ശബരിമല സ്വർണക്കൊള്ള; നിർണായക ശാസ്ത്രീയ പരിശോധനാ ഫലം ഇന്ന് ഹൈക്കോടതിയിൽ

Share our post

കൊച്ചി: വിവാദമായ ശബരിമല സ്വർണക്കൊള്ള കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കും. കേസിലെ അന്തിമ അന്വേഷണ പുരോഗതി റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം (SIT) ഇന്ന് കോടതിയിൽ സമർപ്പിച്ചേക്കും. ജംഷഡ്പൂരിലെ ലാബിൽ നടത്തിയ സ്വർണപ്പാളികളുടെ ശാസ്ത്രീയ പരിശോധനാ ഫലത്തെക്കുറിച്ചുള്ള വിവരങ്ങൾ അന്വേഷണ സംഘം കോടതിയെ അറിയിക്കും.

നാലുമാസം മുൻപാണ് സാംപിളുകൾ പരിശോധനയ്ക്ക് അയച്ചത്. കേസന്വേഷണത്തിൽ ഈ പരിശോധനാഫലം നിർണായകമാകും. സ്വർണപ്പാളികൾ മാറ്റപ്പെട്ടിട്ടില്ലെന്നാണ് കണ്ടെത്തലെന്നാണ് സൂചന. സ്വർണപ്പാളികൾക്ക് മുകളിൽ പൂശിയ സ്വർണം മാത്രമാണ് തട്ടിയെടുത്തതെന്നുമാണ് എസ്.ഐ.ടിക്ക് ലഭിച്ച നിർണായക പരിശോധനാ ഫലം സൂചിപ്പിക്കുന്നത്. നഷ്ടപ്പെട്ട സ്വർണത്തിന്റെ ഏകദേശ അളവും പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.

പരിശോധനാഫലം ലഭിച്ച പശ്ചാത്തലത്തിൽ കുറ്റപത്രം ഉടൻ സമർപ്പിച്ചേക്കും. പരിശോധനാഫലം വൈകിയതോടെയാണ് കേസിൽ കുറ്റപത്രം വൈകിയത്. ഈ റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ ശബരിമലയിൽ നിന്ന് യഥാർഥത്തിൽ എത്രത്തോളം സ്വർണം നഷ്ടപ്പെട്ടുവെന്ന് കണ്ടെത്താൻ കഴിയൂ എന്ന് നേരത്തേ ഹൈക്കോടതി തന്നെ നിരീക്ഷിച്ചിരുന്നു. കേസിലെ കുറ്റപത്രം എന്ന് നൽകാനാകുമെന്നും എസ്ഐടി കോടതിയെ അറിയിക്കും.

2025-ൽ പി.എസ്. പ്രശാന്തിന്റെ നേതൃത്വത്തിലുള്ള ദേവസ്വം ഭരണസമിതിയുടെ കാലത്ത് നടത്തിയ സ്വർണം പൂശൽ ജോലിയിൽ എന്തെങ്കിലും ക്രമക്കേടുകൾ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാനും ഈ ശാസ്ത്രീയ ഫലം അത്യാവശ്യമാണ്. കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചതും തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് തിരിച്ചടിയുണ്ടാക്കിയതുമായ കേസാണ് ശബരിമല സ്വർണക്കൊള്ള.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!