ആനവണ്ടിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; തുടക്കം ഓർഡിനറി ബസുകളിൽ
തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്കായി പ്രഖ്യാപിച്ച സൗജന്യ യാത്രാ പദ്ധതിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. ആദ്യ 100 ദിനം പരീക്ഷണാടിസ്ഥാനത്തിൽ ഓർഡിനറി ബസുകളിലാണ് പദ്ധതി നടപ്പിലാക്കുക. അതിനുശേഷം മറ്റ് ബസുകളിലേക്കും നടപ്പാക്കും.
മുഖ്യമന്ത്രി വി.ഡി.സതീശനും ഗതാഗത മന്ത്രി സി.പി.ജോണും തമ്മിൽ നടത്തിയ ചർച്ചയിലാണ് ധാരണയായത്. അതേസമയം കെഎസ്ആർടിസിക്കുള്ള നഷ്ടം നികത്തുന്നത് പഠിക്കാൻ ധനകാര്യ സെക്രട്ടറിയെ ചുമതലപ്പെടുത്തി. ആദ്യ 100 ദിനം പദ്ധതിയെക്കുറിച്ച് പഠിക്കും പിന്നീട് രണ്ടാം ഘട്ടം നടപ്പാക്കും.
ഫാസ്റ്റ് പാസഞ്ചർ ഉൾപ്പെടെയുള്ള ഉയർന്ന ശ്രേണിയിലുള്ള ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്നത് വരുമാന നഷ്ടത്തിനു കാരണമാകുമെന്ന് കെഎസ്ആർടിസി വിദഗ്ധ സമിതി വിലയിരുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആദ്യം ഓർഡിനറി ബസുകളിൽ മാത്രം സൗജന്യ യാത്ര പരിമിതപ്പെടുത്താൻ തീരുമാനിച്ചത്.
സൗജന്യ യാത്ര അനുവദിക്കുന്നതോടെ ടിക്കറ്റ് വരുമാനത്തിലുണ്ടാകുന്ന നഷ്ടം പൂർണമായും സർക്കാർ ഏറ്റെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഓർഡിനറി ബസുകളിൽ മാത്രം പദ്ധതി നടപ്പാക്കുമ്പോൾ പ്രതിമാസം ഏകദേശം 57 കോടി രൂപയുടെ അധിക ബാധ്യതയാണ് കണക്കാക്കുന്നത്.
കെഎസ്ആർടിസിയെ കൂടുതൽ ജനകീയമാക്കുന്നതിനും സാധാരണക്കാരുടെ യാത്രാച്ചെലവ് കുറയ്ക്കുന്നതിനും ഈ നീക്കം വലിയ രീതിയിൽ സഹായിക്കുമെന്നാണ് വിലയിരുത്തൽ. പദ്ധതിയുമായി ബന്ധപ്പെട്ട ഔദ്യോഗിക വിജ്ഞാപനം ഉടൻ പുറത്തിറങ്ങും.
