമ്മർദം എങ്ങനെ കൈകാര്യം ചെയ്യണമെന്നതിൽ അവബോധമില്ലാത്തതും മുതിർന്നവരുമായി മാനസിക അടുപ്പം കുറയുന്നതും ഇതിന്‌ കാരണമാകുന്നു.

ദുർബലമായ പ്രണയബന്ധങ്ങൾ ഈ പ്രായപരിധിയിൽപ്പെടുന്നവരുടെ ആത്മഹത്യയുടെ പ്രധാന കാരണങ്ങളിലൊന്നാണെന്ന് ഇത്തരം മരണങ്ങൾ അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥർ പറയുന്നു. അവിശ്വാസവും ഭീഷണിയും മുതലെടുപ്പുകളും മുതൽ പഠനസമ്മർദംവരെ വിവിധ കാരണങ്ങൾ ഇതിനു പിന്നിലുണ്ടെന്നും പലപ്പോഴും അതൊരു നിമിഷത്തെ എടുത്തുചാട്ടമാണെന്നും അവർ ഒാർമിപ്പിക്കുന്നു. ആത്മഹത്യ ചെയ്യുന്ന കുട്ടികൾക്ക് ആരോഗ്യകരമായ സൗഹൃദങ്ങളോ കുടുംബബന്ധങ്ങളോ ഉണ്ടാകാറില്ല.

പറയാനറിയില്ല; കേൾക്കാനാളുമില്ല!

സമ്മർദങ്ങളെ എങ്ങനെ പറഞ്ഞു മനസ്സിലാക്കണമെന്ന് പലപ്പോഴും കുട്ടികൾക്കറിയില്ല. മാനസികാരോഗ്യം സംരക്ഷിക്കേണ്ടതിനെക്കുറിച്ച് കൃത്യമായ അവബോധവുമില്ല. അരക്ഷിതചിന്തകളെ മുതലെടുക്കുന്നവരുമേറെ. മുൻവിധിയില്ലാതെ ആരും കേൾക്കാനില്ലെന്ന ധാരണയാണ് പലപ്പോഴും ദുർബലമായ ബന്ധങ്ങളിലേക്കും പ്രശ്നങ്ങൾക്ക് ആത്മഹത്യയാണ് പരിഹാരമെന്ന തീരുമാനത്തിലേക്കും കുട്ടികളെ എത്തിക്കുന്നത്. മാനസികാരോഗ്യം സംരക്ഷിക്കാനുള്ള മാർഗങ്ങളെക്കുറിച്ച് കുട്ടികൾക്ക് സ്കൂൾതലം മുതൽ അവബോധം നൽകണം. വീടുകളിൽ ആരോഗ്യപരമായ അന്തരീക്ഷം സൃഷ്ടിക്കാൻ മാതാപിതാക്കളും ശ്രദ്ധിക്കണം. ആവശ്യമെങ്കിൽ കൗൺസലിങ്ങും തെറാപ്പിയുമടക്കമുള്ള മാർഗങ്ങൾ തേടാൻ വൈമുഖ്യം കാണിക്കരുത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. എന്തെങ്കിലും ബുദ്ധിമുട്ടുകളുണ്ടായാൽ ഉടൻ വിദഗ്ധോപദേശം തേടുക. ദിശ ഹെൽപ്പ്‍ലൈൻ നന്പർ: 1056, 04712 552056).


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!