വയനാട്ടിൽ അഞ്ച് കുട്ടികൾക്കുകൂടി ഷിഗെല്ല, രോഗബാധിതർ എട്ടായി; ലക്ഷണങ്ങൾ കണ്ടാൽ ചികിത്സ വൈകരുത്

Share our post

സുൽത്താൻ ബത്തേരി: വയനാട് ജില്ലയിൽ അഞ്ച് കുട്ടികൾക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഇതോടെ മൊത്തം ഷിഗെല്ല ബാധിതരുടെ എണ്ണം എട്ടായി. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള പെൺകുട്ടികൾക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. നിലവിൽ രോഗം സ്ഥിരീകരിച്ച എട്ട് കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തുന്നതിനായി ആരോഗ്യ വകുപ്പ് പൊതുജനാരോഗ്യ വിഭാഗം അഡിഷണൽ ഡയറക്ടർ ഡോ. കെ പി റീത്തയുടെ നേതൃത്വത്തിലുള്ള സംസ്ഥാനതല വിദഗ്ധ സംഘം കോളിയാടിയും പരിസരപ്രദേശവും സന്ദർശിച്ചു. രോഗവ്യാപനം തടയാനുള്ള നിർദ്ദേശങ്ങളും സംഘം നൽകി.

ആരോഗ്യ വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ രോഗ പ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങളും നേരിട്ടുള്ള ബോധവൽക്കരണ പ്രവർത്തനങ്ങളും പ്രദേശത്ത് ഊർജ്ജിതമായി നടന്നു വരികയാണ്. കുടിവെള്ള സ്രോതസ്സുകൾ ശുദ്ധീകരിക്കുന്നതിന് പ്രത്യേക ക്ലോറിനേഷൻ ഡ്രൈവ് നടക്കുന്നു. ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ള ജാഗ്രതാ നിർദ്ദേശങ്ങളും പ്രതിരോധ മാർഗ്ഗങ്ങളും പൊതുജനങ്ങൾ കർശനമായി പാലിക്കണമെന്നും വ്യക്തി, ഭക്ഷണ, പരിസര ശുചിത്വ കാര്യങ്ങളിൽ യാതൊരുവിധ വീഴ്ചയും വരുത്തരുതെന്നും ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം ) ഡോ. കെ.ടി. രേഖ അറിയിച്ചു. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടനടി അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ തേടണമെന്നും ഡി.എം.ഒ അറിയിച്ചു.

ലക്ഷണം

രക്തം കലർന്നതോ അല്ലാത്തതോ ആയ വയറിളക്കം, വയറുവേദന, പനി, ഛർദി, ക്ഷീണം എന്നിവയാണ് രോഗത്തിന്റെ ലക്ഷണങ്ങൾ.

പകരുന്നത് ഇങ്ങനെ

മലിനമായ ഭക്ഷണം, വെള്ളം, കൈവൃത്തിയായി കഴുകാതെ ഭക്ഷണം കഴിക്കുന്നത് എന്നിവയിലൂടെയാണ് പ്രധാനമായും രോഗം പകരുന്നത്.

പ്രതിരോധം മുഖ്യം

മറ്റേത് അസുഖംപോലെതന്നെ രോഗം വന്ന് ചികിത്സിക്കുന്നതിനു പകരം വരുന്നതിന് മുൻപ് പ്രതിരോധിക്കുന്നതാണ് ഷിഗല്ലയുടെ കാര്യത്തിലും നല്ലതെന്ന് ആരോഗ്യവകുപ്പ് പറയുന്നു. കടുത്ത വയറുവേദന, വയറിളക്കം, രക്തംകലർന്ന മലം, നീർജലീകരണ ലക്ഷണങ്ങൾ കണ്ടാൽ ഉടൻതന്നെ ചികിത്സതേടി ഷിഗല്ല ബാധയല്ലെന്ന് ഉറപ്പുവരുത്തണം.

ശുചിത്വം പ്രധാനം

വ്യക്തിശുചിത്വത്തിനാണ് ഇവിടെ പ്രാധാന്യം കൽപ്പിക്കുന്നത്. ഭക്ഷണം കഴിക്കുന്നതിന് മുൻപും ശൗചാലയം ഉപയോഗിച്ചശേഷവും കൈകൾ സോപ്പുപയോഗിച്ച് കഴുകണം. കുടിക്കാൻ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കുക. ഭക്ഷണം നന്നായി പാകംചെയ്ത് കഴിക്കുക. പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതിനും പാചകം ചെയ്യുന്നതിനും മുൻപ് നന്നായി കഴുകി വൃത്തിയാക്കുക. രോഗലക്ഷണമുള്ളവർ ഭക്ഷണം തയ്യാറാക്കുന്നത് ഒഴിവാക്കണം.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!