1,117 കെഎസ്ആർടിസി ബസുകൾ പൊളിക്കേണ്ടി വരുമോ? കേന്ദ്രനിർദേശം വീണ്ടും വന്നതോടെ ആശങ്ക
കറുകച്ചാൽ : കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ 15 വർഷം കഴിഞ്ഞ വാഹനങ്ങൾ പൊളിക്കണമെന്ന കേന്ദ്രനിർദേശം വീണ്ടും വന്നതോടെ കെഎസ്ആർടിസിയിൽ ആശങ്ക. കെഎസ്ആർടിസിയിൽ 15 വർഷത്തിലധികം പഴക്കമുള്ള 1,117 ബസുകൾക്കും വർക് ഷോപ്പ് വാൻ, ജീപ്പ്, ടാങ്കർ തുടങ്ങിയ അനുബന്ധ 153 വാഹനങ്ങൾക്കുമാണു കാലാവധി 2 വർഷത്തേക്കു നീട്ടിനൽകിയത്.
ഇവയുടെ കാലാവധി സെപ്റ്റംബർ 30ന് അവസാനിക്കും. മേയ് 31 വരെയുള്ള കണക്കു പ്രകാരം 2014 ബസുകളാണ് 15 വർഷ കാലാവധി കഴിഞ്ഞത്. കേന്ദ്രത്തിന്റെ വാഹനം പൊളിക്കൽ നയപ്രകാരം 15 വർഷം കഴിഞ്ഞ പൊതുമേഖല വാഹനങ്ങൾ നിരത്തിൽനിന്ന് നീക്കണമെന്ന് നിർദേശം വന്നെങ്കിലും പുതിയ ബസുകൾ വാങ്ങാനുള്ള സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്താണ് സംസ്ഥാന സർക്കാർ കാലാവധി നീട്ടിയത്.
15 വർഷം കഴിഞ്ഞ ബസിന്റെ ഷാസി, ബ്രേക്ക്, സസ്പെൻഷൻ എന്നിവയുടെ ബലം കുറയും എന്നതിനാലാണ് അവ മാറ്റാൻ കേന്ദ്രനിയമം അനുശാസിക്കുന്നത്. സ്വകാര്യ, പെതു ഗതാഗത ബസുകൾക്ക് 15 വർഷത്തിന് ശേഷം സർവീസ് നടത്തണമെങ്കിൽ ഓട്ടോമേറ്റഡ് ടെസ്റ്റിങ് സ്റ്റേഷനുകളിൽ നിന്നുള്ള ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്.
മറ്റുള്ള സംസ്ഥാനങ്ങളിൽ പൊതുഗതാഗത സംവിധാനത്തിൽ 15 വർഷം കഴിഞ്ഞ ബസുകൾ സർവീസ് നടത്തുന്നുണ്ടെന്നും കാലാവധി കഴിഞ്ഞ ബസുകളുടെ ഫിറ്റ്നസ് നടപടി പൂർത്തിയാക്കി വീണ്ടും ഓടാൻ കഴിയുമെന്നുമാണ് കെഎസ്ആർടിസി അധികൃതരുടെ പ്രതീക്ഷ.
