അടിയന്തര സ്റ്റേ ഇല്ല; മാസപ്പടിക്കേസിൽ ഇഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

Share our post

കൊച്ചി: മാസപ്പടിക്കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന അന്വേഷണത്തിന് സ്റ്റേ ഇല്ല. ഇഡി അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. കേസിൽ അടിയന്തരമായി ഇടപെടാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി, അന്വേഷണവുമായി ഇഡിക്ക് മുന്നോട്ട് പോകാമെന്നും ഉത്തരവിട്ടു. ഇതോടെ സിഎംആർഎൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നതുൾപ്പെടെയുള്ള തുടർനടപടികളിലേക്ക് വേഗത്തിൽ കടക്കാൻ അന്വേഷണ ഏജൻസിക്ക് വഴിയൊരുങ്ങിയിരിക്കുകയാണ്.

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇഡി നടത്തുന്ന അന്വേഷണങ്ങളും നൽകിയ സമൻസുകളും ചോദ്യം ചെയ്താണ് സിഎംആർഎൽ കോടതിയെ സമീപിച്ചത്. എഫ്ഐആർ പോലുമില്ലാതെയാണ് ഇഡി അന്വേഷണം ആരംഭിച്ചതെന്നും, അന്വേഷണം പൂർണമായും അധികാരപരിധിക്ക് പുറത്താണെന്നും നിയമവിരുദ്ധമാണെന്നുമാണ് സിഎംആർഎൽ അപ്പീലിൽ പ്രധാനമായും ഉന്നയിക്കുന്ന വാദം. അതിനാൽ കോടതിയുടെ അന്തിമ ഉത്തരവ് വരുന്നത് വരെ നിലവിലെ അന്വേഷണങ്ങളും തുടർനടപടികളും നിർത്തിവെക്കണമെന്നും ഹരജിയിൽ കമ്പനി ആവശ്യപ്പെട്ടിരുന്നു.

ഒന്നര വർഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവിലാണ് അന്വേഷണം തുടരാൻ ഇഡിക്ക് ഹൈക്കോടതി സിംഗിൾ ബെഞ്ചിൽ നിന്നും അനുകൂല ഉത്തരവ് ലഭിച്ചത്. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസങ്ങളിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതി ഉൾപ്പെടെ 12 ഇടങ്ങളിൽ ഇഡി റെയ്ഡ് നടത്തുകയും നിർണായക രേഖകൾ കണ്ടെടുക്കുകയും ചെയ്തിരുന്നു. ഈ രേഖകൾ ചൂണ്ടിക്കാട്ടിയാകും സിഎംആർഎൽ വാദങ്ങളെ ഹൈക്കോടതിയിൽ ഇഡി പ്രതിരോധിക്കുക. ആവശ്യമെങ്കിൽ ഈ രേഖകൾ മുദ്രവെച്ച കവറിൽ കോടതിയിൽ സമർപ്പിക്കാനും അന്വേഷണം മുന്നോട്ട് കൊണ്ടുപോകേണ്ടതിന്റെ ആവശ്യകത കോടതിയെ ബോധ്യപ്പെടുത്താനും ഇഡി തയ്യാറായേക്കും.

പിണറായി വിജയന്റെ മകൾ ടി. വീണയ്ക്കും ഈ കേസിലെ കോടതി നടപടികൾ നിർണായകമാണ്. നേരത്തെ ഈ കേസുമായി ബന്ധപ്പെട്ട് സിഎംആർഎൽ ഹൈക്കോടതി സിംഗിൾ ബെഞ്ചിനെ സമീപിച്ചിരുന്നെങ്കിലും അവിടെ നിന്നും തിരിച്ചടിയാണുണ്ടായത്. ഈ ഉത്തരവിനെതിരെയാണ് ജസ്റ്റിസുമാരായ രാജാ വിജയരാഘവൻ, കെ.വി ജയകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിലേക്ക് പുതിയ അപ്പീലുമായി സിഎംആർഎൽ എത്തിയത്. മാസപ്പടിക്കേസിന്റെ നാൾവഴികളിൽ തികച്ചും നിർണായകമായ ഒരു നിയമപോരാട്ടത്തിനാണ് ഹൈക്കോടതി ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!