കൂടരഞ്ഞി കൊലപാതകം; 40 വർഷത്തിന് ശേഷം നിര്‍ണായക വഴിത്തിരിവ്, കൊല്ലപ്പെട്ടത് കണ്ണൂർ സ്വദേശി മോഹനൻ

Share our post

കോഴിക്കോട്: കോഴിക്കോട് കൂടരഞ്ഞിയിൽ 40 വർഷം മുമ്പ് നടന്ന കൊലപാതകത്തിൽ നിർണായക വഴിത്തിരിവ്.1986-ൽ കൂടരഞ്ഞിയിൽ വെച്ച് കൊല്ലപ്പെട്ടത് കണ്ണൂർ ഇരിട്ടി സ്വദേശിയായ മോഹനൻ ആണെന്നാണ് തിരുവമ്പാടി പൊലീസിന്‍റെ അന്വേഷണത്തിൽ വ്യക്തമായത് .

നാല് പതിറ്റാണ്ട് കാലം രഹസ്യമായി സൂക്ഷിച്ച കൊലപാതകവിവരങ്ങൾ കഴിഞ്ഞ വർഷമാണ് പ്രതി മുഹമ്മദ് തന്നെ സ്റ്റേഷനിലെത്തി വെളിപ്പെടുത്തിയത്. പക്ഷേ,അന്ന് കൊല്ലപ്പെട്ടത് ആരാണെന്ന് കണ്ടെത്താനായിരുന്നില്ല.

വെളിപ്പെടുത്തലിൽ കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പൊലീസ് തയ്യാറാക്കിയിരുന്നു. പ്രതിയുമായുള്ള ചോദ്യം ചെയ്യലിൽ നിന്ന് ലഭിച്ച വിവരപ്രകാരമാണ് രേഖാചിത്രം തയ്യാറാക്കിയത്. രണ്ട് പേരെ കൊലപ്പെടുത്തി എന്നായിരുന്നു വേങ്ങര സ്വദേശി മുഹമ്മദാലിയുടെ വെളിപ്പെടുത്തലിൽ. തിരുവമ്പാടി പൊലീസാണ് രേഖാചിത്രം തയ്യാറാക്കിയത്.

1986, 1989 വർഷങ്ങളിലായി രണ്ടുപേരെ കൊലപ്പെടുത്തിയെന്നായിരുന്നു മുഹമ്മദാലിയുടെ വെളിപ്പെടുത്തൽ. കൂടരഞ്ഞി തൈപറമ്പിൽ പൈലിയുടെ മകനായ ആന്റണിയാണ് മുഹമ്മദലി ആയി മാറിയത്. 14-ാം വയസ്സിൽ കൂടരഞ്ഞി കരിങ്കുറ്റിയിൽ ഒരാളെ തോട്ടിലേക്ക് ചവിട്ടിയിട്ടു കൊന്നുവെന്നാണ് പൊലീസിൽ മുഹമ്മദലി നൽകിയ ഒരു മൊഴി.

1986 ഡിസംബറിലാണ് സംഭവമെന്ന് പറയുന്നു. ഡിസംബർ അഞ്ചിലെ പത്രത്തിൽ കൂടരഞ്ഞി മിഷൻ ആശുപത്രിക്ക് പിറകിലെ വയലിലെ തട്ടിൽ 20 വയസ് തോന്നിക്കുന്ന ആളുടെ മൃതദേഹം കണ്ടെത്തിയതായി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. 1989ൽ കോഴിക്കോട് വെള്ളയിൽ ബീച്ചിൽ ഒരാളുടെ സഹായത്തോടെ മറ്റൊരാളെ കൊന്നതായും മുഹമ്മദലി മൊഴി നൽകിയിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!