കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് വഴിയിൽ വേണം ഇത്തിരി വെട്ടം

Share our post

പരിയാരം : കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്കുള്ള വഴിയിൽ രാത്രിയിൽ വെളിച്ചമില്ലാത്തത് ബുദ്ധിമുട്ടാകുന്നു. വൈകീട്ട് ആറര കഴിഞ്ഞാൽ സർവീസ് റോഡിൽനിന്ന് മെഡിക്കൽ കോളേജിന്റെ പ്രവേശന കവാടത്തിലേക്കുള്ള വഴിയിൽ ഇരുട്ടാണ്. അടിപ്പാതയിൽനിന്ന് കയറുന്ന ഭാഗത്തും ആളുകൾ ബസ് കയറാൻ നിൽക്കുന്നയിടത്തും ഇരുട്ട് തന്നെ.മെഡിക്കൽ കോളേജിലെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും സന്ദർശകരുമെല്ലാം ഇരുട്ടത്ത് ബസ് കാത്ത് നിൽക്കണം. പ്രവേശന കവാടത്തിൽനിന്ന് മെഡിക്കൽ കോളേജ് കാമ്പസിലേക്ക് കടന്നാൽ വലിയ തെരുവ് വിളക്കുണ്ട്. എന്നാൽ കവാടത്തിലെത്തുംവരെ വലിയ പ്രയാസമാണ്.2013-ൽ പ്രവേശനകവാടം നിർമിക്കുമ്പോൾ ഉണ്ടായിരുന്ന വെളിച്ചസംവിധാനത്തിന് അധികകാലം ആയുസ്സുണ്ടായില്ല. കേടായ ആർച്ച് ലൈറ്റുകൾ മാറ്റിയിട്ടുമില്ല. സമീപത്ത് വിളക്ക് കാലുകൾ സ്ഥാപിക്കാനുള്ള സൗകര്യം ഉണ്ട്.

മെഡിക്കൽ കോളേജ് കവാടത്തിന്റെ ഇറക്കത്തിൽ തന്നെയാണ് ബസുകൾ നിർത്തുന്നത്. ഈ ഭാഗത്ത് മതിയായ വെളിച്ചവും സിഗ്നൽ സംവിധാനങ്ങളും വേണമെന്നാണ് സമീപത്തെ കടക്കാരും ടാക്സി തൊഴിലാളികളും ആവശ്യപ്പെടുന്നത്. ഇരുട്ടിൽ ബസ് കാത്ത് നിൽക്കേണ്ടിവരുന്നത് വലിയ പ്രയാസമുണ്ടാക്കുന്നതായി ആസ്പത്രിയിലെത്തുന്ന രോഗികൾക്കും സന്ദർശകർക്കും പരാതിയുണ്ട്.

ട്രക്ക് ബേയുടെ നിർമാണം നടക്കുന്നതിനാൽ ഒരു സർവീസ് റോഡിലൂടെ മാത്രമാണ് താത്കാലികമായി ഗതാഗത സംവിധാനമുള്ളത്. അടിപ്പാതയിൽനിന്ന് വരുന്ന വാഹനങ്ങളും മെഡിക്കൽ കോളേജിലേക്ക് കയറിയിറങ്ങുന്ന വാഹനങ്ങളും തിരക്കുണ്ടാക്കുന്നുണ്ട്. അടിപ്പാത കടന്ന് മെഡിക്കൽ കോളേജിലെത്താൻ രോഗികളും കൂട്ടിരിപ്പുകാരും കഷ്ടപ്പെടുകയാണ്.

ഒരു ഭാഗത്തെ റോഡിന്റെ സിംഹഭാഗവും വാഹനങ്ങൾ കൈയേറിയനിലയിലാണ്. ട്രക്ക് ബേ നിർമാണം, ആറുവരിപ്പാതയുടെ നിർമാണം തുടങ്ങിയവ തകൃതിയായി നടക്കുന്നതിനിടയിൽ പൊതുജനം ഏറെ ബുദ്ധിമുട്ടിലാണ്. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് അനുബന്ധ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയ ഇടങ്ങളിലേക്ക് ദിവസേന ധാരാളം പേർ കടന്നുപോകുന്ന തിരക്കിട്ട സ്ഥലമാണിത്.

ആവശ്യമായ സൂചന ബോർഡുകളും സിഗ്നൽ സംവിധാനങ്ങളും ഒരുക്കണമെന്നും ഗതാഗതം സുഗമമാക്കണമെന്നുമുള്ള ആവശ്യം ശക്തമാണ്. മെഡിക്കൽ കോളേജ് ക്യാമ്പസിലെ ഉപയോഗശൂന്യമായ മഴവെള്ള സംഭരണി പ്രദേശം ബസ് സ്റ്റാൻഡാക്കി മാറ്റണമെന്നും നാട്ടുകാർ അഭിപ്രായപ്പെടുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!